2012, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

ഉരുള്‍പൊട്ടല്‍..

വരഞ്ഞു മുറിച്ച
വാക്കുകളിലെ സ്പഷ്ടത..
നിന്നെ കുറിച്ചു
പത്ര താളുകളില്‍ കണ്ടു...
നോക്കാന്‍ സമയം
കിട്ടിയില്ല..
പൊള്ളുന്ന വാക്കുകളുടെ
മുള്‍മുന...
അത് നിന്നെ കുത്തി
നോവിക്കുന്നുണ്ടോ ?
ഉണ്ടെങ്കില്‍ സഹിച്ചു
കൊള്ളുക..
അത് പത്ര ധര്‍മം...
ക്യാമറയ്ക്ക് മുന്നില്‍
കണ്ണീരൊപ്പാന്‍
വന്നുവോ അധികാരികള്‍..?
നിശ്ശബ്ദത പാലിക്കുക...
അതാണ്‌ രാഷ്ട്രീയ ധര്‍മം..
നഷ്ട പരിഹാരത്തിന്റെ
ലിസ്ടിനെക്കുറിച്ചു
കേള്‍വിപ്പെട്ടുവോ..?
മറു കാത്‌ തുറന്നു
കേട്ട വാര്‍ത്തയെ
കാറ്റില്‍ പറത്തുക..
കാരണം അത് വെറും
വാര്‍ത്ത മാത്രം..
സമയം കിട്ടുകയാണെങ്കില്‍
ബസിലോ ട്രെയിനിലോ
ഞാനും സഹതപിക്കാം..
ഉരുള്‍ പൊട്ടലില്‍
ഒലിച്ചു പോയ
നിന്റെ വീടിനെക്കുറിച്ച്..
കാണാതായ മകനെ കുറിച്ച്..
കണ്ടു കിട്ടിയ ഭര്‍ത്താവിന്റെ
ശവത്തെ കുറിച്ച്..
ഇനിയും തിരച്ചില്‍ നടത്തുന്ന
അമ്മയെ കുറിച്ച്...
ഇപ്പോള്‍ സമയമില്ല..
എന്റെ ബസ്‌ പോവും...

2012, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

നീയൊന്നു വന്നെങ്കില്‍...

പഴയ പുസ്തക താളിലേക്കെത്തുവാന്‍
ഒരു മയില്‍പ്പീലി തന്‍
ദൂരങ്ങള്‍ താണ്ടണം..
ഒരു കുടന്ന കണിക്കൊന്ന
മലരുമായ് പഴയൊരാ
വിഷുവെന്‍ ഓര്‍മയില്‍
പെയ്യണം...
പ്രണയമെന്തെന്നു ചൊല്ലവേ
നീയന്നു മധുരമായ്
നല്‍കിയ നെല്ലിക്കയോര്‍ക്കണം
ഇരുളു മാഞ്ഞ വഴിയിലൂടെങ്ങു നീ
ധൃതി പിടിച്ചു കടന്നു പോയ്‌
ബാല്യമേ...?
വഴി തിരഞ്ഞു ഞാന്‍ വന്നതോ
വഴി തെറ്റി നിന്നൊരാ
കൌമാര മുറ്റത്ത്..
വില പിടിച്ചൊരാ ഓര്‍മ
തന്‍ പുസ്തകം
ഹൃദയ സ്പന്ധമായ്
ചേര്‍ത്തു വച്ചന്നു ഞാന്‍
മുതു മുത്തി മല തന്റെ
ഉച്ചിയില്‍ നിന്നൊരു
മല വെള്ള പാച്ചില്‍ പോല്‍
വന്നെന്റെ ഓര്‍മ്മകള്‍..
പിടയുവതെന്തിനെന്‍ 
ഉള്‍ത്തടം ഇന്നൊരാ പഴയ
ബാല്യത്തിന്റെ മധുര സ്മരണയില്‍...
കനവുണ്ട് കണ്ണീരിന്‍
ഉറവുണ്ടിറവെള്ള പാച്ചിലായ്
കടലാസു തോണി
തന്‍ നിറമുണ്ട്..
ചോണന്റെ കുഞ്ഞ് 
കൊട്ടാരമുണ്ടപ്പുറത്ത  
യലത്തെ വീട്ടിലെ
അമ്മിണിപ്പശുവുണ്ട്  
കുമ്പള പ്പൂവിനാല്‍
തീര്‍ത്തൊരോണക്കളം
കുമ്മിയടിക്കുവാന്‍
കൂട്ടുകാരേറെയും ..
പെറ്റു പെരുകുന്ന
പുളിയനുറുംപിന്റെ
പട്ടാള മാര്‍ച്ചിന്നു
സലുട്ട് നല്‍കീടണം
മുറ്റത്തെ മൂവാണ്ടന്‍ മാവില്‍
നിന്നൊരു മുത്തശ്ശിയണ്ണാന്‍
 ചിലയ്ക്കുന്ന നിനവുണ്ട്..
മഞ്ചാടി പൂക്കുന്ന
തൊടിയിലേക്കെത്തുവാന്‍
ഒരു കൊടിത്തൂവ തന്‍ 
ചൊറിയുന്ന മറവുണ്ട്...
വഴു വഴുപ്പുള്ള 
കുളത്തിന്‍ കരയിലായ്
പരലുകള്‍ നീന്തി
തുടിക്കുന്ന സുഖമുണ്ട്...
ഇനിയുമെന്നെന്കിലുമെന്
ജീവിത തോണിയില്‍
ബാല്യമേ നീയൊന്നു
വന്നടിഞ്ഞീടുമോ..
വെറുതെ മോഹിക്കയാണ് ഞാന്‍
വെറുതെ,വെറുതെ
ബാല്യമേ നീയൊന്നു  
വന്നെങ്കില്‍...