2012, ഡിസംബർ 31, തിങ്കളാഴ്‌ച

ഡിസംബര്‍ നീ എനിക്ക് പ്രിയപ്പെട്ടവളാകുമായിരുന്നു...

ഡിസംബര്‍  നീ പോവുകയാണ്..
ചിലപ്പോഴൊക്കെ മഞ്ഞു
മൂടിയ താഴ്വാരങ്ങളില്‍
നിന്റെ നേര്‍ത്ത കമ്പളം
പിഞ്ഞി കീറിയത്
ഞാന്‍ നോക്കി നിന്നിരുന്നു.
ബാക്കിയായ മണിക്കൂറുകളെ
നോക്കി നീ നെടുവീര്‍പ്പിട്ടതും
നിന്നില്‍ അണഞ്ഞ
ജ്യോതിയില്‍ ഒരു കണ്ണു
നീര്‍ തുള്ളിയുടെ വെളിച്ചം
ബാക്കി വച്ചതും...
 
 നീ തന്ന നോവിന്റെ
നിനവ് മായ്ച്ചു കളയാന്‍
നാളെയൊരു ജനുവരി
പിറക്കുമ്പോള്‍
ദില്ലിയുടെ തെരുവോരങ്ങളില്‍
അവള്‍ തേങ്ങുന്നുണ്ടാവാം 
ഒരു പക്ഷെ എന്റെ പ്രിയ 
സഹോദരിയെ  നീ 
തിരിച്ചു തന്നിരുന്നെങ്കില്‍  
ഡിസംബര്‍ നീ എനിക്ക്
പ്രിയപ്പെട്ടവളാകുമായിരുന്നു...
യാത്ര ചൊല്ലട്ടെ ഞാന്‍
പഴയൊരു സുനാമിയുടെ,
പുതിയൊരു ജ്യോതിസ്സിന്റെ 
കണ്ണുനീര്‍ കൂട്ടില്‍ നിന്നും....
ഡിസംബര്‍ ഇനിയെങ്കിലും
ഇങ്ങനെ നീ പിറക്കാതിരിക്കുക
എങ്കില്‍ ഒരു പക്ഷെ
ഡിസംബര്‍ നീ എനിക്ക്
പ്രിയപ്പെട്ടവളാകുമായിരുന്നു...
 

2012, ഡിസംബർ 17, തിങ്കളാഴ്‌ച

പൈങ്കിളികള്‍

 വേട്ടക്കാരന്‍ :
 
നിന്റെ കവിതകള്‍
വെറും പൈങ്കിളികളാണ്...
വിഭ്രാന്തികള്‍ .... 
ജല്പനകള്‍ ..
അടച്ചു പൂട്ടി ചവറ്റു
കുട്ടയിലെറിയൂ ഈ ഭ്രാന്തുകള്‍...
***************************
ഞാന്‍ :
 
എന്തായാലും കിളിയല്ലേ
അതിനെ സ്വതന്ത്രമായി
പറക്കാന്‍ വിടുക
എന്റെ കൊച്ചു
പൈങ്കിളികള്‍
അവയെ നിന്റെ
കമ്പി വലയത്തില്‍
അടച്ചു പൂട്ടാതിരിക്കുക..
അവ പലപ്പോഴും
പറയാതെ പോയ
എന്റെ ദീര്‍ഘ നിശ്വാസങ്ങളാണ്
കുഞ്ഞു നൊമ്പരങ്ങളാണ്
വികലമായ സ്വപ്നങ്ങളാണ്
********************* 
നേരംപോക്ക് :
 
എന്റെ പൈങ്കിളികളെ
ഞാന്‍ പറത്തി വിടുകയാണ്
എനിക്ക് പലപ്പോഴും
അന്യമായ ഈ ആകാശത്തില്‍ ..
എനിക്ക് അപരിചിതമായ
വഴികളില്‍.
ചിറക് തളര്‍ന്നു തളര്‍ന്നു
മറ്റൊരു വേട്ടക്കാരന് മുന്നില്‍
വീഴും വരേയ്ക്കും

2012, ഡിസംബർ 12, ബുധനാഴ്‌ച

ആത്മാക്കള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ...


ചിലപ്പോഴൊക്കെ കുഴി
മാടത്തില്‍ നിന്നും ആത്മാക്കള്‍
ഉയിര്‍ത്തെഴുന്നേല്‍ക്കാറുണ്ടത്രെ
നഷ്ടപ്പെട്ട ജീവിതത്തെ
വീണ്ടും ഉറ്റു നോക്കി
രക്തബന്ധത്തിന്റെ
വേര് തേടി
ആരു മറിയാതെ
ഉമ്മറ തിണ്ണയിലും
കാച്ചിയ പപ്പടം
മണക്കുന്ന അടുക്കളയിലും
ചില നിശബ്ദ മായ
തേങ്ങലുകളായി
അവര്‍ അലയാറുണ്ടാവാം
കാരണം ആത്മാക്കള്‍ക്കും
കഥകള്‍ പറയുന്ന
ഒരാത്മാവുണ്ടത്രേ..
പ്രാരബ്ദ നെട്ടോട്ടങ്ങള്‍ക്കിടയില്‍ 
വാഹന മിടിച്ചു 
തെറിപ്പിച്ച അച്ഛന്റെ കഥ  
ഒരു തരി പൊന്നിന്
കൊന്നു കളഞ്ഞ
അമ്മയുടെ കഥ
അനിയത്തിയെ കാത്തു നിന്ന ചേച്ചി...
അരുതാ ത്ത  കൈകളില്‍ പെട്ടത്  
റാഗിങ്ങില്‍ സ്വയം
ഒടുക്കിയ ചേട്ടന്‍
അങ്ങനെ പലതും
ചോര മണം വിട്ടു മാറാത്ത
ശവപ്പറമ്പില് നിന്നും ‍
പലപ്പോഴും ഉറക്കം വരാതെ 
അവര്‍ പ്രിയപ്പെട്ടവര്‍ക്കിടയില്‍ 
അലയുന്നുണ്ടാവാം
തേങ്ങലുകളും ആരവങ്ങളും
ഒടുങ്ങുമ്പോള്‍ ആരുമറിയാതെ
ഒരു   നനുത്ത കാറ്റായി
നമുക്കിടയില്‍ അലയുന്നുണ്ടാവാം


2012, നവംബർ 27, ചൊവ്വാഴ്ച

എനിക്ക് ഭ്രാന്താണ്..

വിഭ്രമക്കാഴ്ചകള്‍
വിഹ്വലതകള്‍‍ക്കൊടുവില്‍
ബാക്കിയായത്
കുറെ ശവം നാറിപ്പൂക്കള്‍..
ഇന്നലെ കടപ്പുറത്ത്
കണ്ട അനാഥ പ്രേതത്തിന്‍  
ആരുടെ   മുഖമായിരുന്നു..?
 അസ്ഥിത്വം നഷ്ടപ്പെട്ട
നിലാവ് വീണ്ടും
എന്നോട് ചിരിക്കാന്‍
പുഴക്കരയില്‍ വന്നിരുന്നു...
പെയ്തു പെയ്തു
മതിയായ മഴയായിരുന്നു
മറ്റൊരു കൂട്ട്...
പ്രണയം കാട്ടി
കൊതിപ്പിച്ച് അകന്നു
പോയ പാലപ്പൂക്കള്‍
വൃശ്ചിക കുളിരില്‍
ഇന്നലെ വീണ്ടും പൂത്തു...
നിശ്ശബ്തയില്‍ നിന്നും 
മുറ്റത്തെ സര്‍പ്പ ഗന്ധികള്‍
എന്നെ നോക്കി  കൊഞ്ഞനം കുത്തി...
മതി ഭ്രമം
ഞാന്‍ ചിരിക്കുകയാണ്
എന്നെ തന്നെ ഓര്‍ത്ത്...   
അട്ടഹസിച്ചട്ടഹസിച്ച്
എന്നിട്ടും പഴയ
പോലെ ചിരിക്കാന്‍
എനിക്ക് കഴിയാഞ്ഞതെന്തേ..?
എനിക്ക് ഭ്രാന്താണ്
ചിലപ്പോഴൊക്കെ...
അതെ ഒന്നുമറിയാതെ
ഭ്രാന്തിയാവുന്നതാണെനിക്കിഷ്ടം..
  വെറുതെ ഒന്നു
ചിരിക്കാനെങ്കിലും  

2012, നവംബർ 5, തിങ്കളാഴ്‌ച

പുഴ ഒഴുകുകയാണ്..

പുഴ ഒഴുകുകയാണ്..
അലിഞ്ഞു പോയ
 പാറ കല്ലുകളില്‍
ചത്ത മീന്‍ കണ്ണുകള്‍
കൊണ്ടൊരു നോട്ടം
മാത്രം ബാക്കിയാക്കി
ഇന്നലെയുടെ പിന്നാമ്പുറങ്ങളില്‍
വാരിയെടുത്ത
പഞ്ചാര മണല്‍ത്തരികളില്‍
കരയോടുള്ള പ്രണയം
പറയാതെ ഏങ്ങലാക്കി
എങ്ങോട്ടോ .... 
തുറിച്ചു നോക്കുന്ന
ഇരുട്ടില്‍ അടിയൊഴുക്കിന്റെ
 ആഴപ്പരപ്പുകളില്‍ നിന്നും
ചെകിള പൂക്കള്‍
ഇളകിയ ഒരു മത്സ്യം 
കഥ പറയുന്നുണ്ടായിരുന്നു 
തോടിളക്കി 
നഗ്നതയുടെ പടിവരമ്പുകളില്‍ 
നിന്ന് ഒരു കുഞ്ഞു 
ശംഖ്  പിതൃത്വം 
തേടി അലയുന്നുണ്ടായിരുന്നു 
ആരുടെയോ നഘക്ഷതങ്ങളില്‍
മുറിവേറ്റ കര
നഷ്ടപ്പെട്ട കന്യകാത്വത്തെ
കുറിച്ചോര്‍ത്തു
പുഴയോട് വിലപിച്ചു
നിഗൂഡതകള്‍ 
ഉള്ളിലൊതുക്കി
എല്ലാം കണ്ടും  കേട്ടും
 പുഴ  നൊമ്പരമായ് ഒഴുകുന്നു
പരാതിയില്ലാതെ പരിഭവം
പറയാതെ...
മരണത്തിന്റെ
മടിത്തട്ടിലേക്ക്...

2012, ഒക്‌ടോബർ 21, ഞായറാഴ്‌ച

അവിഹിതം..?

വരച്ചിട്ടതൊക്കെ വെറും
വരകള്‍ മാത്രമാണെന്ന്
പറഞ്ഞപ്പോള്‍ നിന്റെ
പ്രണയ ലേഖനങ്ങള്‍
ഞാന്‍ ചവറ്റു കുട്ടയിലെറിഞ്ഞു
നിനക്കും എനിക്കും ഇടയില്‍
 വഴി തെറ്റി വന്ന പ്രണയത്തെ
ഇന്നലെ മറ്റൊരു
താലിക്കു തല കുനിച്ചു
ഞാന്‍ പുറത്താക്കി ..

എന്നിട്ടും എണ്ണം പറഞ്ഞു
 കടന്നു പോയ ഓര്‍മകളില്‍
നിന്റെ ചുംബനത്തിന്റെ
നനവുണ്ടായിരുന്നു...
മെഴുക്കു പുരണ്ട
തല മുടിയുടെ ചൂടില്
‍ ഞാനും നീയും പങ്കു വച്ച
നിശ്ശബ്ദതകള്‍ ഉണ്ടായിരുന്നു..
ആട്ടി  പുറത്താക്കിയ പ്രണയം
 ഇന്നലെയും നമ്മളെയും
കാത്ത് പുറത്ത്
അക്ഷമനായി നിന്നിരുന്നു..

ആരൊക്കെയോ പറഞ്ഞു
അതായിരുന്നു  അവിഹിതം..

2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

അനുസരണയില്ലാത്ത മഴ...

കാരണമില്ലാതെ പെയ്തൊഴിയുന്ന
മഴയോട് ഇന്നലെ
എന്തോ വെറുപ്പ്‌ തോന്നി..
പലവട്ടം പറഞ്ഞിട്ടുള്ളതാണ്
ഇറയത്ത്‌ നിന്ന് ഇങ്ങനെ ചിണ്ങ്ങരുതെന്ന്
ഇടിവെട്ടി എന്നെ ഭയപ്പെടുത്തി
അകത്തളത്തിലെ കട്ടിന്‍  ചുവട്ടില്‍
പഴയ പോലെ ഒളിപ്പിക്കരുതെന്ന്

കളിവള്ളം കാത്താണ് നീ
ഈ വെള്ളമെല്ലാം ഇങ്ങോട്ട്  
ഒഴുക്കി  വിടുന്നതെങ്കില്‍ വെറുതെയാണ്
എനിക്ക് സമയമില്ല..

നിന്റെ നീര്‍ക്കുമിള കളില്‍ 
പൂത്തു തളിര്‍ത്തു കായ്ക്കാന്‍ 
എന്റെ പൂന്തോപ്പില്‍
വെറും പ്ലാസ്റ്റിക്‌ ചെടികളാണുള്ളത്
വെറുതെ വീണ്ടും വീണ്ടും
പെയ്ത് പണ്ടെങ്ങോ മണ്‍ മറഞ്ഞു പോയ
പോക്കാച്ചി തവളകളെ
ശവപ്പറമ്പില്‍ നിന്ന് ഉണര്ത്തരുത്..

പുതു മണ്ണിന്റെ മണം പരത്താമെന്നുള്ള
നിന്റെ മോഹം വെറുതെയാണ്...
എന്റെ മണ്ണില്‍ കോണ്ക്രീറ്റ് പാകി
ഞാന്‍ മോടി കൂട്ടിയിരിക്കുന്നു

ഇനിയും ചിണുങ്ങി ചിണുങ്ങി
ജനാലപ്പടിയില്‍ വന്നു
പതിക്കുന്നത് വെറുതെയാണെന്ന്  
എന്റെ മഴേ എത്ര വട്ടമായി 
ഞാന്‍ പറയുന്നു  
അനുസരണയില്ലാത്ത മഴ!!!!

2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

മിന്നു മോള്‍

നേര്‍ത്ത മഞ്ഞു പാളികളിലേറി
ഇന്നലെ സ്വപ്നങ്ങളില്‍
വന്നു   മാലാഖമാര്‍
 എനിക്ക് കുഞ്ഞുടുപ്പും
കളിക്കോപ്പും നല്‍കി
അവര്‍ മറഞ്ഞു പോയി...

പഞ്ചാര മണലില്‍ തീര്‍ത്ത
 മിട്ടായി മാലാഖയുടെ കയ്യില്‍ ഉണ്ടെന്ന്
പറഞ്ഞത് കുട്ടേട്ടനല്ലേ
മിട്ടായി കുറ്റിക്കാട്ടിനപ്പുറത്തെ
ഇരുട്ടില്‍ ഒളിച്ചു
വച്ചിരിക്കുകയാണ് എന്ന്
പറഞ്ഞത് കൊണ്ട്
മാത്രമാണ്
അമ്മ കാണാതെ
ഞാന്‍ കൂടെ വന്നത്...

മാലാഖമാര്‍ മിട്ടായി
തരുന്നതിനു മുന്പ്
വേദനിപ്പിക്കുമെന്ന്
പറഞ്ഞപ്പോഴും
ഞാന്‍ സമ്മതിച്ചു...
വേദനിച്ചു കരഞ്ഞപ്പോഴും
എന്റെ അടി   വസ്ത്രം  
ചുവന്നു തുടുത്തപ്പോഴും
 അമ്മയുടെ അടി പോലും
മറന്നു ഞാന്‍ കാത്തിരുന്നത്
പഞ്ചാര മിട്ടായിക്ക് വേണ്ടിയല്ലേ...?
ഒടുവില്‍ മിട്ടായി നല്‍കാതെ
കുട്ടേട്ടന്‍ ഈ മിന്നു മോളെ
 കാട്ടിലെ ഇരുട്ടില്‍ ‍ 
 ഒറ്റയ്ക്കാക്കി
ഓടി പോയതെങ്ങോട്ടാണ്...?

2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

ഞാന്‍...

ഞാന്‍ ഇങ്ങനെയാണ്...
ഞാന്‍ പറഞ്ഞില്ലേ
ഞാന്‍ ഇങ്ങനെയാണെന്ന്...
ഇങ്ങനെ ഇങ്ങനെ
ഞാന്‍ മാത്രമാവുന്നതാണെനിക്കിഷ്ടം
അയലത്തെ വീട്ടിലെ  
അമ്മുവാകാന്‍
എനിക്ക് പറ്റില്ല...
ഞാന്‍ ഞാനാണെന്ന്
പറഞ്ഞില്ലേ അമ്മെ.....
 
 

2012, സെപ്റ്റംബർ 23, ഞായറാഴ്‌ച

വാലുകള്‍...

വാല് മുറിഞ്ഞ പല്ലികളും
നിറം മാറിയ ഓന്തുകളും  
ഇന്നലെ മച്ചിന്‍ പുറത്ത്
ഏറ്റുമുട്ടി..
വിപ്ലവം...
കെണിയില്‍ കുടുങ്ങിയ
പെരുച്ചാഴി ജീവന്‍
മറന്ന് വിപ്ലവത്തെ
പിന്താങ്ങി...
തുടിപ്പ് വിട്ടു മാറാത്ത
വാലുകള്‍ തേടി
നരിച്ചീറുകള്‍ വന്നിരുന്നത്രെ..
പക്ഷെ നിഴല്‍
ചിത്രങ്ങള്‍ മുഴുവന്‍
ഓന്തുകളുടെ വര്‍ണ
മഴ നനഞ്ഞു കുതിര്‍ന്നു..
പിടച്ചില്‍ മാറിയ
വാലുകള്‍ ഇന്നും
കുടം കുളത്തെ
മച്ചിന്‍ പുറത്തു
ബാക്കി നില്‍ക്കുന്നു...
ചിലത് വേദനയില്‍
പിടഞ്ഞു കൊണ്ടിരിക്കുന്നു...

2012, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

പ്രേതങ്ങള്‍..

കാറ്റത്ത്‌ ഒരില
കൊഴിഞ്ഞു വീണു
ഇലയ്ക്ക് അടുക്കളക്കാരി
ശാന്തയുടെ ഗന്ധം...
ചൂല് കാട്ടി
മുറ്റത്തു നിന്നും
വലിച്ചെറിഞ്ഞപ്പോള്‍
പൂഴി മണ്ണില്‍ മുഖം
പൂഴ്ത്തി കരഞ്ഞുവത്രേ...
അരൂപികളായ പ്രേതങ്ങള്‍
ഇന്നലെയും വടക്കിനി
തിണ്ണയില്‍ എത്തി നോക്കി..
പ്രശ്നം വച്ചപ്പോള്‍
കണ്ടത് അവളുടെ
മുലക്കണ്ണ്  മാത്രം
ചുഴലി ദീനം പിടിച്ച
ഒരു ശരീരം ഇന്നലെ
ആരോ പോസ്റ്മോര്ടം ചെയ്തു...
ബീജ കൊഴുപ്പുറഞ്ഞ
കത്തി ശവത്തെ വെട്ടി നുറുക്കി...
വാര്‍ത്തകളില്‍ തിരഞ്ഞത്
മുഴുവന്‍ നിന്റെ
നിമ്നോന്നതങ്ങളെ കുറിച്ചായിരുന്നു..
**********************************
മകളെ നിന്നെ എനിക്ക്
ഭയമാണ്...
ആ പ്രേതങ്ങള്‍
നിനക്കായി എന്റെ
ഗര്‍ഭപാത്രം ചുരണ്ടുമോ
എന്ന ഭയം...

2012, സെപ്റ്റംബർ 11, ചൊവ്വാഴ്ച

അവള്‍..

(ചാലയില്‍ വെന്തെരിഞ്ഞ അമ്മമാര്‍ക്ക്...) 
ഇന്നലെ സന്ധ്യക്ക്‌ പോവുമ്പോഴും
പിറു പിറുത്തെന്തോ
പറഞ്ഞവള്‍ ഓടി വന്നു...
"കൂട്ടാനു കഷ്ണങ്ങള്‍
വാങ്ങിടെണം,
കൊച്ചു മോള്‍ക്കൊരു
കുപ്പായം വാങ്ങിടെണം
നേരത്തെ അത്താഴമുണ്ണ്‍വാനെത്തണം
ബാലന്റെ ചായക്കടയില്‍
നിന്നൊരു പാലിന്റെ
പാക്കെറ്റും വാങ്ങിടെണം.."
മൂളി എന്നൊന്നു വരുത്തി
ഞാന്‍ പോകവേ
സീരിയലിനായവള്‍
വേഗമോടി...
വെറുതെയന്നെന്തോ മനസ്സിന്റെ
ഉള്ളിലൊരു
കനല്‍ കോരിയിട്ടത്‌ പോലിരുന്നു...
അര മുറി പീടികത്തിണ്ണയില്‍
വെറുതെ സൊറ
പറഞ്ഞന്നു ഞാന്‍ ചാരി
നില്‍ക്കെ
ആരോ പറഞ്ഞു
മറിഞ്ഞൊരു വാതക
ഗന്ധമാണൂരു മുഴുക്കെയെന്ന്
******************************************
കത്തിക്കരിഞ്ഞൊരു വീടിന്റെ
ഉള്ളിലായ്
വെന്തു കരിഞ്ഞവള്‍
വീണു പോകെ
വീണ്ടും പരാതി പറഞ്ഞു
പിറു പിറുത്തോടിവരാന്‍
എനിക്കാരുമില്ല..
എന്നും ചിരി തൂകി
അത്താഴമുന്നുവാന്‍
കാത്തിരിക്കാന്‍ ഇനിയാരുമില്ല...
"കുട്ട്യോള്‍ടെ അച്ഛനെന്നോതി
വിളിച്ചെന്റെ
ചാരത്തവള്‍ വന്നു
നില്‍ക്കയില്ല...
***************************
അഗ്നി നാളങ്ങള്‍ ഇന്നേറ്റു
വാങ്ങി എന്റെ
 ഉമ്മറത്തിണ്ണയും
ഞാനുമുണ്ട്..
ഒന്നിനും പൂരിതമാക്കിടാനാവാതെ
അവളുടെ കിന്നരിയൊച്ചയും
ഉണ്ടിവിടെ... 

2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

ഒരു പച്ചക്കുതിര ചിലയ്ക്കുന്നു...

ഒരു പച്ചക്കുതിര ചിലയ്ക്കുന്നു...
നേര്‍ത്തും പേര്‍ത്തും
ശമാനാഗ്നികളില്‍ ഊറും
ജ്വാലകള്‍ കത്തിയെരിച്ചും
ഒരു പച്ചക്കുതിര ചിലയ്ക്കുന്നു...
വിശപ്പ്‌ മാറ്റാന്‍
വിധി നല്കാത്തൊരു
വയറിനെ നോക്കി
കന്യാസ്ത്രീത്വം
പിച്ചി ചീന്തി
ഉടലിലണിഞ്ഞൊരു
കൊന്തകള്‍  നോക്കി..
സ്നേഹ ജിഹാദിന്‍
പത്തികള്‍ ചീറ്റിയടിച്ച
കിടാങ്ങളെ നോക്കി
സന്യാസത്തിന്‍ കാപട്യക്കുട
ചൂടി നടക്കും മുനികളെ  നോക്കി
ഒരു പച്ചക്കുതിര ചിലയ്ക്കുന്നു...
ഇരുള് നിറഞ്ഞ മണല്‍ക്കാടുകളില്‍
ഇരുട്ട് വറ്റിയ മദ്യക്കുപ്പിയില്‍
നിശ്വാസത്തിന്‍ കനല്‍ ചൂടെറ്റൊരു
പച്ചക്കുതിര ചിലയ്ക്കുന്നു...
മതമില്ലിവിടെ ജാതിയുമില്ലൊരു
നിറ ഭേദത്തിന്‍ വിത്തുകളില്ല...
വിയര്‍പ്പു തുള്ളികള്‍
മതിഭ്രമമേറ്റു വിശപ്പ്‌ കാണാ
കുന്നുകള്‍ തേടി
ഒരു ചാണ്‍ കയറില്‍ ജീവനൊടുക്കിയ
കര്‍ഷക പ്രേതം ഈരടി മൂളി
പിച്ചക്കാശിനു വിറ്റു
തുലച്ചോരു പെണ് മാനത്തിന്‍
നില വിളി കേട്ടൊരു
പച്ചക്കുതിര ചിലയ്ക്കുന്നു...
ദാരിദ്ര്യത്തിനു രേഖ
വരച്ചൊരു
ധാരാളിയുടെ ഉടലിനെ
നോക്കി ഒരു പച്ചക്കുതിര
ചിലയ്ക്കുന്നു..
നിശ്ശബ്ദ ലോകം കേള്‍ക്കാനായി 
പച്ചച്ചിറകുകള്‍ കൂട്ടിയടിച്ചൊരു
പച്ചക്കുതിര ചിലയ്ക്കുന്നു...
 
 
 
 

2012, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

ഉരുള്‍പൊട്ടല്‍..

വരഞ്ഞു മുറിച്ച
വാക്കുകളിലെ സ്പഷ്ടത..
നിന്നെ കുറിച്ചു
പത്ര താളുകളില്‍ കണ്ടു...
നോക്കാന്‍ സമയം
കിട്ടിയില്ല..
പൊള്ളുന്ന വാക്കുകളുടെ
മുള്‍മുന...
അത് നിന്നെ കുത്തി
നോവിക്കുന്നുണ്ടോ ?
ഉണ്ടെങ്കില്‍ സഹിച്ചു
കൊള്ളുക..
അത് പത്ര ധര്‍മം...
ക്യാമറയ്ക്ക് മുന്നില്‍
കണ്ണീരൊപ്പാന്‍
വന്നുവോ അധികാരികള്‍..?
നിശ്ശബ്ദത പാലിക്കുക...
അതാണ്‌ രാഷ്ട്രീയ ധര്‍മം..
നഷ്ട പരിഹാരത്തിന്റെ
ലിസ്ടിനെക്കുറിച്ചു
കേള്‍വിപ്പെട്ടുവോ..?
മറു കാത്‌ തുറന്നു
കേട്ട വാര്‍ത്തയെ
കാറ്റില്‍ പറത്തുക..
കാരണം അത് വെറും
വാര്‍ത്ത മാത്രം..
സമയം കിട്ടുകയാണെങ്കില്‍
ബസിലോ ട്രെയിനിലോ
ഞാനും സഹതപിക്കാം..
ഉരുള്‍ പൊട്ടലില്‍
ഒലിച്ചു പോയ
നിന്റെ വീടിനെക്കുറിച്ച്..
കാണാതായ മകനെ കുറിച്ച്..
കണ്ടു കിട്ടിയ ഭര്‍ത്താവിന്റെ
ശവത്തെ കുറിച്ച്..
ഇനിയും തിരച്ചില്‍ നടത്തുന്ന
അമ്മയെ കുറിച്ച്...
ഇപ്പോള്‍ സമയമില്ല..
എന്റെ ബസ്‌ പോവും...

2012, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

നീയൊന്നു വന്നെങ്കില്‍...

പഴയ പുസ്തക താളിലേക്കെത്തുവാന്‍
ഒരു മയില്‍പ്പീലി തന്‍
ദൂരങ്ങള്‍ താണ്ടണം..
ഒരു കുടന്ന കണിക്കൊന്ന
മലരുമായ് പഴയൊരാ
വിഷുവെന്‍ ഓര്‍മയില്‍
പെയ്യണം...
പ്രണയമെന്തെന്നു ചൊല്ലവേ
നീയന്നു മധുരമായ്
നല്‍കിയ നെല്ലിക്കയോര്‍ക്കണം
ഇരുളു മാഞ്ഞ വഴിയിലൂടെങ്ങു നീ
ധൃതി പിടിച്ചു കടന്നു പോയ്‌
ബാല്യമേ...?
വഴി തിരഞ്ഞു ഞാന്‍ വന്നതോ
വഴി തെറ്റി നിന്നൊരാ
കൌമാര മുറ്റത്ത്..
വില പിടിച്ചൊരാ ഓര്‍മ
തന്‍ പുസ്തകം
ഹൃദയ സ്പന്ധമായ്
ചേര്‍ത്തു വച്ചന്നു ഞാന്‍
മുതു മുത്തി മല തന്റെ
ഉച്ചിയില്‍ നിന്നൊരു
മല വെള്ള പാച്ചില്‍ പോല്‍
വന്നെന്റെ ഓര്‍മ്മകള്‍..
പിടയുവതെന്തിനെന്‍ 
ഉള്‍ത്തടം ഇന്നൊരാ പഴയ
ബാല്യത്തിന്റെ മധുര സ്മരണയില്‍...
കനവുണ്ട് കണ്ണീരിന്‍
ഉറവുണ്ടിറവെള്ള പാച്ചിലായ്
കടലാസു തോണി
തന്‍ നിറമുണ്ട്..
ചോണന്റെ കുഞ്ഞ് 
കൊട്ടാരമുണ്ടപ്പുറത്ത  
യലത്തെ വീട്ടിലെ
അമ്മിണിപ്പശുവുണ്ട്  
കുമ്പള പ്പൂവിനാല്‍
തീര്‍ത്തൊരോണക്കളം
കുമ്മിയടിക്കുവാന്‍
കൂട്ടുകാരേറെയും ..
പെറ്റു പെരുകുന്ന
പുളിയനുറുംപിന്റെ
പട്ടാള മാര്‍ച്ചിന്നു
സലുട്ട് നല്‍കീടണം
മുറ്റത്തെ മൂവാണ്ടന്‍ മാവില്‍
നിന്നൊരു മുത്തശ്ശിയണ്ണാന്‍
 ചിലയ്ക്കുന്ന നിനവുണ്ട്..
മഞ്ചാടി പൂക്കുന്ന
തൊടിയിലേക്കെത്തുവാന്‍
ഒരു കൊടിത്തൂവ തന്‍ 
ചൊറിയുന്ന മറവുണ്ട്...
വഴു വഴുപ്പുള്ള 
കുളത്തിന്‍ കരയിലായ്
പരലുകള്‍ നീന്തി
തുടിക്കുന്ന സുഖമുണ്ട്...
ഇനിയുമെന്നെന്കിലുമെന്
ജീവിത തോണിയില്‍
ബാല്യമേ നീയൊന്നു
വന്നടിഞ്ഞീടുമോ..
വെറുതെ മോഹിക്കയാണ് ഞാന്‍
വെറുതെ,വെറുതെ
ബാല്യമേ നീയൊന്നു  
വന്നെങ്കില്‍...

2012, മേയ് 28, തിങ്കളാഴ്‌ച

ഹര്‍ത്താല്‍...

ഇരുട്ട് കണ്ണ് മൂടുന്നു...
ഉണര്ന്നതോരിളം വെയിലേറ്റല്ല...
ഫെയ്സ് ബുക്കിലാരോ
മെസ്സെജിന്കതകു തട്ടുന്നു...
തുറന്നു നോക്കിയത്
ശുഭമോ അശുഭമോ...
ഇന്ന് ഹര്ത്താല്‍...
വീണ്ടും ഉറക്കത്തിന്റെ
ഓഫ്ലൈനിലേക്ക്...
ആരൊക്കെയോ ആരെയോ
വെട്ടിക്കൊന്നതിന്റെ ആഘോഷം
എനിക്ക് ഉറങ്ങി തീര്ക്കണം...
ആസനത്തില്വെയിലടിച്ചും
ഉണരാന്തോന്നാതെ
ആലസ്യം...
പഞ്ചാര കുട്ടന്മാര്
വീണ്ടും കതകില്തട്ടുന്നു...
പല്ല് തേക്കാത്ത
വായ കൊണ്ടൊരു
ചുടുചുംബനം ചാറ്റ്
ബോക്സില്‍...
അവനു നിര്വൃതി...
എനിക്ക് മനസ്സമാധാനം...
രാത്രി മുഴുവന്
എനിക്കായ് ഉറങ്ങാതെ
കത്തിയെരിഞ്ഞ ബള്ബ്
നിസ്സഹായതയോടെ നോക്കി..
കണ്ടില്ലെന്നു നടിച്ചു
പാതിയടഞ്ഞ കണ്ണില്
പുതപ്പെടുത്തു മൂടി..
******************************
അറവു ശാലയിലെ
മാടിനെ പോലെ
ആരോ വെട്ടി തീര്ത്ത
മാംസ കഷ്ണങ്ങള്‍..
ആത്മാവിനെ പോലും
വിട്ടയക്കാതെ ചാനലുകാരും
ആഘോഷിക്കുകയാണ് ഹര്ത്താല്‍...
കണ്ണുനീര്തുള്ളിക്ക്
വില പറഞ്ഞീടാന്
ക്യാമറകളും...
**********************
വീണ്ടും ഒരു പ്രഭാതം
പ്രോഗ്രാമ്മിങ്ങില്‍ കനം
തൂങ്ങിയ തലയും
തൂക്കി എഴുന്നേല്‍ക്കാന്‍
മടിക്കവേ
പെട്രോള്വില കയറ്റിയ
 സര്ക്കാരിനു നന്ദി...
കാരണം എനിക്കിന്നുറങ്ങണം...
ഞാനുമൊരു ശരാശരി
മലയാളി...



2012, ഏപ്രിൽ 26, വ്യാഴാഴ്‌ച

അത് ഞാന്‍ ആയിരുന്നു...

ഒരു മഴ വീണ്ടും പെയ്തു
തോരുകയാണ്...
പനി പിടിച്ചു വിറങ്ങലിച്ച
സ്വപ്നങ്ങളില്‍
ഇടി വെട്ടു മുഴങ്ങിയ
 തോരണങ്ങള്‍...
നീ അവനെക്കുറിച്ച് പറഞ്ഞപ്പോഴെല്ലാം
ഞാന്‍ ഓര്‍ത്തത് മറ്റെന്തോ ആയിരുന്നു...
എന്നിട്ടും നീ പറഞ്ഞുകൊണ്ടേ ഇരുന്നു...
അവന്റെ ചുംബനത്തെ കുറിച്ച്..
അവന്റെ ആലിംഗനത്തെ കുറിച്ച്...
ആ മഴയില്‍ നീയും അവനും
മറപറ്റിയ ചേമ്പിലയെ കുറിച്ച്...
***********************************
ഇന്നലെ വീണ്ടും മഴ പെയ്തു...
വടക്കേ പറമ്പില്‍ പോക്കാച്ചി
തവളകള്‍ പഴമ്പുരാണ
കേട്ടഴിക്കവേ
ഞാന്‍ നിന്നെ ഓര്ത്തു...
ആ മഴയില്‍ നീയും അവനും
ചുരുണ്ടു കൂടിയ പുതപ്പിനെ
കുറിച്ച് ഓര്ത്തു..
കാരണം എനിക്കോര്‍ക്കാന്‍
മറ്റൊന്നും ഉണ്ടായിരുന്നില്ല...
ആ നിശ്വാസ ചൂടില്‍
ഉരുകി ഉരുകി അവന്‍
മറഞ്ഞു പോയെന്നും
നീ ഒറ്റയ്ക്കായെന്നും
നീ അന്ന് പറഞ്ഞു...
എനിക്കും നിനക്കും അറിയാവുന്ന
ഞാന്‍ ആയിരുന്നു ആ നീയെന്നും...


2012, മാർച്ച് 7, ബുധനാഴ്‌ച

ശേഷിപ്പുകള്‍...

തപ്ത നിശ്വാസങ്ങളെ
ചങ്ങല കണ്ണികളില്‍
മുറുക്കി,
വരണ്ടുണങ്ങിയ മണ്ണില്‍
ഒരു നേര്‍ത്ത ജലകണം
ചാലിച്ച്,
മഴപ്പാറ്റകളുടെ മൂളലില്‍
ആര്‍ദ്രത തേടി
വീണ്ടും പഴമയിലേക്കു
മടങ്ങുമ്പോള്‍
വെറുമൊരു ശരീരത്തിനുള്ളിലെ
കാവലാള്‍ പട്ടാളങ്ങളാം
ചിന്തകളില്‍
മനസ്സ് വ്യഭിചരിക്കുമ്പോള്‍
മനുക്ഷ്യനെന്ന അര്‍ത്ഥം
തിരിച്ചറിയാതെ
ഒടുവില്‍ വാഴ്വേമായങ്ങളില്‍
പെട്ടുഴലുംപോള്‍
ഭോഗിച്ച നഗ്ന ശരീരങ്ങള്‍ക്കുമപ്പുറം
ഭോഗ സുഖമേല്‍ക്കാത്ത
ഭിക്ഷുകിയെപ്പോലെ
വീണ്ടും മൂടല്‍ മഞ്ഞു
പടര്‍ന്നു കയറുകയാണ്
മരണത്തിന്റെ തണുത്ത
ആവരണം മാത്രമാണതെന്നറിയവേ
പരിതപിക്കാന്‍ കാത്തു
നില്‍ക്കാതെ ആത്മാവ്
പുതിയ ഗേഹം തേടി
യാത്ര തുടരുന്നു...
ഒരിക്കല്‍ നീയും
മനുക്ഷ്യനായിരുന്നെന്ന്‍
ശേഷിപ്പുകള്‍ മാത്രം
ബാക്കിയാവുന്നു...

2012, ഫെബ്രുവരി 24, വെള്ളിയാഴ്‌ച

തിരിച്ചറിവ് !!

ഇഷ്ടങ്ങളെ പൊട്ടിച്ചെടുത്ത് 
വലിയൊരു കടലാസ്സു
കൂടില്‍ ഒട്ടിച്ചു...
ഒരു ഭോഗ സുഖത്തിന്റെ
ആലസ്യത്തില്‍ എന്ന പോലെ
ആര്‍ക്കോ വേണ്ടി ഉണരാന്‍
മടിച്ച് എന്റെ ഇഷ്ടങ്ങള്‍
ഉറങ്ങുകയാണ്
ജല്പനകള്‍ മാത്രമായി
നിര്‍വൃതിയിലേക്ക്
ഒലിച്ചിറങ്ങുമ്പോള്‍
ഒടുവില്‍ എന്തു നേടി ?
വിരക്തി-ആസക്തി
രണ്ടിനുമിടയില്‍
മരുപ്പച്ച തേടി  അലഞ്ഞു
ഒടുവില്‍ ഇതായിരുന്നു
ഞാനെന്ന  തിരിച്ചറിവ് !!
**********
ഒട്ടിച്ചു വച്ച കടലാസ്സു
താളുകളില്‍ രക്തം
പുരണ്ടിരിക്കുന്നു...
തിരിച്ചറിവുകള്‍
പലപ്പോഴും അങ്ങനെയാണ്...