2015, ജൂലൈ 21, ചൊവ്വാഴ്ച

വീട് കരയുന്നുണ്ടോ?


കൂട്ടി വച്ച വളപ്പൊട്ടുകൾ 
ആരെയോ കാത്തിരിക്കുന്ന 
പൂച്ചകുഞ്ഞുങ്ങൾ 
ഇളം നീല നിറമുള്ള എരിഞ്ഞു 
തീരാറായ മണ്ണെണ്ണ മണമുള്ള 
ഓർമ്മകൾ 
തട്ടിയിട്ടും തട്ടിയിട്ടും പോവാതെ 
ഒരു കുന്നു നൊമ്പരത്തിന്റെ 
പൊടി പിടിച്ച  ഓർമ്മകൾ 
വീട് കരയുന്നുണ്ടോ?

2015, ജൂൺ 3, ബുധനാഴ്‌ച

ഉന്മാദിനി

സ്വപ്നങ്ങളിൽ വീണ്ടും 
ആ മരം പൂക്കുന്നു,തളിര്ക്കുന്നു 
 ഒടുവിൽ ഉണങ്ങിയ ഇലകളുമായി 
പേമാരിയിൽ കട പുഴകി വീഴുന്നു 

ശല്ക്കം കൊഴിഞ്ഞ ഒരു 
വയസ്സൻ കരിനാഗം എന്നെ നോക്കി 
പല്ലിളിക്കുന്നു 

ഇനിയും ഓർമകളിൽ 
ഞാൻ ഒച്ചു വേഗത്തിൽ ഇഴയും 
എനിക്ക് മാത്രമായി തുന്നിയ 
പൂക്കളുടെ കുപ്പായമിട്ട് ,
മിന്നാമിന്നികളുടെ കൂട്ടിൽ ഉറങ്ങും 
അവിടെ നീ എനിക്കായി 
പാട്ടുകൾ പാടും 

എന്റെ ഈ ഉന്മാദം 
എനിക്ക് ചിറകുകൾ തരും 
അതിലൊന്ന്  നിനക്കു ഞാൻ കടം തരും 
ഒറ്റ ചിറകുകളുമായി നീയും ഞാനും 
നമുക്ക് മാത്രമായി തീർത്ത 
കടിഞ്ഞാണില്ലാത്ത വെള്ളക്കുതിരകളുള്ള 
ആ കുന്നിൻ ചെരുവുകളിലേക്ക് പറക്കും 
 

2015, ഏപ്രിൽ 23, വ്യാഴാഴ്‌ച

എന്നെക്കുറിച്ചു മാത്രം..

ഇടയ്ക്കെപ്പോഴോ മുനയൊടിഞ്ഞ തൂലിക
വാര്ന്നോഴുകിയ മഷി തുള്ളികളിൽ 
വഴി തെറ്റിപ്പോയത് എന്റെ 
വികല്പമായ ചിന്തകളായിരുന്നു 
ബാക്കി വച്ച നിറം 
മങ്ങിയ പുസ്തകത്താൾ 
എഴുതിയതെല്ലാം എന്നെ കുറിച്ച് 
 എഴുതാൻ മറന്നു പോയതും 
ഇനി ബാക്കി വച്ചതുമെല്ലാം എന്നെക്കുറിച്ചു മാത്രം 
കാരണം എനിക്കു മറ്റൊന്നും അറിയില്ല 
പാതി മാത്രം എന്നെ അറിഞ്ഞ 
എന്റെ തൂലിക 
അംഗഭംഗം വന്ന അക്ഷരങ്ങൾ 
തിരിച്ചൊന്നു നടക്കാൻ 
കൊതിക്കവേ അടഞ്ഞു പോയ  ഊടു വഴികൾ 
ഹരണ ഗുണിതങ്ങളിൽ 
വെട്ടിക്കുറച്ച സ്വപ്‌നങ്ങൾ 
ഇതു മാത്രം ഒടുവിൽ ചേർത്തെടുത്തതാണിപ്പോൾ 
 ഞാൻ എന്ന സമവാക്യം ..

2015, മാർച്ച് 24, ചൊവ്വാഴ്ച

ഓർമപ്പെടുത്തൽ

വിഷാദം  ഒരു കടൽ പോലെയാണ് 
ചിലപ്പോൾ ആര്ത്തലച്ചു കരയും 
ചിലപ്പോൾ നിശബ്ദമായി തേങ്ങും ...
കണ്ണുനീരിന്റെ ജല്പനങ്ങൾ 
ഒരു പ്രളയക്കടൽ ഇരമ്പുന്നുണ്ട്
ഇരുട്ടിൽ നിന്നും ഇരുട്ടിലേക്കൊഴുകി 
അലമുറയിട്ടു വിതുമ്പു ന്നുണ്ട് 
പൊട്ടിയടർന്ന ശംഖിനുള്ളിൽ 
ഒരു കുഞ്ഞു ഹൃദയമിടിക്കുന്നുണ്ട് 
ചില നിമിഷങ്ങൾ കലങ്ങിയടിഞ്ഞ 
തിരയിൽ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നു 
ഇടയ്ക്കെപ്പോഴോ കരയെ വിഴുങ്ങിയ കടൽ 
അതാണിപ്പോൾ വിഷാദം 
മാത്രം ചേര്ത്തു വച്ച മനസ്സ്...
കാര മുള്ള് പോലെ അതെന്നെ 
കുത്തി നോവിക്കുന്നു...
മഞ്ഞച്ച ചെതുമ്പലുകൾ 
കൊണ്ടെന്റെ അസ്ഥികൾ ദ്രവിച്ചു 
തുടങ്ങിയിരിക്കുന്നു ....
ഹാ സ്വപ്നവും യാഥാര്ത്യവും 
തമ്മിലുള്ള അന്തരം എത്രയോ 
ദീര്ഘമേറിയതാണെന്ന ഓർമപ്പെടുത്തൽ !!