2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

അനുസരണയില്ലാത്ത മഴ...

കാരണമില്ലാതെ പെയ്തൊഴിയുന്ന
മഴയോട് ഇന്നലെ
എന്തോ വെറുപ്പ്‌ തോന്നി..
പലവട്ടം പറഞ്ഞിട്ടുള്ളതാണ്
ഇറയത്ത്‌ നിന്ന് ഇങ്ങനെ ചിണ്ങ്ങരുതെന്ന്
ഇടിവെട്ടി എന്നെ ഭയപ്പെടുത്തി
അകത്തളത്തിലെ കട്ടിന്‍  ചുവട്ടില്‍
പഴയ പോലെ ഒളിപ്പിക്കരുതെന്ന്

കളിവള്ളം കാത്താണ് നീ
ഈ വെള്ളമെല്ലാം ഇങ്ങോട്ട്  
ഒഴുക്കി  വിടുന്നതെങ്കില്‍ വെറുതെയാണ്
എനിക്ക് സമയമില്ല..

നിന്റെ നീര്‍ക്കുമിള കളില്‍ 
പൂത്തു തളിര്‍ത്തു കായ്ക്കാന്‍ 
എന്റെ പൂന്തോപ്പില്‍
വെറും പ്ലാസ്റ്റിക്‌ ചെടികളാണുള്ളത്
വെറുതെ വീണ്ടും വീണ്ടും
പെയ്ത് പണ്ടെങ്ങോ മണ്‍ മറഞ്ഞു പോയ
പോക്കാച്ചി തവളകളെ
ശവപ്പറമ്പില്‍ നിന്ന് ഉണര്ത്തരുത്..

പുതു മണ്ണിന്റെ മണം പരത്താമെന്നുള്ള
നിന്റെ മോഹം വെറുതെയാണ്...
എന്റെ മണ്ണില്‍ കോണ്ക്രീറ്റ് പാകി
ഞാന്‍ മോടി കൂട്ടിയിരിക്കുന്നു

ഇനിയും ചിണുങ്ങി ചിണുങ്ങി
ജനാലപ്പടിയില്‍ വന്നു
പതിക്കുന്നത് വെറുതെയാണെന്ന്  
എന്റെ മഴേ എത്ര വട്ടമായി 
ഞാന്‍ പറയുന്നു  
അനുസരണയില്ലാത്ത മഴ!!!!

3 അഭിപ്രായങ്ങൾ:

 1. നന്നായി ഈ വരികളും കവിതയും.
  അനുസരണയില്ലാത്ത മഴയും ഓര്‍മ്മപ്പെടുത്തലായ്‌ മാത്രം.

  മറുപടിഇല്ലാതാക്കൂ
 2. മഴക്കവിത ഇഷ്ടായി സംഗീതാ..... ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 3. nanni പട്ടേപ്പാടം റാംജി ettan,Asha chechi...

  മറുപടിഇല്ലാതാക്കൂ