2011, ഒക്‌ടോബർ 25, ചൊവ്വാഴ്ച

എന്റെ കണ്ണന്...

കൃഷ്ണ ഈ കടമ്പിന്‍ ചുവട്ടില്‍
വീണ്ടുമൊരു രാധികയായ് 
നിന്നെയും കാത്തിരിപ്പു ഞാന്‍ 
ഈ യമുന തന്‍ ഓളങ്ങളില്‍ 
നിന്‍ മുരളിക തന്‍ താളങ്ങളില്‍ 
ഒരു കൃഷ്ണ തുളസിയായ്
നിന്‍ പാദങ്ങളില്‍ വീണലിഞ്ഞു 
തീരാന്‍,ഇനിയും ഒരു വേണു 
ഗാനമായ് നിന്‍ ചുണ്ടില്‍ 
തേന്‍ ചൊരിയാന്‍
ഇനിയുമൊരു മീരയായ് 
നിനക്കായ്‌ പദം തീര്‍ക്കാന്‍ 
നിന്‍ പാദധൂളിയില്‍   
ഒരു രേണുവായ്‌  മാറി  
നിന്നില്‍  അടിഞ്ഞൊന്നു  
പൊട്ടിക്കരയുവാന്‍  
വീണ്ടുമൊരു വൃന്ദാവനം  
തേടി  അലയവേ  കൃഷ്ണ 
നീയെന്നെ  അറിയുമോ ?
ഇനിയും ഒരു മയില്‍പ്പീലി 
തന്‍ സാന്ത്വനമായെന്റെ 
ഹൃദയത്തില്‍ വീണ്ടും 
നിറഞൊഴുകീടുമോ ?2011, ഒക്‌ടോബർ 19, ബുധനാഴ്‌ച

കാ‍ന്താരി..

വേദനിപ്പിക്കാന്‍ വേദനകളെ
തേടി യാത്രയാവുമ്പോള്‍
പഴുക്കാന്‍ പഴങ്ങളെ
തിരയുമ്പോള്‍
നീറ്റലിന്റെ ചുവപ്പും പേറി
ഒരു കാ‍ന്താരി മുളക്
മുറ്റത്തു കിടക്കുന്നു...
പഴുത്തിരിക്കാം നീറുന്ന വേദനകള്‍
കടിച്ചമര്‍ത്തിയിരിക്കാം...
എങ്കിലും ഇവള്‍ കാ‍ന്താരി...
ഉടച്ചു കൂട്ടി എരിവു
പകര്‍ന്നു കഞ്ഞി കലത്തിനു
കൂട്ടായ് പോകാന്‍ വന്നതാവാം
അറിയാതെ മുറ്റത്താരോ
വലിച്ചെറിഞ്ഞതുമായിരിക്കാം
പച്ചയില്‍ നിന്നും പഴുത്തു
വിത്തായ് മാറാന്‍ കൊതിച്ചതാവാം
 ഈ കൊച്ചു കാ‍ന്താരി...
മുറ്റത്തെ മുളക് ചെടിയില്‍
പൂത്താംകീരികള്‍ കൊത്തി
വലിച്ചിട്ടതാവാം
അതുമല്ലെങ്കില്‍ സ്വയം
മുളക് ചെടിയെ മറന്നു
ഞെട്ടറ്റു വീണതാവാം
എടുത്തു കൈവെള്ളയില്‍
വച്ചപ്പോള്‍ ചിരിക്കാതെ
പരുഷമായ് നോക്കിയെന്നെ...
.കാരണം അവളൊരു കാ‍ന്താരി..
എരിവു പകര്‍ന്ന ഓര്‍മകള്‍ക്കുടമ
വലിച്ചെറിഞ്ഞു ഞാന്‍
എന്‍ വഴി തേടി പോകവേ
സ്വയം തപിച്ചിരിക്കാം...
അല്ലെങ്കില്‍ പൊട്ടിക്കരഞ്ഞിരിക്കാം
വിലപിച്ചിരിക്കാം
എന്‍ കൊച്ചു കാ‍ന്താരി...
തിരിഞ്ഞു നോക്കാതെ നടന്നു
പോയ്‌ ഞാന്‍
തിരികെ വരുമെന്നൊരു
വാക്ക് പോലും നല്കിടാതെ...
കാരണം അവളൊരു കൊച്ചു  കാ‍ന്താരി...


2011, ഒക്‌ടോബർ 17, തിങ്കളാഴ്‌ച

നഷ്ടങ്ങള്‍

ചിറകു നഷ്ടപ്പെട്ട പൂമ്പാറ്റ 
വെറും പാറ്റയായ് മാറുമ്പോള്‍,
ഋതു ഭേദങ്ങളില്‍ നഷ്ടപ്പെട്ടതിനെ 
കുറിച്ചോര്‍ത്തു വിലപിക്കുമോ...?
കൊഴിഞ്ഞു പോയ ശിശിരത്തിന്റെ 
മാവിന്‍ ചുവട്ടില്‍ ഒരു
കരിയിലയായ് വീണ്ടും 
ഒടുങ്ങി തീര്‍ക്കേ 
നഷ്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ 
കൂട്ടിക്കിഴിച്ചു കിട്ടിയത് 
വലിയൊരു വട്ടപൂജ്യം മാത്രം !
നഷ്ടപ്പെടാന്‍ ഒന്നുമില്ലെങ്കിലും 
നഷ്ടപ്പെടുന്നു എന്തൊക്കെയോ...
ചെയ്തു പോയ പാപങ്ങളുടെ 
പാഴ്ഭാണ്ടത്തില്‍ അഴുകി 
നാറുന്ന ജീവിത ഗന്ധം 
സ്മരിക്കാന്‍ സ്മൃതികള്‍ 
ഇല്ലെങ്കിലും സൂക്ഷിക്കാന്‍ 
എണ്ണമറ്റ നിനവുകള്‍ ഇല്ലെങ്കിലും
കാത്തു വയ്ക്കുന്നു 
എന്തൊക്കെയോ ഇന്നും 
ചിലപ്പോള്‍ പ്രതീക്ഷകളുടെ
ഉടഞ്ഞു പോയ സ്ഫടിക 
പൊട്ടുകള്‍...
മറ്റു ചിലപ്പോള്‍ കൊഴിഞ്ഞ 
ചിറകിന്റെ നാഡീ മിടിപ്പുകള്‍...
എങ്കിലും ചില നിമിഷങ്ങളില്‍ 
സ്പന്ധനങ്ങളായ് നഷ്ടപെടലുകളെ 
മറക്കാന്‍ ശ്രമിക്കുന്ന 
നഷ്ട  ഹൃദയത്തിന്‍ വേദന...
ചങ്ക് പിളര്‍ത്ത് യാത്ര 
പറഞ്ഞ രോദനങ്ങള്‍...
എല്ലാ നഷ്ടങ്ങളും 
നഷ്ടങ്ങളായ് മാത്രം പരിണമിക്കെ 
ഇനിയും എന്തൊക്കെയോ 
നഷ്ടപ്പെടാന്‍ ജീവിതം 
ബാക്കിയാവുന്നു,,,
2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

തെറ്റ്..അമ്മ പറഞ്ഞു
അടക്കവും ഒതുക്കവും
ഇല്ലാത്തവള്‍
അച്ഛന്‍ പറഞ്ഞു
നിക്ഷേധി,അഹങ്കാരി
ചേച്ചി പറഞ്ഞു
തന്റേടി,ധിക്കാരി
അവനും പറഞ്ഞു,
സ്നേഹം തിരിച്ചറിയാത്തവള്‍
ഞാന്‍ എന്നോട് തന്നെ
ചോദിച്ചു
പെണ്ണെ നീയാരാണ്‌..
ഉത്തരം എനിക്ക്
മാത്രം ന്യായങ്ങള്‍
നല്‍കുന്നവയായിരുന്നു...
ആര്‍ക്കും നല്‍കാന്‍
എനിക്കുത്തരങ്ങളില്ല...
ഞാന്‍ ഞാനായി
ജീവിക്കുന്നു...
എന്നിലെ തെറ്റും ശരിയും
എന്റെ മാത്രമാവുമ്പോള്‍
ഞാന്‍ മറ്റുള്ളവര്‍ക്ക്
മുന്നില്‍ വലിയൊരു
തെറ്റായി മാറുന്നു...
തിരുത്താന്‍ കഴിയാത്ത
വലിയൊരു തെറ്റ്...

2011, ഒക്‌ടോബർ 14, വെള്ളിയാഴ്‌ച

യാത്രാമൊഴി....

മുറിവുകള്‍ മാത്രം
നല്‍കി ഈ ലോകം...
സത്യത്തെ മറന്നു 
മിഥ്യയെ തേടി..
വിടരാന്‍  കൊതിച്ചു 
മുളയിലെ നുള്ളി...
ചിരിക്കാന്‍ ശ്രമിച്ചു,
കരയിച്ചു എന്നും...
മഴയെ സ്നേഹിച്ചു
വെയിലിനെ നല്‍കി..
ഒഴുകാന്‍ നിനച്ചു
തടയണ കെട്ടി..
പൂക്കളെ തേടി
കല്ലുകള്‍ നല്‍കി..
പുലരിയെ തേടി
രാവിനെ തന്നു...
മുറിവേറ്റ പാടുകള്‍
മൂകയായ്‌ നോക്കി...
ഇനി വേണ്ടെനിക്കീ
ലോകവും
മിഴിനീരു പൊഴിയുമീ
ഏകാന്ത രാവും...
പോകട്ടെ ഞാനും
പരാതിയില്ലാതെ
എന്‍ മുറിവേറ്റ
ചിറകുമായ് യാത്രയാവട്ടെ...


.


2011, ഒക്‌ടോബർ 11, ചൊവ്വാഴ്ച

സമയമില്ലെനിക്കൊന്നിനും ..നൊമ്പരങ്ങളുടെ പടവുകള്‍
കയറി ചെന്നെത്തിയത്
പഴയോരീ നാലുകെട്ടില്‍...
വരവേല്‍ക്കാന്‍
വാല് പൊട്ടിയ കിണ്ടിയില്‍
നിറഞ്ഞ മഴവെള്ളം
എടുത്ത് ശുദ്ധം വരുത്തി...
തുളസിത്തറയില്‍ എരിഞ്ഞു
തീര്‍ന്ന തിരികള്‍
ചെരാതിന്റെ കറുപ്പ്
കണ്ണാടിയില്‍ തിളങ്ങുമ്പോള്‍
അകത്തളങ്ങളില്‍
പ്രേതത്മാക്കളെ പോലെ
ഓര്‍മ്മകള്‍ അലട്ടുന്നു ...
വക്കു ഞളുങ്ങിയ
പിച്ചള പാത്രം
വടക്കിനി തിണ്ണയില്‍
കടന്നു പോയ യൌവനത്തിന്‍
സ്മൃതിയില്‍ മൂകയാവുന്നു ...
ഭാഗം വച്ചപ്പോള്‍
ആര്‍ക്കും വേണ്ടാതെ പോയ
അസ്ഥിപന്ജരങ്ങള്‍...
മുറ്റത്തെ മൂവാണ്ടന്
ഏട്ടന്‍ നല്‍കിയത്
എട്ടായിരം...
കാറ്റത്ത്‌ ഉടഞ്ഞു പോയ
കിളിക്കൂട് പോലെ
കളിച്ചു മറന്ന ബാല്യം ,മുറിച്ചു
മാറ്റിയ തടികള്‍ക്കൊപ്പം
പടിയിറങ്ങി കടന്നുപോയ്...!
ആദ്യമായ് നല്‍കിയ
ചുംബനത്തെ ഓര്‍ത്ത്
പടവുകളിറങ്ങിയപ്പോള്‍
പകുതി മണ്ണിട്ട്‌ തൂര്‍ത്ത
ആമ്പല്‍ക്കുളം എന്തോ
അവസാനമായി പറയാന്‍
കൊതിച്ച അവളുടെ
കണ്ണുകളെ പോലെ
ഉറ്റു നോക്കി...
പര ദേവതകളും
നാഗത്തനും ഉറങ്ങുന്ന
സര്‍പ്പക്കാവ് വെട്ടി
റിസോര്‍ട്ടിനു മോടി
കൂട്ടുമ്പോള്‍
ശാപങ്ങളെ കുറിച്ചോര്‍ക്കാന്‍
സമയമില്ലാതെ പോയ്‌...
ഒടുവിലീ ചിതലരിച്ച
പടിപ്പുരയില്‍
അവസ്സാനമായ്
തിരിഞ്ഞു നോക്കവേ
ആരൊക്കെയോ എന്നെ
പിന്തുടരുന്നുവോ ?
ഒരു കൊച്ചു വള
കിലുക്കമോ?
അതോ മറന്ന് പോയൊരാ
മാമ്പഴക്കാലമോ?
ഇനിയും ഓര്‍ക്ക വയ്യ
എന്‍ ഓര്‍മകളെ...
വിരല്‍ത്തുമ്പില്‍ തൂങ്ങി
നടന്നു പോയ ബാല്യത്തെ...
പ്രണയത്തില്‍ കുതിര്‍ന്ന
കൌമാരത്തെ..
ഒടുവില്‍ എല്ലാം മറന്ന്
പെയ്തു തീരാന്‍
കൊതിക്കുന്ന ഈ
യൌവനത്തെ...
സമയമില്ലെനിക്കൊന്നിനും
ഉണ്ടെങ്കിലും ഇല്ലെന്നു
നടിച്ചു പടിയിറങ്ങട്ടെ ഞാന്‍...!


2011, ഒക്‌ടോബർ 3, തിങ്കളാഴ്‌ച

ചീവീടുകള്‍ ..


ഇരുട്ടിനെ പ്രണയിച്ച കൂട്ടുകാരീ...

നീ പുറത്തെ കുറ്റിക്കാട്ടില്‍

ആര്‍ക്കാനോ വേണ്ടി കരയുന്ന

ചീവീടുകളെ കണ്ടുവോ...?

നിശ്ശബ്ദതയുടെ നേര്‍രേഖയില്‍,

നീ വരച്ചിട്ട ശബ്ദത്തിന്റെ

ഓക്കാനം എച്ചിലായ്

ശേഷിക്കുംപോള്‍

മഴക്കാടുകളില്‍ വീണ്ടും

ആ വൃത്തികെട്ട ചീവീടുകള്‍

കരയുന്നു...

കാതു തുളച്ചു കാറ്റിന്റെ

വേഗത്തില്‍ പറന്നുയര്‍ന്ന

പടക്കൊപ്പുകളില്‍ അല്‍ഖ്വയ്ദയും

ഹുജിയും അരങ്ങു

തകര്‍ത്തപ്പോള്‍

നീ വീണ്ടും ഇരുട്ടിലേക്ക്

ഓടിയോളിച്ചുവോ...?

ഭൂഗര്‍ഭ അറകളില്‍ നിധിക്ക്

കാവലായ് മൂര്‍ച്ചയേറിയ

വാളുമായ് നില്‍ക്കവേ

മുറിവേറ്റ നിന്റെ മനസ്സിന്റെ

ഇടനാഴികളില്‍

വീണ്ടും ആ ചീവീടുകള്‍

കരയുന്നു...

ഇനിയുമൊരു കാര്‍ഗിലും

ഹിരോഷിമയുമില്ലാതെ

ഉറങ്ങാന്‍ ശ്രമിക്കവേ

കാതു തുളയ്ക്കുന്നതാ

രോദനം മാത്രം....

രക്തമൂറ്റി കുടിക്കുന്നു

കട വാവലുകള്‍,

ഇന്നുമീ അതിര്‍ വരമ്പുകളില്‍...

പ്രിയ കൂട്ടുകാരീ നീ

അന്ധകാരത്തെ പ്രണയിക്കുക...

കാരണം ഇത്

ഇരുട്ട് വാഴുന്ന ലോകം...

ഇവിടെ അനശ്വരത

അന്ധകാരത്തിന് മാത്രം...

നിലയ്ക്കാതെ കരയും

എന്നുമീ ചീവീടുകള്‍..

നിന്നവസാന ശ്വാസം

നിലയ്ക്കും വരെ...

.