2011, ഡിസംബർ 12, തിങ്കളാഴ്‌ച

ഉടഞ്ഞ ഓര്‍മകളില്‍...

കയ്യില്‍ കിട്ടിയാല്‍
വലിച്ചെറിഞ്ഞു
പൊട്ടിക്കാറുണ്ട്
ഇഷ്ടമില്ലാത്തതൊക്കെയും
പളുങ്ക് പാത്രങ്ങള്‍,
കുപ്പി വളകള്‍
കളി മണ്‍ പ്രതിമകള്‍
ഒടുവില്‍ കിട്ടിയത്
ഒരു ഹൃദയമായിരുന്നു...
ആദ്യമൊരു കൌതുകം
പിന്നെയൊരു ആസക്തി
ഒടുവില്‍ മടുത്തു
തുടങ്ങിയപ്പോള്‍
തനിയാവര്‍ത്തനം
വലിച്ചെറിഞ്ഞു
നുറുങ്ങി വീഴുന്നത്
കണ്ടു പൊട്ടിച്ചിരിച്ചു...
ഒടുവില്‍ ഭ്രാന്തനെ
പോലെ തിരിച്ചു
നടന്നപ്പോള്‍
അവളുടെ
ഊര്‍ന്നിറങ്ങിയ
ചോര തുള്ളികളില്‍
വഴുതി കാല്‍ തെന്നി
വീണു...
ഉടഞ്ഞു തുടങ്ങിയിരുന്നു
അവനിലെ  ഹൃദയവും
ആ വീഴ്ചയില്‍...



2011, നവംബർ 28, തിങ്കളാഴ്‌ച

ഞാന്‍ പെണ്ണ്...

ഇഷ്ടങ്ങളുടെ ഗതകാല
സ്മരണകളില്‍
പൊട്ടിത്തകര്‍ന്ന
മഞ്ചാടി കുരുക്കള്‍....
ഇനിയും ഒരു കുരുക്ഷേത്രത്തില്‍
ഗാന്ധാരി വിലാപമായ്
പടര്‍ന്നു കയറിയ
വള്ളി പരപ്പുകളില്‍
ഒളിച്ചൊരു മാന്‍ പേട
കണ്ണുകളായ്
കൌരവ സദസ്സില്‍
വലിച്ചിഴയ്ക്കപ്പെട്ട
ദ്രൌപദിയായ്....
വീണ്ടും ഉണരുന്നതൊരു
പെണ്‍ മനസ്സിന്‍
തിരണ്ട സ്വപ്‌നങ്ങള്‍...
ഞാന്‍ പെണ്ണെന്നു
പറയവേ
നിറഞ്ഞ സദസ്സിന്റെ
പരിഹാസച്ചിരികള്‍
തൃഷ്ണ നിറഞ്ഞ
കണ്ണുകളില്‍
നഗ്നയാക്കപ്പെടുന്ന
ചിന്തകള്‍....
വെറുമൊരു ശിലയായ്
പഴയോരഹല്യയായ്
മാറാന്‍ മനസ്സില്ലെനിക്ക്...
വീണ്ടും ഭൂമി
തന്‍ മാറു പിളര്‍ന്നു
പഴയൊരു ജനക
പുത്രിയായ്
യാത്രയാവില്ല ഞാന്‍...
ഞാന്‍ പെണ്ണ്
ചോരയും നീരും വേരോടും
ഹൃദയമുള്ളവള്‍
കണ്ണു നീരിന്റെ
ഉപ്പിനെ വെറുക്കുന്നവള്‍
ഇനിയെങ്കിലും
പ്രതികരിക്കട്ടെ ഞാന്‍...





2011, നവംബർ 26, ശനിയാഴ്‌ച

വിരഹം ...

പറയാതെ പറയാത്ത
വാക്കുകളില്‍ ഇന്നും
ഹൃദയം പിടയ്ക്കുന്ന
നോവു കേള്‍ക്കാം
തിരയാത്ത നോവിന്റെ
കീറിയ താളില്‍ ഞാന്‍
അറിയാതെ വച്ച
മയില്‍പ്പീലിയായ്...
വിടരാത്ത പുഷ്പ്പത്തിന്‍
നിറമാര്‍ന്ന നിനവില്‍ നീ
അറിയാതെ വീണ്ടും
കൊഴിഞ്ഞു പോകെ
പ്രണയമെന്നാരോ പറഞ്ഞു
നീ എങ്കിലും
പടിവാതില്‍ ചാരാതെ
കാത്തു നിന്നു...
ഇനിയും വരാത്ത നിന്‍
കാലൊച്ച തേടിയാ
വയല്‍ വരമ്പില്‍ മിഴി
നട്ടിരുന്നു...
നമ്മള്‍ തന്‍ നിഴലുകള്‍ ചുറ്റി
പിണഞ്ഞോരാ
തൊടിയിലൂടറിയാതെ
നിന്നെ തിരഞ്ഞു പോകെ
വെറുമൊരു വിസ്മൃതി
മാത്രമായ് നീയെന്നു
ഹൃദയത്തില്‍ വീണ്ടും
പറഞ്ഞീടവേ
അറിയില്ലെനിക്കു ഞാന്‍
ഇത്രമേല്‍ നിന്നെ
പ്രണയിചിരുന്നെന്റെ
കൂട്ടുകാരാ...
അരികില്‍ നിന്‍
ഓര്‍മ്മകള്‍ ഉണ്ടെങ്കിലും
നിന്റെ വിരഹം
വിഷാദം നിറച്ചിടുന്നു...
പിരിയില്ലൊരു നാളുമെങ്കിലും
സുഖമുള്ള നോവായി
നീ ഇതിന്നെങ്ങു പോയി...







2011, നവംബർ 4, വെള്ളിയാഴ്‌ച

വെറുപ്പ്‌...

എനിക്ക് വെറുപ്പാണ് 
എന്നെ സൃക്ഷ്ടിച്ച ദൈവത്തോട് 
എന്നെ പ്രസവിച്ച അമ്മയോട് 
എന്നെ വളര്‍ത്തിയ അച്ഛനോട് 
എന്നെ ലാളിച്ച ചേച്ചിയോട് 
എന്നെ സ്നേഹിച്ച അവനോട്
എല്ലാവരെയും വെറുക്കുമ്പോള്‍ 
ഞാന്‍ എന്നെ മാത്രം  സ്നേഹിക്കുന്നു..


യക്ഷി ...

കരിമ്പനകള്‍ നിഴലനക്കം 
മറന്ന നാട്ടു വഴിയിലൂടെ 
ചുണ്ട് മുറുക്കി ചുവപ്പിച്ചു 
ചുണ്ണാമ്പ് തേടി അവള്‍ വന്നു...
വെളുപ്പ്‌ നിറഞ്ഞ സാരി 
കണ്ടപ്പോള്‍ കാരണവര്‍ 
ചോദിച്ചു ഉജാല മുക്കിയില്ലേ
നിറം മങ്ങും 
കോലോത്ത് വന്നാല്‍ 
ഉജാല ഉണ്ട്...
ചോര തുള്ളികള്‍ ഇറ്റു
വീഴുന്ന ചുണ്ട് കണ്ടപ്പോള്‍ 
കാര്യസ്ഥന്‍ 
ലിപ്സ്ടിക് കുറച്ചു അധികാണ്‌
മുടി ഇങ്ങനെ മുട്ടോളം 
നീട്ടിയിടുന്നത് 
ഔട്ട്‌ ഓഫ് ഫാഷന്‍ 
കഴുത്തു വരെ വച്ച് 
മുറിച്ചോളൂ കുട്ട്യേ..
ഒന്നും മിണ്ടാതെ അവള്‍ നടന്നു 
പ്രതാപം നഷ്ടപ്പെട്ട 
പാവം യക്ഷി ....

2011, നവംബർ 1, ചൊവ്വാഴ്ച

ഭയം ...

ഉടഞ്ഞ കുപ്പി വള ചില്ലുകളില്‍ 
ഉടയാത്ത സ്വപ്‌നങ്ങള്‍ തേടി 
ഞാന്‍ അലഞ്ഞു...
വീണ്ടും ഓര്‍മകളുടെ 
മൊട്ടക്കുന്നിലെക്ക്...
വരുമെന്ന് പറഞ്ഞു പോയി 
വാക്ക് പാലിക്കാത്ത 
ഇന്നലെകള്‍ 
വരാതിരുന്നിട്ടും പരിഭവം 
പറയാതെ കാത്തിരുന്ന 
നാളെകള്‍ 
കരുതി വച്ച കിനാക്കളുടെ 
കുന്നിന്‍ ചെരിവുകളില്‍ 
 വീണ്ടും 
കുറുക്കന്മാര്‍ ഓരിയിടുന്നു...
നിശ്ശബ്ദത തേടി 
തട്ടിന്‍ പുറത്തെ കട്ടിലിനടിയില്‍ 
ഓടിയോളിക്കുംപോള്‍ 
ഇനിയും കാത്തിരിപ്പ് 
തുടരണോ എന്ന ശങ്ക...
കാറ്റാടിയും പമ്പരവും
തേടി നടക്കാന്‍ 
ഇനിയും ഒരു ഇന്നലെ 
ഇല്ലെനിക്ക്...
ജീവിക്കുന്ന ഇന്നിന്റെ 
താളങ്ങള്‍ വെറും 
അപസ്വരങ്ങളായ്
മാറവേ 
ഒരു കറിവേപ്പില പോലെ
വലിച്ചെറിയപ്പെടുന്നു
നാളെയുടെ പിന്നാമ്പുറങ്ങളിലേക്ക്
എങ്കിലും ജീവിച്ചു 
തീര്‍ക്കവെ ഇന്നും ഇന്നലെയും 
നാളെയും ചേര്‍ന്നെന്നെ 
ഭയപ്പെടുത്തുന്നു...
 ഓടിയൊളിക്കുന്നു ഞാന്‍
എന്നിലേക്ക്‌ തന്നെ 


2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

എന്റെ കണ്ണന്...

കൃഷ്ണ ഈ കടമ്പിന്‍ ചുവട്ടില്‍
വീണ്ടുമൊരു രാധികയായ് 
നിന്നെയും കാത്തിരിപ്പു ഞാന്‍ 
ഈ യമുന തന്‍ ഓളങ്ങളില്‍ 
നിന്‍ മുരളിക തന്‍ താളങ്ങളില്‍ 
ഒരു കൃഷ്ണ തുളസിയായ്
നിന്‍ പാദങ്ങളില്‍ വീണലിഞ്ഞു 
തീരാന്‍,ഇനിയും ഒരു വേണു 
ഗാനമായ് നിന്‍ ചുണ്ടില്‍ 
തേന്‍ ചൊരിയാന്‍
ഇനിയുമൊരു മീരയായ് 
നിനക്കായ്‌ പദം തീര്‍ക്കാന്‍ 
നിന്‍ പാദധൂളിയില്‍   
ഒരു രേണുവായ്‌  മാറി  
നിന്നില്‍  അടിഞ്ഞൊന്നു  
പൊട്ടിക്കരയുവാന്‍  
വീണ്ടുമൊരു വൃന്ദാവനം  
തേടി  അലയവേ  കൃഷ്ണ 
നീയെന്നെ  അറിയുമോ ?
ഇനിയും ഒരു മയില്‍പ്പീലി 
തന്‍ സാന്ത്വനമായെന്റെ 
ഹൃദയത്തില്‍ വീണ്ടും 
നിറഞൊഴുകീടുമോ ?



2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

കാ‍ന്താരി..

വേദനിപ്പിക്കാന്‍ വേദനകളെ
തേടി യാത്രയാവുമ്പോള്‍
പഴുക്കാന്‍ പഴങ്ങളെ
തിരയുമ്പോള്‍
നീറ്റലിന്റെ ചുവപ്പും പേറി
ഒരു കാ‍ന്താരി മുളക്
മുറ്റത്തു കിടക്കുന്നു...
പഴുത്തിരിക്കാം നീറുന്ന വേദനകള്‍
കടിച്ചമര്‍ത്തിയിരിക്കാം...
എങ്കിലും ഇവള്‍ കാ‍ന്താരി...
ഉടച്ചു കൂട്ടി എരിവു
പകര്‍ന്നു കഞ്ഞി കലത്തിനു
കൂട്ടായ് പോകാന്‍ വന്നതാവാം
അറിയാതെ മുറ്റത്താരോ
വലിച്ചെറിഞ്ഞതുമായിരിക്കാം
പച്ചയില്‍ നിന്നും പഴുത്തു
വിത്തായ് മാറാന്‍ കൊതിച്ചതാവാം
 ഈ കൊച്ചു കാ‍ന്താരി...
മുറ്റത്തെ മുളക് ചെടിയില്‍
പൂത്താംകീരികള്‍ കൊത്തി
വലിച്ചിട്ടതാവാം
അതുമല്ലെങ്കില്‍ സ്വയം
മുളക് ചെടിയെ മറന്നു
ഞെട്ടറ്റു വീണതാവാം
എടുത്തു കൈവെള്ളയില്‍
വച്ചപ്പോള്‍ ചിരിക്കാതെ
പരുഷമായ് നോക്കിയെന്നെ...
.കാരണം അവളൊരു കാ‍ന്താരി..
എരിവു പകര്‍ന്ന ഓര്‍മകള്‍ക്കുടമ
വലിച്ചെറിഞ്ഞു ഞാന്‍
എന്‍ വഴി തേടി പോകവേ
സ്വയം തപിച്ചിരിക്കാം...
അല്ലെങ്കില്‍ പൊട്ടിക്കരഞ്ഞിരിക്കാം
വിലപിച്ചിരിക്കാം
എന്‍ കൊച്ചു കാ‍ന്താരി...
തിരിഞ്ഞു നോക്കാതെ നടന്നു
പോയ്‌ ഞാന്‍
തിരികെ വരുമെന്നൊരു
വാക്ക് പോലും നല്കിടാതെ...
കാരണം അവളൊരു കൊച്ചു  കാ‍ന്താരി...






2011, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

നഷ്ടങ്ങള്‍

ചിറകു നഷ്ടപ്പെട്ട പൂമ്പാറ്റ 
വെറും പാറ്റയായ് മാറുമ്പോള്‍,
ഋതു ഭേദങ്ങളില്‍ നഷ്ടപ്പെട്ടതിനെ 
കുറിച്ചോര്‍ത്തു വിലപിക്കുമോ...?
കൊഴിഞ്ഞു പോയ ശിശിരത്തിന്റെ 
മാവിന്‍ ചുവട്ടില്‍ ഒരു
കരിയിലയായ് വീണ്ടും 
ഒടുങ്ങി തീര്‍ക്കേ 
നഷ്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ 
കൂട്ടിക്കിഴിച്ചു കിട്ടിയത് 
വലിയൊരു വട്ടപൂജ്യം മാത്രം !
നഷ്ടപ്പെടാന്‍ ഒന്നുമില്ലെങ്കിലും 
നഷ്ടപ്പെടുന്നു എന്തൊക്കെയോ...
ചെയ്തു പോയ പാപങ്ങളുടെ 
പാഴ്ഭാണ്ടത്തില്‍ അഴുകി 
നാറുന്ന ജീവിത ഗന്ധം 
സ്മരിക്കാന്‍ സ്മൃതികള്‍ 
ഇല്ലെങ്കിലും സൂക്ഷിക്കാന്‍ 
എണ്ണമറ്റ നിനവുകള്‍ ഇല്ലെങ്കിലും
കാത്തു വയ്ക്കുന്നു 
എന്തൊക്കെയോ ഇന്നും 
ചിലപ്പോള്‍ പ്രതീക്ഷകളുടെ
ഉടഞ്ഞു പോയ സ്ഫടിക 
പൊട്ടുകള്‍...
മറ്റു ചിലപ്പോള്‍ കൊഴിഞ്ഞ 
ചിറകിന്റെ നാഡീ മിടിപ്പുകള്‍...
എങ്കിലും ചില നിമിഷങ്ങളില്‍ 
സ്പന്ധനങ്ങളായ് നഷ്ടപെടലുകളെ 
മറക്കാന്‍ ശ്രമിക്കുന്ന 
നഷ്ട  ഹൃദയത്തിന്‍ വേദന...
ചങ്ക് പിളര്‍ത്ത് യാത്ര 
പറഞ്ഞ രോദനങ്ങള്‍...
എല്ലാ നഷ്ടങ്ങളും 
നഷ്ടങ്ങളായ് മാത്രം പരിണമിക്കെ 
ഇനിയും എന്തൊക്കെയോ 
നഷ്ടപ്പെടാന്‍ ജീവിതം 
ബാക്കിയാവുന്നു,,,




2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

തെറ്റ്..



അമ്മ പറഞ്ഞു
അടക്കവും ഒതുക്കവും
ഇല്ലാത്തവള്‍
അച്ഛന്‍ പറഞ്ഞു
നിക്ഷേധി,അഹങ്കാരി
ചേച്ചി പറഞ്ഞു
തന്റേടി,ധിക്കാരി
അവനും പറഞ്ഞു,
സ്നേഹം തിരിച്ചറിയാത്തവള്‍
ഞാന്‍ എന്നോട് തന്നെ
ചോദിച്ചു
പെണ്ണെ നീയാരാണ്‌..
ഉത്തരം എനിക്ക്
മാത്രം ന്യായങ്ങള്‍
നല്‍കുന്നവയായിരുന്നു...
ആര്‍ക്കും നല്‍കാന്‍
എനിക്കുത്തരങ്ങളില്ല...
ഞാന്‍ ഞാനായി
ജീവിക്കുന്നു...
എന്നിലെ തെറ്റും ശരിയും
എന്റെ മാത്രമാവുമ്പോള്‍
ഞാന്‍ മറ്റുള്ളവര്‍ക്ക്
മുന്നില്‍ വലിയൊരു
തെറ്റായി മാറുന്നു...
തിരുത്താന്‍ കഴിയാത്ത
വലിയൊരു തെറ്റ്...

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

യാത്രാമൊഴി....

മുറിവുകള്‍ മാത്രം
നല്‍കി ഈ ലോകം...
സത്യത്തെ മറന്നു 
മിഥ്യയെ തേടി..
വിടരാന്‍  കൊതിച്ചു 
മുളയിലെ നുള്ളി...
ചിരിക്കാന്‍ ശ്രമിച്ചു,
കരയിച്ചു എന്നും...
മഴയെ സ്നേഹിച്ചു
വെയിലിനെ നല്‍കി..
ഒഴുകാന്‍ നിനച്ചു
തടയണ കെട്ടി..
പൂക്കളെ തേടി
കല്ലുകള്‍ നല്‍കി..
പുലരിയെ തേടി
രാവിനെ തന്നു...
മുറിവേറ്റ പാടുകള്‍
മൂകയായ്‌ നോക്കി...
ഇനി വേണ്ടെനിക്കീ
ലോകവും
മിഴിനീരു പൊഴിയുമീ
ഏകാന്ത രാവും...
പോകട്ടെ ഞാനും
പരാതിയില്ലാതെ
എന്‍ മുറിവേറ്റ
ചിറകുമായ് യാത്രയാവട്ടെ...


.


2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

സമയമില്ലെനിക്കൊന്നിനും ..



നൊമ്പരങ്ങളുടെ പടവുകള്‍
കയറി ചെന്നെത്തിയത്
പഴയോരീ നാലുകെട്ടില്‍...
വരവേല്‍ക്കാന്‍
വാല് പൊട്ടിയ കിണ്ടിയില്‍
നിറഞ്ഞ മഴവെള്ളം
എടുത്ത് ശുദ്ധം വരുത്തി...
തുളസിത്തറയില്‍ എരിഞ്ഞു
തീര്‍ന്ന തിരികള്‍
ചെരാതിന്റെ കറുപ്പ്
കണ്ണാടിയില്‍ തിളങ്ങുമ്പോള്‍
അകത്തളങ്ങളില്‍
പ്രേതത്മാക്കളെ പോലെ
ഓര്‍മ്മകള്‍ അലട്ടുന്നു ...
വക്കു ഞളുങ്ങിയ
പിച്ചള പാത്രം
വടക്കിനി തിണ്ണയില്‍
കടന്നു പോയ യൌവനത്തിന്‍
സ്മൃതിയില്‍ മൂകയാവുന്നു ...
ഭാഗം വച്ചപ്പോള്‍
ആര്‍ക്കും വേണ്ടാതെ പോയ
അസ്ഥിപന്ജരങ്ങള്‍...
മുറ്റത്തെ മൂവാണ്ടന്
ഏട്ടന്‍ നല്‍കിയത്
എട്ടായിരം...
കാറ്റത്ത്‌ ഉടഞ്ഞു പോയ
കിളിക്കൂട് പോലെ
കളിച്ചു മറന്ന ബാല്യം ,മുറിച്ചു
മാറ്റിയ തടികള്‍ക്കൊപ്പം
പടിയിറങ്ങി കടന്നുപോയ്...!
ആദ്യമായ് നല്‍കിയ
ചുംബനത്തെ ഓര്‍ത്ത്
പടവുകളിറങ്ങിയപ്പോള്‍
പകുതി മണ്ണിട്ട്‌ തൂര്‍ത്ത
ആമ്പല്‍ക്കുളം എന്തോ
അവസാനമായി പറയാന്‍
കൊതിച്ച അവളുടെ
കണ്ണുകളെ പോലെ
ഉറ്റു നോക്കി...
പര ദേവതകളും
നാഗത്തനും ഉറങ്ങുന്ന
സര്‍പ്പക്കാവ് വെട്ടി
റിസോര്‍ട്ടിനു മോടി
കൂട്ടുമ്പോള്‍
ശാപങ്ങളെ കുറിച്ചോര്‍ക്കാന്‍
സമയമില്ലാതെ പോയ്‌...
ഒടുവിലീ ചിതലരിച്ച
പടിപ്പുരയില്‍
അവസ്സാനമായ്
തിരിഞ്ഞു നോക്കവേ
ആരൊക്കെയോ എന്നെ
പിന്തുടരുന്നുവോ ?
ഒരു കൊച്ചു വള
കിലുക്കമോ?
അതോ മറന്ന് പോയൊരാ
മാമ്പഴക്കാലമോ?
ഇനിയും ഓര്‍ക്ക വയ്യ
എന്‍ ഓര്‍മകളെ...
വിരല്‍ത്തുമ്പില്‍ തൂങ്ങി
നടന്നു പോയ ബാല്യത്തെ...
പ്രണയത്തില്‍ കുതിര്‍ന്ന
കൌമാരത്തെ..
ഒടുവില്‍ എല്ലാം മറന്ന്
പെയ്തു തീരാന്‍
കൊതിക്കുന്ന ഈ
യൌവനത്തെ...
സമയമില്ലെനിക്കൊന്നിനും
ഉണ്ടെങ്കിലും ഇല്ലെന്നു
നടിച്ചു പടിയിറങ്ങട്ടെ ഞാന്‍...!


2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

ചീവീടുകള്‍ ..


ഇരുട്ടിനെ പ്രണയിച്ച കൂട്ടുകാരീ...

നീ പുറത്തെ കുറ്റിക്കാട്ടില്‍

ആര്‍ക്കാനോ വേണ്ടി കരയുന്ന

ചീവീടുകളെ കണ്ടുവോ...?

നിശ്ശബ്ദതയുടെ നേര്‍രേഖയില്‍,

നീ വരച്ചിട്ട ശബ്ദത്തിന്റെ

ഓക്കാനം എച്ചിലായ്

ശേഷിക്കുംപോള്‍

മഴക്കാടുകളില്‍ വീണ്ടും

ആ വൃത്തികെട്ട ചീവീടുകള്‍

കരയുന്നു...

കാതു തുളച്ചു കാറ്റിന്റെ

വേഗത്തില്‍ പറന്നുയര്‍ന്ന

പടക്കൊപ്പുകളില്‍ അല്‍ഖ്വയ്ദയും

ഹുജിയും അരങ്ങു

തകര്‍ത്തപ്പോള്‍

നീ വീണ്ടും ഇരുട്ടിലേക്ക്

ഓടിയോളിച്ചുവോ...?

ഭൂഗര്‍ഭ അറകളില്‍ നിധിക്ക്

കാവലായ് മൂര്‍ച്ചയേറിയ

വാളുമായ് നില്‍ക്കവേ

മുറിവേറ്റ നിന്റെ മനസ്സിന്റെ

ഇടനാഴികളില്‍

വീണ്ടും ആ ചീവീടുകള്‍

കരയുന്നു...

ഇനിയുമൊരു കാര്‍ഗിലും

ഹിരോഷിമയുമില്ലാതെ

ഉറങ്ങാന്‍ ശ്രമിക്കവേ

കാതു തുളയ്ക്കുന്നതാ

രോദനം മാത്രം....

രക്തമൂറ്റി കുടിക്കുന്നു

കട വാവലുകള്‍,

ഇന്നുമീ അതിര്‍ വരമ്പുകളില്‍...

പ്രിയ കൂട്ടുകാരീ നീ

അന്ധകാരത്തെ പ്രണയിക്കുക...

കാരണം ഇത്

ഇരുട്ട് വാഴുന്ന ലോകം...

ഇവിടെ അനശ്വരത

അന്ധകാരത്തിന് മാത്രം...

നിലയ്ക്കാതെ കരയും

എന്നുമീ ചീവീടുകള്‍..

നിന്നവസാന ശ്വാസം

നിലയ്ക്കും വരെ...

.

2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

അപശ്ശകുനം..

നാല് കാലില്‍  മേല്‍ക്കൂര
താങ്ങുന്ന പല്ലി 
അറിയാതൊന്നു താഴേക്കു 
വീണാല്‍,
അടുത്ത വീട്ടിലെ കരിമ്പൂച്ച 
കുറുകെ ഒന്നോടിയാല്‍,
വീട്ടു വേലക്കാരി 
കാലത്തിറന്ഗുമ്പോള്‍  മുറ്റം 
തൂക്കുന്ന ചൂലെടുത്താല്‍ 
പിറു പിറുക്കുന്നെന്‍
മുതുക്കി മുത്തശ്ശി...
അപശ്ശകുനം അപശ്ശകുനം
സര്‍വത്ര അപശ്ശകുനം..
പുറത്തിറങ്ങുമ്പോള്‍ കണ്ടത് 
ചെത്തുകാരന്‍ രാമന്റെ 
ശവഘോഷ യാത്ര..
പുറം തിരിഞ്ഞു നില്‍ക്കുന്ന 
അമ്മിണി പയ്യിന്റെ ആസനം...
"നല്ല ലക്ഷണാ കുട്ട്യേ"
മുത്തശ്ശി മൊഴിഞ്ഞു...
വീണ്ടും വെറ്റില തുമ്പില്‍ 
ചുവക്കുന്ന മോണ
കാട്ടി വെളുക്കെ ചിരിക്കുമ്പോള്‍
മനസ്സില്‍ പറഞ്ഞു 
മുത്തശ്ശിക്ക് വട്ടുണ്ടോ...?





2011, സെപ്റ്റംബർ 24, ശനിയാഴ്‌ച

വൈധവ്യം...


എന്റെ വിഷാദങ്ങളെ തട്ടി മാറ്റി

കടന്നു പോയ പകലുകള്‍....

തുറന്നിട്ട ജനല്പ്പാളികളില്‍

ഊര്‍ന്നിറങ്ങുമീ കണ്ണ് നീര്‍ത്തുള്ളികള്‍..

മോഹഭംഗം വന്ന മനസ്സിന്റെ

ചപലതയില്‍ വീണ്ടും

തളിര്‍ക്കുന്ന മോഹങ്ങള്‍...

ഒരിക്കല്‍ കൂടി നിന്‍ നേര്‍ത്ത

സ്വരമൊന്നു കേള്‍ക്കാന്‍ ,

നിന്‍ മുഗ്ദ ആലിംഗനത്തിന്റെ

നിര്‍വൃതി തേടാന്‍ ,

നിന്‍ ചുംബനങ്ങളില്‍

ഇഴുകി ചേരാന്‍

നിന്റെ വേരുകളില്‍

ആഴ്ന്നിറങ്ങാന്‍,

വ്യര്‍ത്ഥം കൊതിക്കവേ

സ്വപ്നങ്ങളില്‍ നീ കോര്‍ത്ത

താലി ചരടില്‍

നിന്‍ തുടു വിരല്‍

ചാര്‍ത്തിയ കുങ്കുമത്തില്‍

ഇനിയും നിന്‍  ഓര്‍മകള്‍

ബാക്കി വച്ച പ്രണയത്തില്‍

വാചാലമാവാന്‍ ശ്രമിക്കുന്ന

മൌനം നിറഞ്ഞ

നിന്‍ വേര്‍പാടില്‍ ,

ഞാന്‍ നീ ആയിരുന്നെന്ന്‍

അറിയവേ,

വിദൂരതയില്‍ വീണ്ടും

വലിച്ചടയ്ക്കുന്നു ഞാനീ

ജനല്‍പ്പാളികള്‍

നിന്നോര്മകളുടെ യവനിക

ഇനിയെങ്കിലും

അലസമീ മോഹക്കാറ്റില്‍

പറക്കാതിരിക്കുവാനായ്...




ഭ്രാന്ത്..


സ്വസ്ഥത തേടി വന്നെത്തിയത് ,

ഒടുവിലീ കടത്തിണ്ണ തന്‍

പൊടി പിടിച്ച സിമന്റു ബെഞ്ചില്‍..

ഭ്രാന്തനെന്നു മുദ്ര കുത്തി

എറിഞ്ഞു തീര്‍ത്ത കല്ലുകള്‍

മുറിവേല്‍പ്പിച്ചത് എന്റെ

തൊലിപ്പുറം മാത്രം...

ഒരു പഴയ ഓട്ട മുക്കാലില്‍ നിന്നും

ഗാന്ധി തലയിലേക്ക്

ഓടുന്ന കാലത്തില്‍

ഓടാന്‍ മറന്നത്

ഞാന്‍ ചെയ്ത കുറ്റം...

ബാല്യം തുളുമ്പുന്ന

അവളെ കൊന്നു മരപ്പൊത്തില്‍

വയ്ക്കാന്‍ മറന്നതും .

എന്റെ തെറ്റ്..

തിരണ്ട ലോകത്തിന്റെ അടി

വേര് തേടി നടക്കാന്‍

തുടങ്ങിയതും

പിഴവ് മാത്രം..

ഓണ നിലാവില്‍

നുരയുന്ന വീഞ്ഞിനായ്

അലയാന്‍ മറന്നതും

തെറ്റ് തന്നെ...

ഒളി ക്യാമറകളില്‍

നഗ്നത തേടി അലയാതിരുന്നതും

ഭ്രാന്ത് തന്നെ..

ഒടുവില്‍ ഭ്രാന്തനെന്നു

വിരല്‍ ചൂണ്ടി

പരിഹസിച്ചപ്പോള്‍

പ്രതികരിക്കാത്തതും

എന്റെ കുറ്റം...

തെറ്റുകള്‍ക്കൊടുവില്‍

മരിച്ചു പോയ്‌ എന്‍ ശരി

ചിത്ത ഭ്രമത്തിന്റെ

ഉള്ത്തടത്തില്‍...




2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

പ്രാക്ക്...





കൊക്കി കുരച്ച് പുതപ്പിനടിയില്‍

ഉറങ്ങാന്‍ കിടക്കുമ്പോള്‍

മരുമകള്‍ പ്രാകി തുടങ്ങി....

നന്നങ്ങാടി വയ്ക്കാറായിട്ടും

ചാവാത്ത തള്ള...!

പഴുത്തു തുടങ്ങിയ മുറിവില്‍

പുഴുവരിച്ചപ്പോള്‍

നൊന്തു പെറ്റ മകനും

പറഞ്ഞു...

ഇനിയും മരിക്കാറായില്ലേ

അമ്മയ്ക്ക്...?

കുളിമുറിയില്‍ വെള്ളം

നിറയ്ക്കുമ്പോള്‍

വേലക്കാരി ശാന്ത

"ഇതിനെ കുളിപ്പിച്ച്

ന്റെ ജന്മം തീരും..."

രാമായണം എടുത്തു

പൊടി തട്ടിയപ്പോള്‍

വല കെട്ടിയ എട്ടുകാലിക്കും

കലി...!

ഓമനിച്ചൂട്ടിയ കൊച്ചുമോനും

അയിത്തം കല്‍പ്പിച്ചപ്പോള്‍

എനിക്കും തോന്നി തുടങ്ങി ...

തിമിരം മൂടിയ കണ്ണുകളില്‍

ചുക്കി ചുളിഞ്ഞ തൊലിയില്‍

പുകല മണക്കുന്ന വായില്‍

ഞാനും പറഞ്ഞു...

എന്റെയീ നശിച്ച ജന്മം...!

നേരത്തെ പോയ

ഭര്‍ത്താവ് മാത്രം

കുറ്റം പറയാതെ

ചുമരില്‍ ചിരി തൂകി...!

2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

വിശപ്പ്‌ ...





അരച്ചാണ്‍ വയറില്‍ ഒരു ആളിക്കത്തല്‍ ,

അയലത്തെ വീട്ടില്‍ തിളയ്ക്കുന്ന സാമ്പാര്‍...

നാഡികളില്‍ പടര്‍ന്ന് തലച്ചോറില്‍

എത്തുമ്പോള്‍ അസ്സഹനീയം ..

എല്ലിന്റെ നാണം മറയ്ക്കാന്‍

ഒട്ടിയ തോലിലും, ഉന്തിയ

കണ്ണിലും നിസ്സന്ഗത...!

മുറുക്കിയുടുത്ത മുണ്ടിനു കീഴില്‍

പിടയുന്ന നാഭി...

നീട്ടിയ കൈക്കു പകരം ലഭിച്ചത്

ശൂന്യമായ ഒരു നോട്ടം...

ഒടുവില്‍ മടിക്കുത്തഴിയുംപോള്‍

വിധേയത്വം !

നീളുന്ന നാണ്യങ്ങള്‍...

പഴിക്കേണ്ടത് ആരെ..?

വിശപ്പിനെയോ വിധിയെയോ?

അതോ അവസാനത്തെ വിധേയത്വത്തെയോ...?

2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

ഓര്‍മ്മ...





നിശബ്ദത !

ഞാന്‍ മരിച്ചിരിക്കുന്നു...

ആത്മാവ് ശരീരത്തില്‍ നിന്നും

അകലാന്‍ മടിച്ചു നില്‍ക്കവേ

വിതുമ്പിയ മനസ്സിന് കരയാന്‍

എനിക്ക് ഇപ്പോള്‍ കണ്ണുകളില്ല..

.ഉമ്മറക്കോലായില്‍ അടക്കി

പിടിച്ച തേങ്ങലുകള്‍ !

വെള്ള പുതച്ചു കിടത്തിയ

എന്റെ.ശരീരം

തലയ്ക്കല്‍ കത്തിയെരിയുന്ന

ചന്ദനത്തിരികള്‍,തേങ്ങ മുറികള്‍...

അന്യമായ പാഴ് വസ്തു പോലെ

എന്റെ ജഡം...

വിഷാദം...!

ഞാന്‍ ഞാനായിരുന്നു...

ഞാന്‍ മാത്രം...

അനുകമ്പകള്‍,ഗദ്ഗദങ്ങള്‍...

ആരൊക്കെയോ ചേര്‍ന്ന്

നഗ്നമാക്കുന്ന എന്റെ. ശരീരം...

ഒടുവില്‍ കറുത്ത ചരടില്‍

കോര്‍ത്ത അരഞ്ഞാണം

പോലും മുറിച്ചെടുക്കുമ്പോള്‍ 

അലഞ്ഞു തിരിഞ്ഞ എന്റെ

ആത്മാവ് ലജ്ജിച്ചിരുന്നോ ?

ദേഹം നഷ്ടപ്പെട്ട ദേഹി...

മണ്ണില്‍ അഴുകാന്‍, ഞാന്‍

വെളുപ്പിച്ചും മണപ്പിച്ചും

കാത്തു വച്ച ശരീരത്തെ

നിര്‍ദ്ദയം അവര്‍ യാത്രയാക്കി...

സുഗന്ധ ലേപനങ്ങളും

മഞ്ഞളും തേച്ചു ഞാന്‍

വെളുപ്പിച്ച മുഖത്ത്,

വെറും  മണ്‍തരികളില്‍ 

ഫേസ് പാക്ക് തീര്‍ത്തു...

ഒടുവില്‍ അഴുകാന്‍ തുടങ്ങിയ

അസ്തിത്വത്തിനു ഒരു പിടി

എള്ളില്‍ ബലി ദര്‍പ്പണം

നല്‍കി മടങ്ങുമ്പോള്‍

എന്റെ ആത്മാവിനു നല്‍കിയ

നിത്യശാന്തിയില്‍ നിര്‍വൃതി !

പണ്ടെങ്ങോ ഞാന്‍ വെളുക്കെ

ചിരിച്ച ഒരു ഫോട്ടോയില്‍

ഒരു പ്ലാസ്റ്റിക്‌ മാലയും

പത്രതാളിന്റെ മൂലയിലെങ്ങോ 

ഒരു ചരമ കുറിപ്പും

നല്‍കി ഞാനും വെറും

ഓര്‍മയാകുന്നു...

2011, ഓഗസ്റ്റ് 31, ബുധനാഴ്‌ച

നിള...





നിള ഒഴുകുകയാണ്...കണ്ണുനീര്‍ കുതിര്‍ന്ന മണ്ണിലൂടെ...അവളുടെ ഒഴുക്കില്‍ താളമുണ്ട്...അവളുടെ ജീവിതത്തിന്റെ താളം...!ആ ഒഴുക്കിന് നഷ്ട ബോധമുണ്ട്...ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത പിന്നിട്ട വഴികള്‍...ആറ്റുവഞ്ചികള്‍ അവളെ തഴുകി...വാര്‍ധക്യം അവളുടെ ജരാനരകളില്‍ ഒളിച്ചു...മരണത്തിലേക്കുള്ള കാല്‍ വയ്പ്പിലാണ് അവള്‍...മണലെടുത്ത വൃണങ്ങളില്‍ വേദനയോടെ നോക്കി നിശ്ശബ്ദയായി അവള്‍ കരഞ്ഞു...

                   ഒരിക്കല്‍ അവള്‍ക്കുമുണ്ടായിരുന്നു ഒരു ബാല്യം...കുസൃതികള്‍ നിറഞ്ഞ കുത്തൊഴുക്കിന്റെ ബാല്യം...കാലം ആര്‍ക്കു വേണ്ടിയും കാത്തു നിന്നില്ല...മനസ്സിന്റെ ചാപല്യങ്ങളില്‍ നിന്നുമുള്ള മോചനം ...മദിചോഴുകി കരയ്ക്കിരുവശവും തഴുകിയ കൌമാര യൌവനങ്ങള്‍...ഒടുവില്‍ വറ്റി വരണ്ട് പുല്ത്തകിടികള്‍ക്ക് ഇരിപ്പിടമായി ചുളിവുകള്‍ ബാധിച്ച ശരീരം...വെറും നീര്‍ച്ചാലുകള്‍ മാത്രമായി നിള ഒഴുകുകയാണ് ... അവളുടെ മക്കള്‍ കുന്തിപ്പുഴയും തൂതപ്പുഴയും പോലും അവളിലേക്ക്‌ ഒഴുകിയെതാന്‍ മറന്നു പോയോ...? മരണത്തിലേക്ക് ,ഇനിയും ബാക്കിയായ ജീവിത സത്യങ്ങളുടെ യാതര്ത്യമെന്നോണം ഒരു പുനര്ജ്ജനിക്കായി കാതോര്‍ത്ത് അവള്‍ ഒഴുകുന്നു...സ്മരണകള്‍ക്ക് പോലും അവസരമുണ്ടാക്കാതെ ഒരു കടംകഥഎന്നോണം മൃത്യുവിന്റെ കാലൊച്ച കേട്ടു കൊണ്ട് ,അവസാന കണ്ണുനീരും ഈ മണ്ണിനു പകരാന്‍ വേണ്ടി....

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

വിത്ത് ...





വിത്ത് വേരുറപ്പിക്കാന്‍
ഇടമില്ലാതെ അലഞ്ഞു..
ഇലമുളച്ചി പറഞ്ഞു ,
എന്റെ ഗര്‍ഭ പാത്രം പണ്ടേ
വന്ധീകരണം ചെയ്തൊഴിച്ചു...
ഉറങ്ങാന്‍ ഒരു വിത്തിടം പോലും
എന്റെ തലമുറയ്ക്ക് നല്കാന്‍
എനിക്ക് കഴിഞ്ഞില്ല...
ഞെട്ടറ്റ ഇല ഗദ്ഗദമായി മൊഴിഞ്ഞു...
പച്ചയായിരുന്നിട്ടും പഴുക്കിലകള്‍ക്കൊപ്പം
മുരടിക്കാന്‍ എന്റെ വിധി...
പൂക്കാനും കായ്ക്കാനും
കഴിയാതെ ജീവസ്സുറ്റ മനസ്സ് മാത്രം...!
ഇത് ശാസ്ത്ര ഗതി...!
മാറ്റം അനിവാര്യം...!
വിത്തിന്റെ ഉള്ളില്‍ ഉറങ്ങാതെ
അവര്‍ ജനിക്കും !
പൂക്കാതെ കായ്ക്കാതെ
വെറും ബീജങ്ങള്‍!
ക്ലോനിന്ഗെന്നോ ടെസ്റ്റ്‌ ട്വുബെന്നോ
വിളിപ്പേര് നല്‍കും...!
ഒടുവില്‍ വേരുകള്‍ ആഴ്താന്‍
ഇടമില്ലാതെ അലയും...
ഇതാണ് നീതിശാസ്ത്രം...
പിറവിയുടെ പുതിയ
നീതി ശാസ്ത്രം...!
മാറ്റത്തിന്റെ ശാസ്ത്രം!

നശിച്ച പ്രഭാതം..!





"ശ്രീധരേട്ടന്റെ ചായക്കടയില്‍ ആരോ തൂങ്ങി മരിച്ചിരിക്കുന്നു...നമ്മടെ നാട്ടില്‍ ഇതാത്യായിട്ട ഈശ്വര...ഒക്കെ കഴിഞ്ഞ് അയാള്‍ടെ വയറ്റിപ്പിഴപ്പു മുട്ടിക്കാന്‍ അതിന് അവിടത്തന്നെ തൂങ്ങണായിരുന്നോ..കലികാലം ."...ആരാ ഭഗവാനെ ആകെ കിട്ടുന്ന ഈ ഞായറാഴ്ച കൂടി മനുക്ഷ്യനെ ഉറങ്ങാന്‍ സമ്മതിക്കാതെ പുറത്ത് ഒച്ചയിടുന്നത് എന്ന് പ്രാകി കൊണ്ടാണ് കട്ടിലില്‍ നിന്നും എഴുന്നേറ്റത്...ചെന്ന് നോക്കുമ്പോള്‍ പാല്‍ക്കാരി വത്സല ചേച്ചി ആണ്.."എന്താ അമ്മെ കാര്യം..."ഉറക്ക ചുവടോടെ ഞാന്‍ കണ്ണുകള്‍ തിരുമ്മി അമ്മയോട് ചോദിച്ചു..."കുട്ടി ഇപ്പൊ എനീട്ടതെ ഉള്ളോ..? പെണ്‍കുട്ട്യോള് ഈ നേരം വരെയൊക്കെ കിടക്കാന്‍ പാട്വോ ?ഇങ്ങളെന്താ ടീച്ചറെ ഇതൊന്നും പറഞ്ഞു കൊടുക്കാറില്ലേ?"ഉറക്കം കളഞ്ഞ ദേക്ഷ്യത്തിനൊപ്പം രാവിലെ തന്നെ ഒരു ഉപദേശം കൂടി ഫ്രീ ആയിട്ട് കിട്ടിയപ്പോ ശരിക്കും ഭ്രാന്ത് വന്നു..."രാവിലെ തന്നെ ഇവരോടൊക്കെ പഞ്ചായത്തിനു നിക്കണ അമ്മയെ പറഞ്ഞ മതി.പെണ്‍കുട്ട്യോള് ഇത്തിരി നേരം ഒറന്ഗ്യ എന്താ ആകാശം ഇടിഞ്ഞു വീഴോ..?"മൌനം വിദ്വാന് ഭൂഷണം എന്ന് മനസ്സില്‍ വിചാരിച്ചു ഒന്നും പറയാതെ അവിടെ നിന്നും മെല്ലെ ഉമ്മറത്തേക്ക് തടി തപ്പി...അവിടെ അച്ഛന്‍ ദിന പത്രം മുഴുവന്‍ ഒറ്റ ഇരുപ്പില്‍ തിന്നു തീര്‍ക്കാനുള്ള ശ്രമത്തിലാണ്...അപ്പോഴേക്കും അമ്മ അച്ഛന് കയ്യില്‍ ഒരു കപ്പു കാപ്പിയും രാവിലെ കിട്ടിയ ആഗോള വാര്‍ത്തയുമായി എത്തി..."നിങ്ങളറിഞ്ഞോ ശ്രീധരേട്ടന്റെ ചായക്കടയില്‍ ആരോ ഇന്നലെ രാത്രി തൂങ്ങി മരിച്ചത്രെ...പാവം ആ മനുക്ഷ്യന്‍ ഇന്യെങ്ങനെ കഴിയും...ആകെ ഉണ്ടായിരുന്ന ഒരു വരുമാനോം മുട്ടി...നിലത്തീന്നു ആകെ ഇത്തിരി ഉയരത്തിലാത്രേ..ഓരോരുത്തര്‍ക്ക് കഷ്ടകാലം വരുന്ന വഴിയെ..."
           ബസ്‌ സ്ടോപ്പിന്റെ അടുത്താണ് ശ്രീധരേട്ടന്റെ കട..ഒറ്റ മുറിച്ചുവരില്‍ പുറത്തേക്കു രണ്ടു ബെഞ്ചുകളും രണ്ടു പഴക്കുലയും എപ്പോഴും ഉണ്ടാവും...നാട്ടിലെ പ്രധാന വട്ട മേശ സമ്മേളനങ്ങളെല്ലാം നടക്കുന്നത് ആ രണ്ടു

ബെഞ്ചുകളിലാണ്...ഞങ്ങളുടെ നാട്ടില്‍ ആദ്യമായിട്ടാണ് ഒരു തൂങ്ങി മരണം നടക്കുന്നത്...അമ്മയുടെ വിവരണം കേട്ടപ്പോള്‍ എനിക്കും തോന്നി അവിടെ എന്തോ അദ്ഭുത സംഭവം നടന്നിരിക്കുന്നു എന്ന്..

"പെണ്‍കുട്ടി ആയി പോയില്ലേ...ആവശ്യമില്ലാതെ പുറത്ത് ഇറങ്ങാന്‍ പാടില്ലല്ലോ..കഷ്ടകാലത്തിനു ഞായരാഴചേം...അല്ലെങ്കി ക്ലാസ്സെന്നു പറഞ്ഞു ബസ്‌ സ്റ്റോപ്പില്‍ പോവുമ്പോ ഇടം കണ്ണ് ഇട്ടെങ്കിലും നോക്കാമായിരുന്നു..എന്താ കാര്യംന്നു... ചോദിച്ചാലും സമ്മതിക്കില്ല..
     പണ്ട് ഒരു ദിവസം ആന പുറത്ത് ഒന്ന് കേറണം എന്ന് പറഞ്ഞതിന് കേട്ട ചീത്ത നിക്കല്ലേ അറിയൂ.അപ്പഴും പറയുന്നത് കേട്ട് പെന്കുട്ട്യോളായ അടക്കോം ഒതുക്കോം വേണംന്ന്....ആനയ്ക്കെന്താ പെണ്‍കുട്ട്യോള് കേറ്യ മാത്രം വേദനിക്ക്യോ...?"

           പത്രം അച്ഛന്റെ കയ്യില്‍ നിന്നും കിട്ടുന്ന ഒരു ലക്ഷണോം കാണാനില്ല..ചോദിച്ചാ അപ്പൊ കേള്‍ക്കും ..."പെണ്‍കുട്ട്യോള് രാവിലെ പത്രം വായിചോണ്ടിരിക്കാതെ വീട്ടില് വല്ലതും ചെയ്യണം..."ആന്കുട്ട്യോള്‍ക്കെന്താ രണ്ടു കാലു അധികമുണ്ടോ ഈശ്വര..അടുത്ത ജന്മത്തിലെങ്കിലും ഒരു ആണ്‍കുട്ടി ആവണേ കൃഷ്ണാ...എന്നിട്ട് വേണം ആന പുറത്തെങ്കിലും ഒന്ന് കേറാന്‍...!.മനസ്സില്‍ വിചാരിച്ചു ..അവിടെയും മൌനം..ഒന്നും മിണ്ടാതെ വീണ്ടും അകത്തേക്ക് നടന്നു..ആരോടൊക്കെയോ ദേക്ഷ്യം തോന്നി... നശിച്ച പ്രഭാതം..!

2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

വെറുതെ....





പ്രണയത്തെ എനിക്ക് വെറുപ്പാണ്...

ഇത്തിള്‍ കണ്ണി പോലെ മനസ്സില്‍ വേരൂന്നി,

ജീവരക്തം ഊറ്റിക്കുടിച്ച് വെറും

അവശിഷ്ടമായി,വലിച്ചെരിയപ്പെടുമ്പോള്‍,

ആരെയാണ് പഴിക്കേണ്ടത്...?

കരഞ്ഞു കലങ്ങി വിധിയെന്ന് പുലമ്പി ,

ഏതോ വിഷാദത്തിന്റെ നീര്‍ച്ചാലില്‍ നിന്നും

ഓര്‍മകള്‍ പടിയിറങ്ങുമ്പോള്‍

നിന്റെ നഷ്ടപെടലില്‍ സ്വയം

ഉരുകി ഒലിച്ച എന്നെ നീ കണ്ടില്ല...

എല്ലാം മറക്കാന്‍ ശ്രമിക്കുമ്പോഴും

നിന്നെ മറക്കെണ്ടത് എങ്ങനെയെന്നു

പറയാന്‍ നീ മറന്നു പോയി...!

ഒടുവില്‍ ഞാനും നീയുമെന്ന വലിയ

ലോകത്തില്‍ നിന്നും

ഞാന്‍ മാത്രമായി ഒതുങ്ങുമ്പോള്‍

നിന്റെ വേരുകള്‍ എന്റെ ആത്മാവില്‍

നിന്നും പറിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍,

നീ കണ്ടില്ല എന്റെ കരഞ്ഞു തളര്‍ന്ന

കണ്കളിലെ പൊടിഞ്ഞ ചോര തുള്ളികളെ...

വെറുക്കുന്നു ഞാനീ പ്രണയം നാമ്പിട്ട

എന്റെ മനസ്സിനെ...

വെറുക്കുന്നു ഞാനീ പ്രണയം സ്രിക്ഷ്ടിച്ച

ഓര്‍മകളെയും ....

വെറുക്കാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും

വിഫലം വെറുതെ വെറുക്കുന്നു...

വെറുതെ, വെറുതെ മാത്രം..!

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ജപ്തി..



         കൊയ്യാന്‍ മറന്ന വിള നിലങ്ങളില്‍,പടു മുള പൊട്ടിയ വിത്തുകളില്‍ ,ഇരുളടഞ്ഞ സ്വപ്നങ്ങളെ നോക്കി അയാള്‍ മൂകനായി...കരിഞ്ഞുണങ്ങുന്ന കതിരുകളില്‍ മഴ ചാറ്റലിന്റെ വരണ്ടു ഉണങ്ങിയ ചാലുകള്‍...ഇറയത്ത് തിരുകി വച്ച ജപ്തി നോട്ടിസ് എടുത്ത് പലവുരി വായിച്ചു...അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ മാത്രമേ പഠിച്ചിട്ടുള്ളൂ...

ഉണങ്ങിയ വാഴ തൈകളില്‍ നിന്നും ഒരു ഉണ്നിതണ്ട് മുറിച്ചെടുത്ത് അവള്‍ വന്നു..."കഞ്ഞിക്കു ഉപ്പേരിക്ക് വേറെ ഒന്നും ഇല്ല...കുട്ട്യോള്‍ക്ക് എന്തെങ്കിലും കൊടുക്കണ്ടേ...ഉണങ്ങാന്‍ തോടന്ഗ്യതോണ്ട് ഞാനിതിങ്ങു മുറിച്ചു...ഇനി അതിനു ന്നെ ചീത്ത പറയണ്ട "തന്റെ രൂക്ഷ നോട്ടത്തെ കണ്ടപ്പോള്‍ തന്നെ അവള്‍ ന്യായങ്ങള്‍ നിരത്താന്‍ തുടങ്ങി...അവള്‍ക്കറിയില്ല അവിടെ ഉണങ്ങുന്നത് തന്റെ ആയുസ്സിന്റെ അവസാന സ്വാസമാണ്...ജപ്തി നോട്ടിസിന്റെ കാര്യം വീട്ടിലാരെയും അറിയിച്ചിട്ടില്ല...അവരുടെ കണ്ണുനീര്‍ കാണാനുള്ള മന:ശക്തി

അയാള്‍ക്കുണ്ടായിരുന്നില്ല...അകലെ ചുവന്ന ആകാശം...ശൂന്യമായ വിദൂരതയിലേക്ക് കണ്ണുകള്‍ നട്ട് അയാള്‍ ഇരുന്നു...

"അച്ഛാ നാളെ കൂടി പുസ്തകത്തിനു പൈസ കൊടുത്തില്ലെങ്കി

ക്ലാസ്സീന്നു പൊറത്താക്കും എന്നാ ടീച്ചര്‍ പറഞ്ഞെ...അച്ഛനെന്താ ഒന്നും മിണ്ടാത്തെ...?"ചെറിയ മകളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അയാള്‍ നിര്‍വികാരനായി ..."രാഘവേട്ടന്റെ കടേല് പറ്റു കാശു കൊടുത്തില്ലെങ്കി നാളെ മുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെല്ലണ്ടാന്നു പറഞ്ഞു..."കഞ്ഞി വിളമ്പുമ്പോള്‍ അവള്‍ പറഞ്ഞു...മറുപടി ഒന്നും പറയാതെ അയാള്‍ കയ്യിലിരുന്ന പ്ലാവില തിരിച്ചു കൊണ്ടിരുന്നു...

"ഞാനിപ്പോ വരാം നീ വാതിലടച്ചു കിടന്നോ .."മക്കളുടെ നെറുകില്‍ അയാള്‍ പതിവില്ലാതെ ഒരു മുത്തം കൊടുക്കുന്നത് കണ്ട് അവള്‍ അദ്ഭുതപ്പെട്ടു..."ടോര്ചെടുക്കുന്നില്ലേ..."ആ വരമ്പിന്റെ പൊത്തില്‍ നിറയെ ഇഴ ജന്തുക്കള...""വേണ്ട നീ കിടന്നോ ...ഞാന്‍ അധിക ദൂരമൊന്നും പോണില്ല "തിരിഞ്ഞു നോക്കാതെ അയാള്‍ പറഞ്ഞു...ഉരുണ്ടു കൂടിയ കണ്ണ് നീര്‍ വറ്റി വരണ്ട അയാളുടെ വാക്കുകളെ നനച്ചു... അവസാന വാക്ക്...

അകലെയെങ്ങോ ഒരു തെയ്യം ഉറഞ്ഞു തുള്ളിക്കൊണ്ടിരിക്കുന്നു...ഒടുവില്‍ മുറുകിയ കൊട്ടിന്റെ ശമന താളം...ചേതനയറ്റ ഒരു ശരീരം കരിഞ്ഞുണങ്ങിയ ആ വാഴ തൈകളിലെന്ഗോ വിരുന്നു വന്ന ഇളം കാറ്റ് തഴുകി കടന്നു പോയി....

2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

വീണ്ടുമൊരു സാമ്പത്തിക മാന്ദ്യം!!!!!!!



                                

നീയെന്റെ ചൂണ്ടു പലകകളില്‍ കൊളുത്തിയത്,
തേച്ചാലും മായ്ച്ചാലും മായാത്ത കടപ്പാടുകള്‍..!
ആഗോളീകരണവും സാമ്പത്തിക മാന്ദ്യവും ,
എന്റെ ഉമ്മറത്തിണ്ണയില്‍ നാലഞ്ചു കടലാസ്
തുണ്ടുകളില്‍ കൂപ്പു കുത്തി വീണു...!
ക്രെഡിറ്റ് റേറ്റിങ്ങും ഓഹരി വിപണികളും ,
എന്റെ ഉറക്കം കെടുത്തി...!
പൊന്നിന്റെ വില പൊന്നിനെക്കാള്‍ തിളങ്ങിയപ്പോള്‍,
പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍
മക്കളെ നോക്കി അമ്മമാര്‍ വിലപിച്ചു...!!
മുറിച്ചു മാറ്റാനാവാത്ത രക്ത ബന്ധം പോലെ
ലോക ബാങ്ക് വിലയിടിഞ്ഞ ഡോളറിനെ,
നോക്കി നെടുവീര്‍പ്പിട്ടു...!
ദഹനക്കേട് ബാധിച്ച ഐ.ടി കമ്പനികള്‍
പാവം ജനങ്ങളെ പുറത്താക്കി,വയറു ശുദ്ധിയാക്കി...!
കഞ്ഞിക്കു വക തേടി വിദേശ
നിക്ഷേപം കാത്തിരുന്നവര്‍ ,
ആത്മഹത്യ ചെയ്തു...!
ഞാന്‍ വെറുമൊരു ദരിദ്ര രാഷ്ട്രത്തിലെ ,
പ്രതികരണ ശേഷി ഇല്ലാത്ത ജന കോടിയില്‍ ഒരുവന്‍..!
എങ്കിലും അമേരിക്കെ നീയറിയുക,
ഞാനുമൊരു മനുക്ഷ്യന്‍ !!!
ഈ മണ്ണില്‍ ജനിച്ചു വളര്‍ന്നു ജീവിക്കാന്‍,
വിധിക്കപ്പെട്ടവന്‍...!
താഴേക്ക്‌ വീഴുന്ന സെന്‍സെക്സിനെ നോക്കി,
വില ഇടിയുന്ന എണ്ണ ഖനികളെ നോക്കി,
വീണ്ടുമൊരു മാന്ദ്യത്തെ വരവേല്‍ക്കാന്‍ കെല്‍പ്പില്ലാത്ത്തവന്‍!
ഇനിയുമൊരു പൊട്ട കിണറ്റിലേക്ക്
എന്നെ തള്ളിയിട്ടു നീ
ചിരിക്കുന്നത് കാലന്റെ പരിഹാസ ചിരി...!!
നിന്റെ അട്ടഹാസത്തില്‍ നിന്റെ ഡോലരുകളില്‍
അമര്ന്നരയുന്ന ജനതയുടെ ചോരയുടെ മണം!!
എന്തുത്തരം നല്‍കും നീ ഒരിക്കല്‍ കൂടി
ഈ പാവം ജന സമക്ഷത്തിലായ്..?

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

പിണക്കം...






അവസാനത്തെ മിസ്ഡ് കാള്‍...ഇനിയൊരിക്കലും ആ നമ്പറിലേക്ക് വിളിക്കില്ല...എങ്കിലും ഡിലീറ്റ് ചെയ്യാന്‍ എന്തോ മനസ്സ് അനുവദിക്കുന്നില്ല...ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്..വളരെ പെട്ടന്നായിരുന്നു അവന്‍ ഹൃദയത്തോട് അടുത്തത്....ചിലര്‍ അങ്ങനെയാണ്...കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ പറിച്ചു മാറ്റാനാവാത്ത വിധം നമ്മോടടുക്കുന്നു...എന്തോ അവനും അങ്ങനെ ആയിരുന്നു...സൌഹൃദത്തില്‍ ഉപരി പ്രണയത്തിന്റെ നൂലാമാലകള്‍ ഒരിക്കലും അവര്‍ക്കിടയില്‍ ഉണ്ടായിട്ടില്ല...മനസ്സ് വല്ലാതെ വിങ്ങുന്നു..മറ്റാരെക്കാളും അവനു തന്നെ അറിയാമായിരുന്നു....എന്നിട്ടും...


        "രേഖേ കഴിക്കുമ്പോ കൂടി ഈ കുന്ത്രാണ്ടം കയ്യീന്ന് വയ്ക്കാന്‍ വയ്യേ നിനക്ക്...ഇരുപത്തി നാല് മണിക്കുറും ഈ മൊബൈലും കുത്തി പിടിച്ചിരുന്നോ..."അമ്മയുടെ വഴക്ക് കാതില്‍ വീണിട്ടും കേട്ടില്ലെന്നു നടിച്ചു...ചിന്തകള്‍ മുഴുവന്‍ അവനെക്കുരിച്ചായിരുന്നു...


           എത്ര വട്ടം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല...നെഞ്ചോടു ചേര്‍ത്ത് വച്ച സൌഹൃദം..ഒടുവില്‍ പെട്ടന്ന് ഒരു നാളില്‍ ഒരു ഗുഡ്ബൈയും പറഞ്ഞ് അവന്‍ എത്ര പെട്ടന്ന് അകന്നു പോയി...?ഓര്‍ക്കുന്നുണ്ടാവുമോ തന്നെ കുറിച്ച് എപ്പോഴെങ്കിലും...?
         "ഈ കുട്ടിക്ക് സൂര്യന്‍ തലയ്ക്കു മേലെ വന്നിട്ടും യെണീക്കാരായില്ലേ?...നാളെ വേറൊരു വീട്ടില്‍ ചെന്ന് കേറേണ്ട പെണ്ണാണ്‌...അപ്പഴും വളര്‍ത്തു ദൂഷ്യം എന്നും പറഞ്ഞ് കുറ്റം മുഴുവന്‍ നിക്ക് ആവും.."അമ്മയുടെ പുലമ്പല്‍ അസഹ്യമായപ്പോള്‍ അവള്‍ മെല്ലെ എഴുന്നേറ്റു...ഒന്നിനും ഒരു ഉത്സാഹവും തോന്നിയില്ല... "രേഖേ ക്ലാസ്സില്‍പോവുന്നില്ലേ നീ ഇനീം അവിടെ എന്താലോചിച്ചു നിക്ക്വാ??" അച്ഛനും തുടങ്ങി...
അവനെ കുറിച്ച് ആലോചിച്ചപ്പോള്‍ ഒരു വല്ലാത്ത നെഞ്ചിടിപ്പ്...എത്ര വിളിക്കില്ലെന്നു കരുതിയാലും വിളിക്കാതിരിക്കാന്‍ തനിക്കാവില്ലെന്ന് അവള്‍ക്കറിയാം..."താങ്കള്‍ വിളിച്ച നമ്പര്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല ...ദയവു ചെയ്ത് പിന്നീട് ശ്രമിക്കുക..."ആ സബ്ദം കേട്ടപ്പോള്‍ തന്നെ മൊബൈല്‍ എടുത്ത് ഒരേറു കൊടുക്കാന്‍ തോന്നി...
അവന്‍ എന്തിനായിരുന്നു വാക്കുകള്‍ കൊണ്ട് തന്നെ ഇത്ര കുത്തി മുറിവേല്‍പ്പിച്ചത്...തന്റെ ജീവിതത്തിലെ മറ്റുള്ളവരെ പോലെ അവനും താന്‍ ഒരു തമാശ ആയിരുന്നോ...? അവളുടെ ചിന്തകള്‍ ഇടറുകയായിരുന്നു...ഇല്ല എന്നെങ്കിലും അവന്‍ തന്നെ തിരിച്ചറിയും ...സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു...വ്യര്‍തമാനെന്നരിഞ്ഞിട്ടും...


***********************
           മനസ്സു ഇരമ്പുന്നു കടല്‍ പോലെ...ചക്രവാളത്തില്‍ നിറം പകര്‍ന്ന് സൂര്യന്‍ അകലെയെങ്ങോ അഴ്ന്നാഴ്ന്നു പോയി..
കടല്‍ കാത്തിരുന്നു സൂര്യന്റെ തിരിച്ചു വരവിനായി...പ്രതീക്ഷയോടെ...!!!അകലെയെങ്ങോ തന്റെ പ്രിയകൂട്ടുകാരനായി അവളും കാത്തിരുന്നു...

2011, ജൂലൈ 29, വെള്ളിയാഴ്‌ച

ഒരു ഭ്രൂണത്തിന്‍ വേദന...

ഒരു ബീജത്തിന്റെ വിളിപ്പാടകലെ,
ഏതോ സ്നേഹ നിമിഷത്തില്‍,
എന്നമ്മ തന്‍ ഉദരത്തില്‍,
ഒരു ചെറു ജീവനായ് പിറന്നു ഞാന്‍!
മുള പൊട്ടിയ കൈ കാലുകളില്‍ ,
എന്നമ്മ തന്‍ ഗര്‍ഭ പാത്രത്തെ,
പ്പതിയെ തലോടി ഞാന്‍ !
ഉറങ്ങട്ടെ ഞാന്‍ അല്‍പ നേരം ,
ഈ നനുത്ത വെന്‍ മെത്തയില്‍,
എന്നമ്മ തന്‍ മാതൃത്വത്തില്‍!
വളര്‍ന്നു പോകുന്നു ഞാന്‍
ഓരോ നാളിലും സബ്ദങ്ങള്‍,നാദങ്ങള്‍
തിരിച്ചരിന്ജീടുന്നു ഞാന്‍..
വെളിയെ വന്നെന്നമ്മ തന്‍
മുലപ്പാലുന്നുവാന്‍ ഒരു നേര്‍ത്ത
മോഹമെന്‍ ,പിഞ്ചു
ഹൃദയത്തില്‍ തുടിച്ചുവോ..?
പുറത്തു കേള്‍ക്കുന്നു കോലാഹലം
അതെന്നച്ഛ്നാണെന്നറിയുന്നു ഞാന്‍ !
തിടുക്കമായെന്‍ അച്ഛനെ ഒരു നോക്കു കാണുവാന്‍,
തിടുക്കം കൂട്ടാതെ പതുക്കെ പിറക്കണം !
ആശുപത്രി വരാന്തയിലാണമ്മ ,
എന്നെയും പേറിക്കൊന്ടെന്തോ നിനയ്ക്കുന്നു..
നേര്‍ത്ത രശ്മികള്‍ പതിപ്പിച്ചാരോ
കണ്ടെത്തി ഞാനൊരു പെന്കുഞ്ഞെന്നു!
കേള്‍ക്കുന്നു നെടുവീര്‍പ്പുകള്‍!
നീളുന്നു കൊടിലുകള്‍ !
കൊത്തി വലിക്കുന്നു കഴുകന്മാര്‍,
എന്‍ പിഞ്ചു പൊക്കിള്‍ കൊടിയെ..
വേര്‍പെട്ടു പോവുന്നു ഞാന്‍
എന്നമ്മയില്‍ നിന്നും !
പിടയുന്നു എന്‍ ഹൃദയം ,
കൊടിലുകള്‍ തന്‍ അമര്‍ഷാഗ്നിയില്‍!
ഉടയുന്നു തരളമാം പിഞ്ചു
കൈകളും കാല്‍കളും!
വേദനിക്കുന്നമ്മേ എന്‍ ഹൃദയം
വിലപിച്ചു..!
നോവിക്കല്ലേ ഞാന്‍ പിറന്നെന്ന
കുറ്റത്തിനായ് ...!
ജീവിച്ചിടട്ടെ ഞാനും ആ
വെളിച്ചത്തിന്‍ ലോകത്തിലായ്...!
പെണ്ണായ് ഞാന്‍ പിറന്നതെന്‍ കുറ്റമാണോ ?
എന്നമ്മയും ഒരു സ്ത്രീ തന്നെയല്ലേ..?
എന്നച്ഛനും പിറന്നതൊരു
ഗര്‍ഭ പാത്രത്തില്‍ തന്നെയല്ലേ..?
കേട്ടില്ലാരുമെന്‍ രോദനം
കേള്‍വി ശക്തി നശിച്ചോരീ സമൂഹത്തില്‍ !
ചിറകു കരിഞ്ഞൊരു ഈയാം
പാറ്റയായ് പറക്കട്ടെ ..!
പിറവിയെ ശപിച്ചു കൊണ്ട്
അകലട്ടെ എന്‍ ജന്മവും !
പെണ്ണായ് പിറക്കാതിരിക്കട്ടെ
ഇനിയൊരു കാലവും







2011, ജൂലൈ 15, വെള്ളിയാഴ്‌ച

അഭിസാരിക...!

 അഭിസാരിക..അവളെ എല്ലാവരും വിളിച്ചത് അങ്ങനെയാണ്..ഓര്‍മകളില്‍ നിന്നും നഷ്ടപ്പെട്ട ബാല്യം...പ്രേമവും കാമവും എന്തെന്നറിയുന്നതിനു മുന്‍പേ ജ്യേഷ്ഠ  സഹോദരന്റെ ക്രൂരമായ  ദൌര്‍ബല്യങ്ങള്‍ക്ക് ഇരയായവള്‍...വേദനയില്‍ വിങ്ങുന്ന മനസ്സുമായി വീടിന്റെ അകത്തളങ്ങളില്‍ കരഞ്ഞു തീരുമ്പോഴും ഒന്നും അറിയാതെ പരസ്പരം വഴക്കിടാന്‍ മാത്രം ഒന്നിക്കുന്ന അച്ഛനും അമ്മയോടും ഒന്നും പറയാന്‍ അവള്‍ക്കു കഴിഞ്ഞില്ല...വിദ്യാലയ ജീവിതം പൂര്‍ത്തിയാക്കിയ ഉടനെ തങ്ങളുടെ തിരക്കുകളില്‍ നിന്നും അവളെ ഒഴിവാക്കാന്‍ വേണ്ടിയോ അതോ ഡോക്ടര്‍മാരായ തങ്ങളുടെ അഭിമാനം മറ്റുള്ളവര്‍ക്ക് മുന്നില്‍ നില നിര്‍ത്താന്‍ വേണ്ടിയോ എന്നറിയില്ല അവര്‍ നല്ലൊരു തുക ചിലവാക്കി അവളെ ഉപരി പഠനത്തിനു അയച്ചു... സ്നേഹത്തിനും സംരക്ഷണത്തിനും വേണ്ടി ദാഹിച്ച അവള്‍ ഒരു ഫിനിക്സ്പക്ഷിയെപ്പോലെ അവളുടെ കലാലയ ജീവിതത്തില്‍ പാരിപ്പറക്കാന്‍ ആഗ്രഹിച്ചു...അവിടെ വച്ചാണ് അവള്‍ അയാളെ കണ്ടുമുട്ടിയത്...തന്റെ വേദനകളും സ്വപ്നങ്ങളും പങ്കു വയ്ക്കാന്‍ എത്തിയ പുതിയ കൂട്ടുകാരന്‍...അടുക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം ഒഴിഞ്ഞു മാറിയെങ്കിലും അറിയാതെ എപ്പോഴോ അവള്‍ അയാളെ സ്നേഹിച്ചു തുടങ്ങിയിരുന്നു..ഒടുവില്‍ അവധിക്കാലം വന്നു..അച്ഛനെയും അമ്മയെയും കാണാന്‍ കൊതിച്ചെത്തിയ അവളെ വീട്ടില്‍ വരവേറ്റത് മധ്യവയസ്കയായ അമ്മയുടെ പുതിയ പ്രണയ ബന്ധമായിരുന്നു...യാദ്രിശ്ചികമായാണ് അമ്മയുടെ മൊബൈലില്‍ അടിക്കടി വന്നു കൊണ്ടിരുന്ന സന്ദേസങ്ങള്‍ അവള്‍ വായിക്കാന്‍ ഇടയായത്...ആരെയാണ് കുറ്റപെടുതെണ്ടത് എന്ന് അവള്‍ക്കു അറിയില്ലായിരുന്നു..കലഹിക്കനായി മാത്രം വീട്ടില്‍ വരുന്ന അച്ഛനെയോ അതോ ഒറ്റപ്പെടലുകളില്‍ നിന്നും മറ്റൊരു തണല്‍ തേടിയ അമ്മയെയോ..?നിസ്സബ്ദയായി പിന്നീടുള്ള ഓരോ അവധി ദിനങ്ങളും അവള്‍ തള്ളി നീക്കി...ഒടുവില്‍ കലാലയത്തില്‍ പ്രതീക്ഷയോടെ തിരിച്ചെത്തിയ അവള്‍ അറിഞ്ഞു തനിക്കു തണലാകും എന്ന് കരുതിയ കൂട്ടുകാരന്റെ അനവധി പ്രണയ ബന്ധങ്ങളിലെ ഒരാള്‍ മാത്രമാണ് താന്‍ എന്ന സത്യവും...!
            ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത വിധം ഒരു ഭ്രാന്തി ആയി മാറിയിരുന്നെങ്കില്‍ താന്‍ എന്ന്  അവള്‍ ആഗ്രഹിച്ചു..ഉറക്കം വരാത്ത രാത്രികളില്‍ അവളുടെ എങ്ങലുകള്‍ ആരും കാണാതെ കണ്ണുനീര്‍ തുള്ളികളായ് ഊര്‍ന്നിറങ്ങി...തനിക്കീ ജന്മം കൊടുത്ത ഈസ്വരനെപ്പോലും അവള്‍ ചില നിമിഷങ്ങളില്‍ വെറുത്തു പോയി...
             പക്ഷെ ആരും അവളെ തിരിച്ചറിഞ്ഞില്ല ..മറ്റുള്ളവര്‍ക്ക് മുന്നില്‍ തന്റെ നോവിന്റെ പാഴ്ഭാണ്ടം ഉയര്‍ത്തി അപഹാസ്യയാവാന്‍  അവള്‍ ആഗ്രഹിച്ചില്ല... ഉള്ളില്‍ ആരുമറിയാതെ  ഉരുകിതീരുംപോഴും അവള്‍ വിളര്‍ത്ത ചിരിയുമായ് സമൂഹത്തെ വരവേറ്റു..അവസാനം ചുവന്ന തെരുവിലേക്ക് ആരൊക്കെയോ കൊത്തിക്കീറിയ   തന്റെ ജീവിതം സമര്‍പ്പിക്കുമ്പോഴും അവള്‍ക്കു പശ്ചാതാപമോ പാപഭാരമോ തോന്നിയില്ല...ആരോടൊക്കെയോ ഉള്ള പ്രതികാരം സ്വന്തം ജീവിതം കൊണ്ട് വരച്ചു തീര്‍ക്കുകയായിരുന്നു അവള്‍...അവള്‍ ചെയ്തത് തെറ്റോ ശരിയോ??ഉത്തരമില്ലാത്ത ഈ ചോദ്യം എന്നും അവള്‍ക്കു മുന്നില്‍ തന്റെ വികൃതമായ ചിരിയുമായി നിന്നു...ഒടുവില്‍ ഒരഗ്നി നാളമായ് മേഘങ്ങളിലേക്ക് പറന്നുയരുംപോഴും അവളുടെ ആത്മാവ് മന്ത്രിച്ചത് ഒന്ന് മാത്രം ഇനിയെങ്കിലും ഒരു മനുക്ഷ്യനായ് പിറക്കാതിരുന്നെങ്കില്‍...  

2011, ജൂലൈ 4, തിങ്കളാഴ്‌ച

ഇങ്ങനെയും ഒരു ബാല്യം...



ഏതോ മഴയില്‍ അടര്‍ന്നു വീണ
ചെമ്പക പൂവിന്റെ ഇതളുകള്‍...
മഴ അവശേഷിപ്പിച്ച ജല കണികകള്‍...
ഇതൊന്നും കാണാന്‍ സമയമില്ലാതെ,
മഴമാപിനിയുടെ മുന്നില്‍
കുത്തിയിരിക്കുകയായിരുന്നു അവള്‍...
വാക്കുകള്‍ തിന്നു തിന്നു തടിച്ച സരീരവുമായി,
പുസ്തകങ്ങള്‍ അവളെ നോക്കി പല്ലിളിച്ചു...
ഒരു കടലാസ് തോണി സ്വപ്നങ്ങളില്‍,
പതിയെ തുഴഞ്ഞിരങ്ങാന്‍ തുടങ്ങുമ്പോഴാണ്,
ഗണിതത്തിന്റെ ചുരല്പ്പഴന്ഗലുമായി,
അയാള്‍ വന്നു കേറിയത്...
ഹരണവും ഗുണിതവുമായി ഒരുവിധം,
മല്ലിട്ട് തീര്‍ത്തപ്പോഴേക്കും,
മഴ അതിന്റെ പാട്ടിനു പോയി...
ഇറവെള്ളം കാത്തു കാത്തിരുന്ന്,
വിരസത ശ്വാസം മുട്ടിയപ്പോള്‍,
കടലാസ് തോണി ചവറ്റു കുട്ടയിലേക്ക്,
അമ്മയുടെ ചൂലിന്‍ തുമ്പിനൊപ്പം ഒളിച്ചോടി...
നിറങ്ങളില്ലാത്ത ലോകത്ത്,
പാഠ പുസ്തകങ്ങളിലെവിടെയോ,
അവള്‍ വീണ്ടും വായിച്ചു തുടങ്ങി 
നഷ്ടപ്പെട്ട ബാല്യത്തിന്റെ കഥ,
സ്വയം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു
എന്നതറിയാതെ.. !!!!!!!!

2011, ജൂൺ 24, വെള്ളിയാഴ്‌ച

നിഴല്‍.....

ഗദ്ഗദം നിഴല്വെയിലിനെ പിന്തുടര്ന്നു ..
ഇരുട്ട് വീണ പാതകളില്നിന്നും,
നേര്ത്ത നീഹാരത്തിന്റെ അവസാനതുള്ളികള്‍ 
നിഴലിന്റെ ഹൃദയത്തിലേക്ക് 
അടര്ന്നു വീണു...
പീത വര്ണം മറന്നു പോയ സൂര്യകാന്തികള്‍ 
നിഴലിനെ നോക്കി കൊഞ്ഞനം കുത്തി...
ചടുലത നിറഞ്ഞ താളങ്ങളില് നിന്നും
ചോര പൊടിഞ്ഞ മുറിപ്പാടുകളില്നിന്നും,
വിരസമായ വേദനയുടെ പാഥേയം,
അവളുടെ വിശപ്പിനെ ശമിപ്പിക്കനായ് ,
വിഫലം ശ്രമിച്ചു കൊണ്ടിരുന്നു...
ഒടുവില്ഒന്നുമറിയാതെ സ്വയം
രാത്രിയുടെ മറവിലേക്ക് എരിഞ്ഞടങ്ങുംപോഴും
പുതിയൊരു പ്രഭാതത്തിന്റെ,
മീവല്പക്ഷികള്‍ തൂവലുകള്‍ കുടഞ്ഞു 
ഉയിര്തെഴുന്നെല്‍ക്കുംപോഴും നിഴല്‍,
വെള്ള കീറിയ ആകാശത്തിനു കീഴെ ഒന്നുമറിയാതെ
മറ്റൊരു ഉദയതിനെ തേടുകയായിരുന്നു...

2011, ജൂൺ 18, ശനിയാഴ്‌ച

മയില്‍‌പ്പീലി...



 


പഴയ പുസ്തകങ്ങള്‍ തൂക്കി വില്‍ക്കുകയായിരുന്നു അയാള്‍...യാദൃശ്ചികമായാണ് ആ മയില്‍‌പീലി അതിനിടയില്‍ നിന്നും കൊഴിഞ്ഞു വീണത്...ആദ്യ പ്രണയത്തിന്റെ സ്മാരകം..ആകാശം കാണാതെ പെറ്റു പെരുകാന്‍ വേണ്ടി ബാല്യം ഒളിപ്പിച്ചു വച്ച സമ്മാനം..
                    "നിങ്ങളിതെന്തോര്തോണ്ട് നിക്ക്യ മനുക്ഷ്യ?മയില്‍പ്പീലിയും പിടിച്ചു സ്വപ്നം കണ്ടോണ്ടു നിക്കുഅണോ...വേഗം അയാളെ പറഞ്ഞു വിടാന്‍ നോക്ക് "അല്ലെങ്കിലും ഈ മയില്‍പീലിയുടെ വില അവള്‍ക്കെങ്ങനെ മനസിലാവാന്‍..?ആദ്യമായി നനഞ്ഞിറങ്ങുന്ന ഓലപ്പുരയുടെ കീഴില്‍ തനിക്കീ മയില്‍‌പ്പീലി  സമ്മാനിച്ച പൂച്ച കണ്ണുള്ള സൌദാമിനിയെ ഇവള്‍ക്കെങ്ങനെ അറിയാന്‍.
      തന്റെ പ്രിയപ്പെട്ട പഴയ കളിത്തോഴി. എട്ടാം ക്ലാസ് കഴിഞ്ഞ്  അവള്‍ പിന്നീട് സ്കൂളിലേക്ക് വന്നില്ല..ആരോ പറഞ്ഞറിഞ്ഞു അവളുടെ കല്യാണംകഴിഞ്ഞ്ഞ്ഞെന്നു...അന്ന് തോന്നിയ ആ നേര്‍ത്ത ദുഃഖം അതായിരുന്നു പ്രണയം എന്ന് പിന്നീട് എപ്പോഴോ കാലം അയാളെ പഠിപ്പിച്ചു ....വളര്‍ന്നപ്പോള്‍ മറ്റു കളിക്കുട്ടുകാരെ പോലെ സൌദാമിനിയും വെറുംഓര്‍മ്മചിത്രം മാത്രമായി..എങ്കിലും പിന്നീട്  മനസ്സില്‍ പ്രണയം എന്തെന്നറിഞ്ഞ കുറേ നാളുകളില്‍ എവിടെയോ ഈ നേര്‍ത്ത മയില്‍പ്പീലിക്കൊപ്പം ആ പൂച്ചകന്നുകളും അയാള്‍ സൂക്ഷിച്ചു..പെറ്റു പെരുകാത്ത ഓര്‍മകളില്‍ മഴവില്ലിന്റെ വര്‍ണം തീര്‍ത്ത് മറ്റൊരു മയില്‍‌പ്പീലി പോലെ ആകാശം കാണാതെ ആ പ്രണയവും..!
        " അച്ഛാ ഈ മയില്‍‌പ്പീലി നിക്ക് തരുഒ?.."അഞ്ചു വയസ്സുള്ള മകളുടെ സബ്ദം അയാളെ ഓര്‍മകളില്‍ നിന്നും ഉണര്‍ത്തി.."വീണ്ടും മറ്റൊരു പുസ്തക താളിലേക്കും മറ്റൊരു  ബാല്യത്തിന്റെ ചപലതയിലെക്കും ആ മയില്‍‌പ്പീലി യാത്ര തുടര്‍ന്നു

2011, ജൂൺ 11, ശനിയാഴ്‌ച

മരണം


  മരണം ഒരു കള്ളനെ പോലെ അയാളുടെ വീടിന്റെ,അടുക്കള വാതില്‍ തുറന്ന് അകത്തു കയറി..ആരെയാണ് ഞാന്‍ ഇന്ന് കൊണ്ട് പോകേണ്ടത്..?മരണം ചിന്തിച്ചു...
അവള്‍ അയാള്‍ക്കായി ചായ ഉണ്ടാക്കുന്ന തിരക്കിലാണ്..മരണം അവളെ ശ്രദ്ധിച്ചു.അവളുടെ സാരി മുഷിഞ്ഞു വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു"ആര്‍ക്കും ന്റെ കാര്യങ്ങള്‍ നോക്കാന്‍ സമയമില്ലല്ലോ..വൈകുന്നേരം ഒരു സിനിമക്ക് കൊണ്ട് പോവാന്‍ പറഞ്ഞിട്ട് എത്ര ദിവസായി..അതിനെങ്ങനെയാ നേരത്തെ ഒന്ന് വന്നാലല്ലേ ഓഫീസിന്ന്‍"അവള്‍ പിറുപിറുത്തു ... അവള്‍ക്കു മരണത്തെ ശ്രദ്ധിക്കാന്‍ സമയമുണ്ടായിരുന്നില്ല...കാരണം അടുപ്പിലിരിക്കുന്ന ദോശ ചിലപ്പോള്‍ കരിഞ്ഞു പോകും..മരണം വീടിന്റെ ഇടനാഴിയിലൂടെ പതുക്കെ ഉള്ളിലേക്ക് നടന്നു..അവിടെ അയാളുടെ വയസ്സായ അച്ഛന്‍ കൊക്കി കുരച്ചു കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..
                    പൂജാമുറിയുടെ മുന്നിലുള്ള ഗോവണിയുടെ കീഴെ ഇരുന്ന് അയാളുടെ മകന്‍ ഹോം വര്‍ക്കുകള്‍ ചെയ്യുന്നു..മരണം പതുക്കെ ഉമ്മറ തിന്നയിലേക്ക് നടന്നു..അയാള്‍ അവിടെയിരുന്നു ദിനപത്രത്തിലെ ഓരോ അക്ഷരങ്ങളെയും എണ്ണി പെറുക്കുന്നുണ്ടായിരുന്നു...
"അതേയ് വരുമ്പോ ഇത്തിരി നല്ലെണ്ണ വാങ്ങീട്ടു വരണം..കൊറച്ചു പീട്യേ സാദനങ്ങളും.."അവള്‍ അടുക്കളയില്‍ നിന്നും ശബ്ദിച്ചു..മരണം പതുക്കെ ഉമ്മറത്തെ ചുവരില്‍ ചാരി അയാള്‍ പുറപ്പെടുന്നതും കാത്ത് നിന്നു..മണി ഒന്‍പതായി..
                  അലക്കി തേച്ച ഷര്‍ട്ടും പാന്റ്സുമിട്ട് അയാള്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു.."അതേയ് നല്ലെണ്ണടെ കാര്യം മറക്കല്ലേ ട്ടോ..അടുക്കളേല്‍ ഒരു തുള്ളി ഇല്ല..അവള്‍ ഓടി വന്നു പറഞ്ഞു.."
       "നിന്നോട് ഞാന്‍ പലവട്ടം പറഞ്ഞിട്ടില്ലേ പുറത്തിക്കിറങ്ങുമ്പോ പിന്നീന്ന് വിളിക്കല്ലെന്നു..."അയാള്‍ അവളെ ശാസിച്ചു..മരണം ഒരു ചെറു പുഞ്ചിരിയോടെ അയാളെ പിന്തുടര്‍ന്നു..
********************************
               അലക്കാനുള്ള തുണികളുമായി കുളിമുറിയിലേക്ക് നടക്കുമ്പോഴാണ് അവള്‍ ഒരു വണ്ടിയുടെ ശബ്ദം കേട്ടത്..
"ആരാ ഇപ്പൊ  ഈ നേരത്ത്..ഒരു പണിയെടുക്കാന്‍ സമ്മതിക്കില്ല ആരും ന്നെ.."പ്രാകിക്കൊണ്ട് അവള്‍ വാതില്‍ തുറന്നു..
*********************************
അവളുടെ നെറ്റിയിലെ കുംകുമം ആരോ തുടച്ചു മാറ്റി..താലി
ചരട് അഴിച്ചെടുത്തു..അവള്‍ ഒന്നും അറിഞ്ഞില്ല..അപ്പോഴും അബോധമായി അവള്‍ എന്തെല്ലാമോ   പിറുപിറുത്തു   കൊണ്ടേയിരുന്നു...

2011, ജൂൺ 9, വ്യാഴാഴ്‌ച

ദൈവങ്ങള്‍..



അവന്‍ എന്നെയും ഞാന്‍ അവനെയും സ്നേഹിച്ചു..
പക്ഷെ ഞങ്ങളുടെ പ്രണയത്തെ അവര്‍ ദൈവങ്ങളുടെ 
പേരില്‍ പുച്ചിച്ചു..
അവരെ നമ്മള്‍ മാന്യന്മാര്‍ എന്ന് വിളിച്ചു..
അവസാനം ദൈവങ്ങള്‍ പോലും ഞങ്ങളെ കൈവിട്ടു..
കാരണം അവന്റെയും എന്റെയും ദൈവങ്ങള്‍ക്കിടയില്‍ 
സമൂഹം കരിങ്കല്‍ മതിലുകള്‍ കേട്ടിതീര്‍ത്തു..
ഹിന്ദുവും മുസല്‍മാനും എന്ന മതിലുകള്‍ക്കപ്പുരവും,
ഇപ്പുറവും നിന്ന് എന്നിട്ടും ഞങ്ങള്‍ നിസബ്ദമായി പ്രണയിച്ചു...
അപ്പോള്‍ അവര്‍ ഞങ്ങളെ ഒറ്റപെടുത്തി..
മുനയുള്ള വാക്കുകള്‍ എന്ന കൂര്‍ത്ത കല്ലുകള്‍ 
അവര്‍ ഞങ്ങള്‍ക്ക് നേരെ വലിച്ചെറിഞ്ഞു...
ആ മുറിവില്‍ നിന്നുള്ള ചോര പോലും ഞങ്ങളുടെ 
പ്രണയത്തെ തകര്‍ത്തില്ല...
ഒടുവില്‍ രക്തം വാര്‍ന്നു വാര്‍ന്നു ഞങ്ങള്‍ 
ദൈവതിനടുത്തെക്ക് യാത്രയായി..
അവിടെ പക്ഷെ ഞങ്ങള്‍ മതിലുകള്‍ കണ്ടില്ല..
കൂര്‍ത്ത മുനയുള്ള കല്ലുകള്‍ കണ്ടില്ല..
ഞങ്ങള്‍ ദൈവത്തോട് ചോദിച്ചു..
എന്തിനു ഭൂമിയില്‍ പ്രണയം സൃക്ഷ്ടിച്ചു? അല്ലെങ്കില്‍ 
എന്തിനു ഭുമിയില്‍ മതങ്ങളെ സൃക്ഷ്ടിച്ചു..?അതുമല്ലെങ്കില്‍
എന്തിനു അവനെയും എന്നെയും സൃക്ഷ്ടിച്ചു..?
ദൈവത്തിനു ഉത്തരം ഉണ്ടായിരുന്നില്ല...

2011, ജൂൺ 7, ചൊവ്വാഴ്ച

ഒരു നിമിഷം ചിന്തിക്കൂ...



( 12-5-11 ലെ മാതൃഭൂമി ദിനപത്രത്തിലെ വാര്‍ത്തയെ അടിസ്ഥാനമാക്കി എഴുതിയത് )


കയ്യിലിരുന്ന കടലാസു കഷ്ണങ്ങള്‍ അടുക്കി പെറുക്കുംമ്പോഴാണ് ചാക്കുക‍ള്‍ മറ കെട്ടിയ ആ ഒറ്റ മുറിക്കുള്ളില്‍ നിന്നും ഉമ്മയുടെ വിളി കേട്ടത്.."സൈനബാ മോളെ സൂക്ഷിച്ചു പോണേ" ..വിശപ്പറിയാതിരിക്കാന്‍ കീറിയ പാവാട ഒന്ന് കുടി മുറുക്കി കെട്ടി ഉമ്മയോട് യാത്ര പറഞ്ഞിറങ്ങുംമ്പോള്‍ ആ മാതാവിന്റെ കണ്ണിലെവിടെയോ ഊര്‍ന്നിറങ്ങിയ ചുടുനീര്‍ അവളുടെ


ഹൃദയത്തില്‍ ഒരു പൊള്ളലായി മാറുന്നുണ്ടായിരുന്നു..


എങ്കിലും ആലോചിച്ചു നില്ക്കാന്‍ അവള്‍ക്കു സമയമില്ലായിരുന്നു..ടൌനിലെക്കുള്ള ആദ്യത്തെ ബസ്‌ പിടിക്കണം..എങ്കിലേ രാവിലെ നേരത്ത് എത്തുന്നവര്‍ക്ക് മുന്നില്‍ തന്റെ ജീവിതം വരച്ച കടലാസു ചിന്തുകള്‍ നീട്ടാനാവൂ..ആരൊക്കെയോ നല്‍കുന്ന ഒരു രൂപയുടെയും അമ്പതു പൈസയുടെയും നാണയങ്ങള്‍ പെറുക്കി കൂടി വേണം അവള്‍ക്കും ഉമ്മക്കും കഞ്ഞി കുടിക്കാന്‍...ഉമ്മയുടെ അസുഖം ഈയിടെ ആയി വല്ലാതെ മൂര്ച്ചിച്ചിരിക്കുന്നു..മരുന്നിനു എണ്‍പത് രൂപയാകുമെന്നാണ് കടയില്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്..


ബസ്‌ ഇറങ്ങി സ്ടാന്റിലെ യാത്രക്കാര്‍ക്ക് മുന്നില്‍ അവള്‍ കടലാസു കഷ്ണങ്ങള്‍ നീട്ടി..ചിലര്‍ അവജ്ഞയോടെ ഒഴിഞ്ഞു മാറി.,മറ്റു ചിലര്‍ അത് വാങ്ങി വായിച്ച്‌അത് പോലെ തിരിച്ചു നല്‍കി..ആരൊക്കെയോ ചില നാണയത്തുട്ടുകള്‍ അവള്‍ക്കു നേരെ വലിച്ചെറിഞ്ഞു..


നേരം ഉച്ച തിരിഞ്ഞു..കണ്ണുകളില്‍ ഇരുട്ട് കയറുന്നു..തെരുവോരത്തെ ടാപ്പില്‍ നിന്നും തന്റെ മെലിഞ്ഞു ഒട്ടിയ കൈകള്‍ നീട്ടി അവള്‍ ഇത്തിരി വെള്ളം കുടിച്ചു..വഴിയേ പോയ ഒരു മധ്യവയസ്കന്‍ ആ കാഴ്ച കണ്ട്അവളുടെ അടുത്തേക്ക് വന്നു..അവളോട്‌ വിവരങ്ങള്‍ ആരാഞ്ഞ്അയാള്‍ തന്റെ മടിക്കുത്തില്‍ നിന്നും ഒരു പുതിയ നൂറു രൂപ നോട്ട് എടുത്തു അവള്‍ക്കു നേരെ നീട്ടി.. ഒരുപാടു നാളുകള്‍ക്ക് ശേഷം മുഷിഞ്ഞു നാറിയ ആ തട്ടത്തിനുള്ളില്‍ ഒരു പുഞ്ചിരി വിടര്‍ന്നു ..


ഇന്ന് ഇനി മടങ്ങാം ..ഉമ്മയ്ക്ക് മരുന്ന് വാങ്ങണം,ഇന്നെങ്കിലും വയറു നിറച്ചു ചോറ് കൊടുക്കണം..ആ ഇരുപത്തൊന്നുകാരിയുടെ മോഹങ്ങള്‍ അത്ര മാത്രമായിരുന്നു.. ബസ്‌ ഇറങ്ങി നടക്കുമ്പോള്‍ ചിന്തകള്‍ അവളെ അലോസരപ്പെടുത്തി..


വെയിലിന്റെ കാഠിന്യം അല്പമൊന്നു കുറഞ്ഞതായി അവള്‍ക്കു തോന്നി..അതോ അവളുടെ ചിന്തകള്‍ക്ക് മുന്നില്‍ വെയില്‍ പോലും നിഷ്പ്രഭമായോ..?


ആള്പെരുമാട്ടമില്ലാത്ത ആ ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോഴാണ് കുറുകെ ആ ഓട്ടോറിക്ഷ വന്നത്..പിന്നെയൊന്നും അവള്‍ക്കു ഓര്‍മയില്ല..വേദനയില്‍ പുളഞ്ഞ രണ്ടു രാവുകളും പകലുകളും..


രക്തക്കറ പുരണ്ട അവളുടെ സ്വപ്‌നങ്ങള്‍ അവിടെ അവസാനിക്കുകയായിരുന്നു..


മൂന്നു നാളുകള്‍ക്ക് ശേഷം രക്തത്തില്‍ കുളിച്ചു കിടന്ന വിവസ്ത്രയായ ഒരു പാവം പെണ്‍കുട്ടിയെ ആരൊക്കെയോ ചേര്‍ന്ന് റെയില്‍വേ ട്രാക്കില്‍ നിന്നും ആശുപത്രിയിലെത്തിച്ചു..


നഷ്ട്ടപ്പെട്ട ബോധം തിരിച്ചു കിട്ടുമ്പോഴും അവളുടെ ചുണ്ടുകള്‍ ഒരു വാക്ക് മാത്രമേ മന്ത്രിചിരുന്നുല്ലു..."ഞാന്‍ ന്ടുമ്മാക്ക് ഇനി എങ്ങനെ മരുന്ന് വാങ്ങും...?


ന്ടുമ്മ വിശക്കുന്നുന്നു പറയുമ്പോ ഞാനെന്താ ചെയ്യാ ?.."


സ്വപ്നങ്ങളില്‍ നിറം പകര്ത്തേണ്ട അവളുടെ കൌമാരവും യൌവ്വനവും കവര്ന്നെടുത്തവര്‍ ഒരു പക്ഷെ അവളുടെ ഈ ചോദ്യത്തിലെ വേദന എന്നെങ്കിലും അറിഞ്ഞിരിക്കുമോ..?അതോ അറിഞ്ഞിട്ടും തങ്ങളുടെ ദൌര്‍ബല്യംഗള്‍ക്കായ്‌ അവളെ ബലിയാടാക്കിയോ...?


വാര്‍ത്തകള്‍ക്ക് വേണ്ടി കഴുകന്മാരെപ്പോലെ അവള്‍ക്കു ചുറ്റും ചിറകിട്ടു പറക്കുന്ന രാഷ്ട്രീയക്കാരും മാധ്യമ പ്രവര്‍ത്തകരും അവളെ കൊത്തിപ്പരക്കുമ്പോള്‍ ഒരു നിമിഷം ഓര്‍ക്കുക..ഇതോ സാഹോദര്യം പുലരുന്ന നമ്മുടെ ഭാരതം..?ഇതോ മാധ്യമ ധര്‍മം..?ജീവിതത്തിലെ പുഞ്ചിരി എന്നന്നേക്കുമായി നഷ്ടപെട്ട അവളും നമ്മളുടെ സഹോദരിയല്ലേ...?അവളും നമ്മളില്‍ ഒരാളല്ലേ..?








2011, ജൂൺ 5, ഞായറാഴ്‌ച

പറയാന്‍ മറന്ന വാക്ക്...

പറയാന്‍ മറന്നു പോയ വാക്ക് ,
ഗതി കിട്ടാത്ത ആത്മാവിനെപ്പോലെ,
മനസ്സില്‍ അലഞ്ഞു നടന്നു..
പാലപ്പൂവിന്റെ മണമുള്ള യാത്രകള്‍..!
ഗദ്ഗദമായി വീണ്ടും പടവുകളിറങ്ങി,
അവ നടന്നു തുടങ്ങി..
മൗനം നേര്‍ത്ത ഹസ്ത ദാനങ്ങള്‍ നല്‍കി
കടന്നുപോയപ്പോള്‍ നിനക്ക് ..
നഷ്ടമായതെന്തായിരുന്നു..?
ചുവന്ന ചെമ്പരത്തികള്‍,
നിന്റെ മന്ത്ര കളത്തില്‍ ബാക്കിയായി..
ഒരിക്കലും വരാത്ത വിരുന്നുകാരനായ് 
നീ നിന്റെ വാക്കുകളെ മാറ്റി വച്ചു..
ഇറ വെള്ളത്തിലെവിടെയോ തുഴ വിട്ട്‌
 നീ കടന്നു പോകെ നിന്റെ 
കരിമഷി കണ്ണുകള്‍ കലങ്ങിയത് 
ആര്‍ക്കു വേണ്ടി?
മ്രതമാര്‍ന്ന പഴയൊരാ വാക്കിനു വേണ്ടിയോ...?
അതോ വഴിയറ്റ നിന്‍ വിരഹത്തെ ഓര്‍ത്തോ..?






2011, ജൂൺ 4, ശനിയാഴ്‌ച

നിറങ്ങള്‍

അവളുടെ കണ്ണുകള്‍ക്ക്‌ നീല നിറമായിരുന്നു..
അവസാന വാക്കിലെ അക്ഷരങ്ങളുടെ നീല 
ഞാന്‍ നീട്ടിയ ചെമ്പനീര്‍ പൂ തട്ടിതെറിപിച്ചു
അവള്‍ കടന്നു പോയി...
ഇതള്‍ കൊഴിഞ്ഞ വേദനയില്‍ എന്റെ ആത്മാവു
പിടയുന്നത് അവള്‍ കണ്ടിരിക്കുമോ?
അതോ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചുവോ?
ഇരുണ്ട ചാര നിറമുള്ള എന്‍റെ സ്വപ്നങ്ങളെ 
അവള്‍ക്കു വെറുപ്പായിരുന്നു....
കരിഞ്ഞു പോയ പുഷ്പത്തിന്റെ ചാര വര്‍ണം..!.
കാലം എന്‍റെ നിറങ്ങളെ മായ്ച്ചു കളഞ്ഞപ്പോഴും,
നീല നിറമുള്ള അനശ്വരത എന്നെ നോക്കി പരിഹസിച്ചു..
പക്ഷെ അവളുടെ പട്ടടയിലെവിടെയോ
എന്‍റെ ചാര വര്‍ണം അവള്‍ക്കായ്‌ തേങ്ങി...
അവള്‍ പോലുമറിയാതെ ...



മടക്കയാത്ര


             അവള്‍ നടന്നു..അര്‍ത്ഥമില്ലാത്ത ജീവിത്തിന്ടെ അര്‍ത്ഥ തലങ്ങള്‍ തേടി..പാലക്കാടന്‍ ചുരം കടന്നെത്തുന്ന തണുത്ത കാറ്റ്..കരിമ്പനക്കൂട്ടങ്ങ്ളിലെ യക്ഷിക്കഥകള്‍ അവളെ ഇന്നു ഭയപ്പെടുത്തുന്നില്ല..എന്തൊക്കെയോ മറന്നു വച്ച തിടുക്കത്തില്‍ കാലം അവളെ മുന്നോട്ടു നയിച്ചു..
             ബന്ധങ്ങളുടെ മുള്‍മുന അവളുടെ കാല്‍പാദങ്ങള്‍ കീറി മുറിച്ചു..വഴിയറിയാതെ ഉഴലുമ്പോലും അവള്‍ തളര്‍ന്നില്ല.ബാല്യം ഓര്‍മകള്‍ സമ്മാനിച്ച ഈ നാട്ടിലേക്കു ഇനിയൊരു മടക്കയാത്ര പ്രതീക്ഷിച്ചതല്ല..
                പക്ഷേ അവള്‍ക്കു വരേണ്ടി വന്നു.,,മുത്തശ്ശിയുടെ അസ്ഥിത്തറയും ഫണം വിടര്‍ത്തിയാടുന്ന സര്‍പ്പക്കാവും ഓര്‍മ്മകളില്‍ തികട്ടുമ്പോള്‍ അവള്‍ക്ക് എങ്ങനെ സ്വസ്ഥ്മായി ഉറങ്ങാന്‍ കഴിയും...?
      അവള്‍ വന്നു...ഒടുവില്‍..മൂവാണ്ടന്‍ മാവിലെ അവസാന മാമ്പഴത്തിന്ടെ മധുരം തേടി.. മുതുക്കി കുന്നിലെ പൂമ്പാറ്റകളെ തേടി..
               പക്ഷേ അവളെ ആരും തിരിച്ചറിഞ്ഞില്ല..അവള്‍ക്കിപ്പോള്‍ മുട്ടോളമെത്തുന്ന മുടിയഴകില്ല..പട്ടു പാവാടയുടെ നിറഭംഗിയോ കിലുങ്ങുന്ന പാദസരത്തിന്ടെ കളമൊഴിയോ ഇല്ല...
       എങ്കിലും എന്നും അവള്‍ അവളായിരുന്നു..മൂടിവച്ച സ്വപ്നങ്ങളുടെ മാത്രം ഉടമയായ ആ പെണ്‍കുട്ടി.... 

അവസാന മഴ ...

അവളുടെ കണ്ണുനീര്ഇരുട്ടില്ആരെയോ തേടിക്കൊണ്ടിരുന്നു
വിജനമായ വഴിയിലെ ചിതലരിച്ച ഓര്മകള്
നിന്ടെ മിഴിക്കോണില്നീ തിരഞ്ഞത് എന്നെയായിരുന്നുവോ??
അതോ മരിച്ചിട്ടും മരിക്കാത്ത എന്ടെ പ്രണയത്തെയോ?
വെറുമൊരു വാഴ്വേമായം തീര്ത്ത് നീ കടന്നു പോയെങ്കിലും
അവിടെ പകച്ചു പോയത് ഞാന്ആയിരുന്നു
നിന്ടെ ഉടഞ്ഞു പോയ കുപ്പിവളച്ചില്ലുകള്
എനിക്കു മാത്രമായെങ്കിലെന്നു വീണ്ടും
വ്യഥാ ആശിച്ചു പൊകേ ശമനതാളമായ്
അവസാന മഴയും പെയ്തു തോരുന്നു....
വ്യര്ത്തമായ വ്യാമോഹത്തെ പഴിച്ച് ഞാന്
എന്നിലേക്കു മടങ്ങുന്നു....