2011, സെപ്റ്റംബർ 29, വ്യാഴാഴ്‌ച

അപശ്ശകുനം..

നാല് കാലില്‍  മേല്‍ക്കൂര
താങ്ങുന്ന പല്ലി 
അറിയാതൊന്നു താഴേക്കു 
വീണാല്‍,
അടുത്ത വീട്ടിലെ കരിമ്പൂച്ച 
കുറുകെ ഒന്നോടിയാല്‍,
വീട്ടു വേലക്കാരി 
കാലത്തിറന്ഗുമ്പോള്‍  മുറ്റം 
തൂക്കുന്ന ചൂലെടുത്താല്‍ 
പിറു പിറുക്കുന്നെന്‍
മുതുക്കി മുത്തശ്ശി...
അപശ്ശകുനം അപശ്ശകുനം
സര്‍വത്ര അപശ്ശകുനം..
പുറത്തിറങ്ങുമ്പോള്‍ കണ്ടത് 
ചെത്തുകാരന്‍ രാമന്റെ 
ശവഘോഷ യാത്ര..
പുറം തിരിഞ്ഞു നില്‍ക്കുന്ന 
അമ്മിണി പയ്യിന്റെ ആസനം...
"നല്ല ലക്ഷണാ കുട്ട്യേ"
മുത്തശ്ശി മൊഴിഞ്ഞു...
വീണ്ടും വെറ്റില തുമ്പില്‍ 
ചുവക്കുന്ന മോണ
കാട്ടി വെളുക്കെ ചിരിക്കുമ്പോള്‍
മനസ്സില്‍ പറഞ്ഞു 
മുത്തശ്ശിക്ക് വട്ടുണ്ടോ...?





2011, സെപ്റ്റംബർ 24, ശനിയാഴ്‌ച

വൈധവ്യം...


എന്റെ വിഷാദങ്ങളെ തട്ടി മാറ്റി

കടന്നു പോയ പകലുകള്‍....

തുറന്നിട്ട ജനല്പ്പാളികളില്‍

ഊര്‍ന്നിറങ്ങുമീ കണ്ണ് നീര്‍ത്തുള്ളികള്‍..

മോഹഭംഗം വന്ന മനസ്സിന്റെ

ചപലതയില്‍ വീണ്ടും

തളിര്‍ക്കുന്ന മോഹങ്ങള്‍...

ഒരിക്കല്‍ കൂടി നിന്‍ നേര്‍ത്ത

സ്വരമൊന്നു കേള്‍ക്കാന്‍ ,

നിന്‍ മുഗ്ദ ആലിംഗനത്തിന്റെ

നിര്‍വൃതി തേടാന്‍ ,

നിന്‍ ചുംബനങ്ങളില്‍

ഇഴുകി ചേരാന്‍

നിന്റെ വേരുകളില്‍

ആഴ്ന്നിറങ്ങാന്‍,

വ്യര്‍ത്ഥം കൊതിക്കവേ

സ്വപ്നങ്ങളില്‍ നീ കോര്‍ത്ത

താലി ചരടില്‍

നിന്‍ തുടു വിരല്‍

ചാര്‍ത്തിയ കുങ്കുമത്തില്‍

ഇനിയും നിന്‍  ഓര്‍മകള്‍

ബാക്കി വച്ച പ്രണയത്തില്‍

വാചാലമാവാന്‍ ശ്രമിക്കുന്ന

മൌനം നിറഞ്ഞ

നിന്‍ വേര്‍പാടില്‍ ,

ഞാന്‍ നീ ആയിരുന്നെന്ന്‍

അറിയവേ,

വിദൂരതയില്‍ വീണ്ടും

വലിച്ചടയ്ക്കുന്നു ഞാനീ

ജനല്‍പ്പാളികള്‍

നിന്നോര്മകളുടെ യവനിക

ഇനിയെങ്കിലും

അലസമീ മോഹക്കാറ്റില്‍

പറക്കാതിരിക്കുവാനായ്...




ഭ്രാന്ത്..


സ്വസ്ഥത തേടി വന്നെത്തിയത് ,

ഒടുവിലീ കടത്തിണ്ണ തന്‍

പൊടി പിടിച്ച സിമന്റു ബെഞ്ചില്‍..

ഭ്രാന്തനെന്നു മുദ്ര കുത്തി

എറിഞ്ഞു തീര്‍ത്ത കല്ലുകള്‍

മുറിവേല്‍പ്പിച്ചത് എന്റെ

തൊലിപ്പുറം മാത്രം...

ഒരു പഴയ ഓട്ട മുക്കാലില്‍ നിന്നും

ഗാന്ധി തലയിലേക്ക്

ഓടുന്ന കാലത്തില്‍

ഓടാന്‍ മറന്നത്

ഞാന്‍ ചെയ്ത കുറ്റം...

ബാല്യം തുളുമ്പുന്ന

അവളെ കൊന്നു മരപ്പൊത്തില്‍

വയ്ക്കാന്‍ മറന്നതും .

എന്റെ തെറ്റ്..

തിരണ്ട ലോകത്തിന്റെ അടി

വേര് തേടി നടക്കാന്‍

തുടങ്ങിയതും

പിഴവ് മാത്രം..

ഓണ നിലാവില്‍

നുരയുന്ന വീഞ്ഞിനായ്

അലയാന്‍ മറന്നതും

തെറ്റ് തന്നെ...

ഒളി ക്യാമറകളില്‍

നഗ്നത തേടി അലയാതിരുന്നതും

ഭ്രാന്ത് തന്നെ..

ഒടുവില്‍ ഭ്രാന്തനെന്നു

വിരല്‍ ചൂണ്ടി

പരിഹസിച്ചപ്പോള്‍

പ്രതികരിക്കാത്തതും

എന്റെ കുറ്റം...

തെറ്റുകള്‍ക്കൊടുവില്‍

മരിച്ചു പോയ്‌ എന്‍ ശരി

ചിത്ത ഭ്രമത്തിന്റെ

ഉള്ത്തടത്തില്‍...




2011, സെപ്റ്റംബർ 15, വ്യാഴാഴ്‌ച

പ്രാക്ക്...





കൊക്കി കുരച്ച് പുതപ്പിനടിയില്‍

ഉറങ്ങാന്‍ കിടക്കുമ്പോള്‍

മരുമകള്‍ പ്രാകി തുടങ്ങി....

നന്നങ്ങാടി വയ്ക്കാറായിട്ടും

ചാവാത്ത തള്ള...!

പഴുത്തു തുടങ്ങിയ മുറിവില്‍

പുഴുവരിച്ചപ്പോള്‍

നൊന്തു പെറ്റ മകനും

പറഞ്ഞു...

ഇനിയും മരിക്കാറായില്ലേ

അമ്മയ്ക്ക്...?

കുളിമുറിയില്‍ വെള്ളം

നിറയ്ക്കുമ്പോള്‍

വേലക്കാരി ശാന്ത

"ഇതിനെ കുളിപ്പിച്ച്

ന്റെ ജന്മം തീരും..."

രാമായണം എടുത്തു

പൊടി തട്ടിയപ്പോള്‍

വല കെട്ടിയ എട്ടുകാലിക്കും

കലി...!

ഓമനിച്ചൂട്ടിയ കൊച്ചുമോനും

അയിത്തം കല്‍പ്പിച്ചപ്പോള്‍

എനിക്കും തോന്നി തുടങ്ങി ...

തിമിരം മൂടിയ കണ്ണുകളില്‍

ചുക്കി ചുളിഞ്ഞ തൊലിയില്‍

പുകല മണക്കുന്ന വായില്‍

ഞാനും പറഞ്ഞു...

എന്റെയീ നശിച്ച ജന്മം...!

നേരത്തെ പോയ

ഭര്‍ത്താവ് മാത്രം

കുറ്റം പറയാതെ

ചുമരില്‍ ചിരി തൂകി...!

2011, സെപ്റ്റംബർ 12, തിങ്കളാഴ്‌ച

വിശപ്പ്‌ ...





അരച്ചാണ്‍ വയറില്‍ ഒരു ആളിക്കത്തല്‍ ,

അയലത്തെ വീട്ടില്‍ തിളയ്ക്കുന്ന സാമ്പാര്‍...

നാഡികളില്‍ പടര്‍ന്ന് തലച്ചോറില്‍

എത്തുമ്പോള്‍ അസ്സഹനീയം ..

എല്ലിന്റെ നാണം മറയ്ക്കാന്‍

ഒട്ടിയ തോലിലും, ഉന്തിയ

കണ്ണിലും നിസ്സന്ഗത...!

മുറുക്കിയുടുത്ത മുണ്ടിനു കീഴില്‍

പിടയുന്ന നാഭി...

നീട്ടിയ കൈക്കു പകരം ലഭിച്ചത്

ശൂന്യമായ ഒരു നോട്ടം...

ഒടുവില്‍ മടിക്കുത്തഴിയുംപോള്‍

വിധേയത്വം !

നീളുന്ന നാണ്യങ്ങള്‍...

പഴിക്കേണ്ടത് ആരെ..?

വിശപ്പിനെയോ വിധിയെയോ?

അതോ അവസാനത്തെ വിധേയത്വത്തെയോ...?

2011, സെപ്റ്റംബർ 11, ഞായറാഴ്‌ച

ഓര്‍മ്മ...





നിശബ്ദത !

ഞാന്‍ മരിച്ചിരിക്കുന്നു...

ആത്മാവ് ശരീരത്തില്‍ നിന്നും

അകലാന്‍ മടിച്ചു നില്‍ക്കവേ

വിതുമ്പിയ മനസ്സിന് കരയാന്‍

എനിക്ക് ഇപ്പോള്‍ കണ്ണുകളില്ല..

.ഉമ്മറക്കോലായില്‍ അടക്കി

പിടിച്ച തേങ്ങലുകള്‍ !

വെള്ള പുതച്ചു കിടത്തിയ

എന്റെ.ശരീരം

തലയ്ക്കല്‍ കത്തിയെരിയുന്ന

ചന്ദനത്തിരികള്‍,തേങ്ങ മുറികള്‍...

അന്യമായ പാഴ് വസ്തു പോലെ

എന്റെ ജഡം...

വിഷാദം...!

ഞാന്‍ ഞാനായിരുന്നു...

ഞാന്‍ മാത്രം...

അനുകമ്പകള്‍,ഗദ്ഗദങ്ങള്‍...

ആരൊക്കെയോ ചേര്‍ന്ന്

നഗ്നമാക്കുന്ന എന്റെ. ശരീരം...

ഒടുവില്‍ കറുത്ത ചരടില്‍

കോര്‍ത്ത അരഞ്ഞാണം

പോലും മുറിച്ചെടുക്കുമ്പോള്‍ 

അലഞ്ഞു തിരിഞ്ഞ എന്റെ

ആത്മാവ് ലജ്ജിച്ചിരുന്നോ ?

ദേഹം നഷ്ടപ്പെട്ട ദേഹി...

മണ്ണില്‍ അഴുകാന്‍, ഞാന്‍

വെളുപ്പിച്ചും മണപ്പിച്ചും

കാത്തു വച്ച ശരീരത്തെ

നിര്‍ദ്ദയം അവര്‍ യാത്രയാക്കി...

സുഗന്ധ ലേപനങ്ങളും

മഞ്ഞളും തേച്ചു ഞാന്‍

വെളുപ്പിച്ച മുഖത്ത്,

വെറും  മണ്‍തരികളില്‍ 

ഫേസ് പാക്ക് തീര്‍ത്തു...

ഒടുവില്‍ അഴുകാന്‍ തുടങ്ങിയ

അസ്തിത്വത്തിനു ഒരു പിടി

എള്ളില്‍ ബലി ദര്‍പ്പണം

നല്‍കി മടങ്ങുമ്പോള്‍

എന്റെ ആത്മാവിനു നല്‍കിയ

നിത്യശാന്തിയില്‍ നിര്‍വൃതി !

പണ്ടെങ്ങോ ഞാന്‍ വെളുക്കെ

ചിരിച്ച ഒരു ഫോട്ടോയില്‍

ഒരു പ്ലാസ്റ്റിക്‌ മാലയും

പത്രതാളിന്റെ മൂലയിലെങ്ങോ 

ഒരു ചരമ കുറിപ്പും

നല്‍കി ഞാനും വെറും

ഓര്‍മയാകുന്നു...