2011, ഓഗസ്റ്റ് 31, ബുധനാഴ്‌ച

നിള...





നിള ഒഴുകുകയാണ്...കണ്ണുനീര്‍ കുതിര്‍ന്ന മണ്ണിലൂടെ...അവളുടെ ഒഴുക്കില്‍ താളമുണ്ട്...അവളുടെ ജീവിതത്തിന്റെ താളം...!ആ ഒഴുക്കിന് നഷ്ട ബോധമുണ്ട്...ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത പിന്നിട്ട വഴികള്‍...ആറ്റുവഞ്ചികള്‍ അവളെ തഴുകി...വാര്‍ധക്യം അവളുടെ ജരാനരകളില്‍ ഒളിച്ചു...മരണത്തിലേക്കുള്ള കാല്‍ വയ്പ്പിലാണ് അവള്‍...മണലെടുത്ത വൃണങ്ങളില്‍ വേദനയോടെ നോക്കി നിശ്ശബ്ദയായി അവള്‍ കരഞ്ഞു...

                   ഒരിക്കല്‍ അവള്‍ക്കുമുണ്ടായിരുന്നു ഒരു ബാല്യം...കുസൃതികള്‍ നിറഞ്ഞ കുത്തൊഴുക്കിന്റെ ബാല്യം...കാലം ആര്‍ക്കു വേണ്ടിയും കാത്തു നിന്നില്ല...മനസ്സിന്റെ ചാപല്യങ്ങളില്‍ നിന്നുമുള്ള മോചനം ...മദിചോഴുകി കരയ്ക്കിരുവശവും തഴുകിയ കൌമാര യൌവനങ്ങള്‍...ഒടുവില്‍ വറ്റി വരണ്ട് പുല്ത്തകിടികള്‍ക്ക് ഇരിപ്പിടമായി ചുളിവുകള്‍ ബാധിച്ച ശരീരം...വെറും നീര്‍ച്ചാലുകള്‍ മാത്രമായി നിള ഒഴുകുകയാണ് ... അവളുടെ മക്കള്‍ കുന്തിപ്പുഴയും തൂതപ്പുഴയും പോലും അവളിലേക്ക്‌ ഒഴുകിയെതാന്‍ മറന്നു പോയോ...? മരണത്തിലേക്ക് ,ഇനിയും ബാക്കിയായ ജീവിത സത്യങ്ങളുടെ യാതര്ത്യമെന്നോണം ഒരു പുനര്ജ്ജനിക്കായി കാതോര്‍ത്ത് അവള്‍ ഒഴുകുന്നു...സ്മരണകള്‍ക്ക് പോലും അവസരമുണ്ടാക്കാതെ ഒരു കടംകഥഎന്നോണം മൃത്യുവിന്റെ കാലൊച്ച കേട്ടു കൊണ്ട് ,അവസാന കണ്ണുനീരും ഈ മണ്ണിനു പകരാന്‍ വേണ്ടി....

2011, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

വിത്ത് ...





വിത്ത് വേരുറപ്പിക്കാന്‍
ഇടമില്ലാതെ അലഞ്ഞു..
ഇലമുളച്ചി പറഞ്ഞു ,
എന്റെ ഗര്‍ഭ പാത്രം പണ്ടേ
വന്ധീകരണം ചെയ്തൊഴിച്ചു...
ഉറങ്ങാന്‍ ഒരു വിത്തിടം പോലും
എന്റെ തലമുറയ്ക്ക് നല്കാന്‍
എനിക്ക് കഴിഞ്ഞില്ല...
ഞെട്ടറ്റ ഇല ഗദ്ഗദമായി മൊഴിഞ്ഞു...
പച്ചയായിരുന്നിട്ടും പഴുക്കിലകള്‍ക്കൊപ്പം
മുരടിക്കാന്‍ എന്റെ വിധി...
പൂക്കാനും കായ്ക്കാനും
കഴിയാതെ ജീവസ്സുറ്റ മനസ്സ് മാത്രം...!
ഇത് ശാസ്ത്ര ഗതി...!
മാറ്റം അനിവാര്യം...!
വിത്തിന്റെ ഉള്ളില്‍ ഉറങ്ങാതെ
അവര്‍ ജനിക്കും !
പൂക്കാതെ കായ്ക്കാതെ
വെറും ബീജങ്ങള്‍!
ക്ലോനിന്ഗെന്നോ ടെസ്റ്റ്‌ ട്വുബെന്നോ
വിളിപ്പേര് നല്‍കും...!
ഒടുവില്‍ വേരുകള്‍ ആഴ്താന്‍
ഇടമില്ലാതെ അലയും...
ഇതാണ് നീതിശാസ്ത്രം...
പിറവിയുടെ പുതിയ
നീതി ശാസ്ത്രം...!
മാറ്റത്തിന്റെ ശാസ്ത്രം!

നശിച്ച പ്രഭാതം..!





"ശ്രീധരേട്ടന്റെ ചായക്കടയില്‍ ആരോ തൂങ്ങി മരിച്ചിരിക്കുന്നു...നമ്മടെ നാട്ടില്‍ ഇതാത്യായിട്ട ഈശ്വര...ഒക്കെ കഴിഞ്ഞ് അയാള്‍ടെ വയറ്റിപ്പിഴപ്പു മുട്ടിക്കാന്‍ അതിന് അവിടത്തന്നെ തൂങ്ങണായിരുന്നോ..കലികാലം ."...ആരാ ഭഗവാനെ ആകെ കിട്ടുന്ന ഈ ഞായറാഴ്ച കൂടി മനുക്ഷ്യനെ ഉറങ്ങാന്‍ സമ്മതിക്കാതെ പുറത്ത് ഒച്ചയിടുന്നത് എന്ന് പ്രാകി കൊണ്ടാണ് കട്ടിലില്‍ നിന്നും എഴുന്നേറ്റത്...ചെന്ന് നോക്കുമ്പോള്‍ പാല്‍ക്കാരി വത്സല ചേച്ചി ആണ്.."എന്താ അമ്മെ കാര്യം..."ഉറക്ക ചുവടോടെ ഞാന്‍ കണ്ണുകള്‍ തിരുമ്മി അമ്മയോട് ചോദിച്ചു..."കുട്ടി ഇപ്പൊ എനീട്ടതെ ഉള്ളോ..? പെണ്‍കുട്ട്യോള് ഈ നേരം വരെയൊക്കെ കിടക്കാന്‍ പാട്വോ ?ഇങ്ങളെന്താ ടീച്ചറെ ഇതൊന്നും പറഞ്ഞു കൊടുക്കാറില്ലേ?"ഉറക്കം കളഞ്ഞ ദേക്ഷ്യത്തിനൊപ്പം രാവിലെ തന്നെ ഒരു ഉപദേശം കൂടി ഫ്രീ ആയിട്ട് കിട്ടിയപ്പോ ശരിക്കും ഭ്രാന്ത് വന്നു..."രാവിലെ തന്നെ ഇവരോടൊക്കെ പഞ്ചായത്തിനു നിക്കണ അമ്മയെ പറഞ്ഞ മതി.പെണ്‍കുട്ട്യോള് ഇത്തിരി നേരം ഒറന്ഗ്യ എന്താ ആകാശം ഇടിഞ്ഞു വീഴോ..?"മൌനം വിദ്വാന് ഭൂഷണം എന്ന് മനസ്സില്‍ വിചാരിച്ചു ഒന്നും പറയാതെ അവിടെ നിന്നും മെല്ലെ ഉമ്മറത്തേക്ക് തടി തപ്പി...അവിടെ അച്ഛന്‍ ദിന പത്രം മുഴുവന്‍ ഒറ്റ ഇരുപ്പില്‍ തിന്നു തീര്‍ക്കാനുള്ള ശ്രമത്തിലാണ്...അപ്പോഴേക്കും അമ്മ അച്ഛന് കയ്യില്‍ ഒരു കപ്പു കാപ്പിയും രാവിലെ കിട്ടിയ ആഗോള വാര്‍ത്തയുമായി എത്തി..."നിങ്ങളറിഞ്ഞോ ശ്രീധരേട്ടന്റെ ചായക്കടയില്‍ ആരോ ഇന്നലെ രാത്രി തൂങ്ങി മരിച്ചത്രെ...പാവം ആ മനുക്ഷ്യന്‍ ഇന്യെങ്ങനെ കഴിയും...ആകെ ഉണ്ടായിരുന്ന ഒരു വരുമാനോം മുട്ടി...നിലത്തീന്നു ആകെ ഇത്തിരി ഉയരത്തിലാത്രേ..ഓരോരുത്തര്‍ക്ക് കഷ്ടകാലം വരുന്ന വഴിയെ..."
           ബസ്‌ സ്ടോപ്പിന്റെ അടുത്താണ് ശ്രീധരേട്ടന്റെ കട..ഒറ്റ മുറിച്ചുവരില്‍ പുറത്തേക്കു രണ്ടു ബെഞ്ചുകളും രണ്ടു പഴക്കുലയും എപ്പോഴും ഉണ്ടാവും...നാട്ടിലെ പ്രധാന വട്ട മേശ സമ്മേളനങ്ങളെല്ലാം നടക്കുന്നത് ആ രണ്ടു

ബെഞ്ചുകളിലാണ്...ഞങ്ങളുടെ നാട്ടില്‍ ആദ്യമായിട്ടാണ് ഒരു തൂങ്ങി മരണം നടക്കുന്നത്...അമ്മയുടെ വിവരണം കേട്ടപ്പോള്‍ എനിക്കും തോന്നി അവിടെ എന്തോ അദ്ഭുത സംഭവം നടന്നിരിക്കുന്നു എന്ന്..

"പെണ്‍കുട്ടി ആയി പോയില്ലേ...ആവശ്യമില്ലാതെ പുറത്ത് ഇറങ്ങാന്‍ പാടില്ലല്ലോ..കഷ്ടകാലത്തിനു ഞായരാഴചേം...അല്ലെങ്കി ക്ലാസ്സെന്നു പറഞ്ഞു ബസ്‌ സ്റ്റോപ്പില്‍ പോവുമ്പോ ഇടം കണ്ണ് ഇട്ടെങ്കിലും നോക്കാമായിരുന്നു..എന്താ കാര്യംന്നു... ചോദിച്ചാലും സമ്മതിക്കില്ല..
     പണ്ട് ഒരു ദിവസം ആന പുറത്ത് ഒന്ന് കേറണം എന്ന് പറഞ്ഞതിന് കേട്ട ചീത്ത നിക്കല്ലേ അറിയൂ.അപ്പഴും പറയുന്നത് കേട്ട് പെന്കുട്ട്യോളായ അടക്കോം ഒതുക്കോം വേണംന്ന്....ആനയ്ക്കെന്താ പെണ്‍കുട്ട്യോള് കേറ്യ മാത്രം വേദനിക്ക്യോ...?"

           പത്രം അച്ഛന്റെ കയ്യില്‍ നിന്നും കിട്ടുന്ന ഒരു ലക്ഷണോം കാണാനില്ല..ചോദിച്ചാ അപ്പൊ കേള്‍ക്കും ..."പെണ്‍കുട്ട്യോള് രാവിലെ പത്രം വായിചോണ്ടിരിക്കാതെ വീട്ടില് വല്ലതും ചെയ്യണം..."ആന്കുട്ട്യോള്‍ക്കെന്താ രണ്ടു കാലു അധികമുണ്ടോ ഈശ്വര..അടുത്ത ജന്മത്തിലെങ്കിലും ഒരു ആണ്‍കുട്ടി ആവണേ കൃഷ്ണാ...എന്നിട്ട് വേണം ആന പുറത്തെങ്കിലും ഒന്ന് കേറാന്‍...!.മനസ്സില്‍ വിചാരിച്ചു ..അവിടെയും മൌനം..ഒന്നും മിണ്ടാതെ വീണ്ടും അകത്തേക്ക് നടന്നു..ആരോടൊക്കെയോ ദേക്ഷ്യം തോന്നി... നശിച്ച പ്രഭാതം..!

2011, ഓഗസ്റ്റ് 20, ശനിയാഴ്‌ച

വെറുതെ....





പ്രണയത്തെ എനിക്ക് വെറുപ്പാണ്...

ഇത്തിള്‍ കണ്ണി പോലെ മനസ്സില്‍ വേരൂന്നി,

ജീവരക്തം ഊറ്റിക്കുടിച്ച് വെറും

അവശിഷ്ടമായി,വലിച്ചെരിയപ്പെടുമ്പോള്‍,

ആരെയാണ് പഴിക്കേണ്ടത്...?

കരഞ്ഞു കലങ്ങി വിധിയെന്ന് പുലമ്പി ,

ഏതോ വിഷാദത്തിന്റെ നീര്‍ച്ചാലില്‍ നിന്നും

ഓര്‍മകള്‍ പടിയിറങ്ങുമ്പോള്‍

നിന്റെ നഷ്ടപെടലില്‍ സ്വയം

ഉരുകി ഒലിച്ച എന്നെ നീ കണ്ടില്ല...

എല്ലാം മറക്കാന്‍ ശ്രമിക്കുമ്പോഴും

നിന്നെ മറക്കെണ്ടത് എങ്ങനെയെന്നു

പറയാന്‍ നീ മറന്നു പോയി...!

ഒടുവില്‍ ഞാനും നീയുമെന്ന വലിയ

ലോകത്തില്‍ നിന്നും

ഞാന്‍ മാത്രമായി ഒതുങ്ങുമ്പോള്‍

നിന്റെ വേരുകള്‍ എന്റെ ആത്മാവില്‍

നിന്നും പറിച്ചെടുക്കാന്‍ ശ്രമിക്കുമ്പോള്‍,

നീ കണ്ടില്ല എന്റെ കരഞ്ഞു തളര്‍ന്ന

കണ്കളിലെ പൊടിഞ്ഞ ചോര തുള്ളികളെ...

വെറുക്കുന്നു ഞാനീ പ്രണയം നാമ്പിട്ട

എന്റെ മനസ്സിനെ...

വെറുക്കുന്നു ഞാനീ പ്രണയം സ്രിക്ഷ്ടിച്ച

ഓര്‍മകളെയും ....

വെറുക്കാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും

വിഫലം വെറുതെ വെറുക്കുന്നു...

വെറുതെ, വെറുതെ മാത്രം..!

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ജപ്തി..



         കൊയ്യാന്‍ മറന്ന വിള നിലങ്ങളില്‍,പടു മുള പൊട്ടിയ വിത്തുകളില്‍ ,ഇരുളടഞ്ഞ സ്വപ്നങ്ങളെ നോക്കി അയാള്‍ മൂകനായി...കരിഞ്ഞുണങ്ങുന്ന കതിരുകളില്‍ മഴ ചാറ്റലിന്റെ വരണ്ടു ഉണങ്ങിയ ചാലുകള്‍...ഇറയത്ത് തിരുകി വച്ച ജപ്തി നോട്ടിസ് എടുത്ത് പലവുരി വായിച്ചു...അക്ഷരങ്ങള്‍ കൂട്ടി വായിക്കാന്‍ മാത്രമേ പഠിച്ചിട്ടുള്ളൂ...

ഉണങ്ങിയ വാഴ തൈകളില്‍ നിന്നും ഒരു ഉണ്നിതണ്ട് മുറിച്ചെടുത്ത് അവള്‍ വന്നു..."കഞ്ഞിക്കു ഉപ്പേരിക്ക് വേറെ ഒന്നും ഇല്ല...കുട്ട്യോള്‍ക്ക് എന്തെങ്കിലും കൊടുക്കണ്ടേ...ഉണങ്ങാന്‍ തോടന്ഗ്യതോണ്ട് ഞാനിതിങ്ങു മുറിച്ചു...ഇനി അതിനു ന്നെ ചീത്ത പറയണ്ട "തന്റെ രൂക്ഷ നോട്ടത്തെ കണ്ടപ്പോള്‍ തന്നെ അവള്‍ ന്യായങ്ങള്‍ നിരത്താന്‍ തുടങ്ങി...അവള്‍ക്കറിയില്ല അവിടെ ഉണങ്ങുന്നത് തന്റെ ആയുസ്സിന്റെ അവസാന സ്വാസമാണ്...ജപ്തി നോട്ടിസിന്റെ കാര്യം വീട്ടിലാരെയും അറിയിച്ചിട്ടില്ല...അവരുടെ കണ്ണുനീര്‍ കാണാനുള്ള മന:ശക്തി

അയാള്‍ക്കുണ്ടായിരുന്നില്ല...അകലെ ചുവന്ന ആകാശം...ശൂന്യമായ വിദൂരതയിലേക്ക് കണ്ണുകള്‍ നട്ട് അയാള്‍ ഇരുന്നു...

"അച്ഛാ നാളെ കൂടി പുസ്തകത്തിനു പൈസ കൊടുത്തില്ലെങ്കി

ക്ലാസ്സീന്നു പൊറത്താക്കും എന്നാ ടീച്ചര്‍ പറഞ്ഞെ...അച്ഛനെന്താ ഒന്നും മിണ്ടാത്തെ...?"ചെറിയ മകളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ അയാള്‍ നിര്‍വികാരനായി ..."രാഘവേട്ടന്റെ കടേല് പറ്റു കാശു കൊടുത്തില്ലെങ്കി നാളെ മുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ ചെല്ലണ്ടാന്നു പറഞ്ഞു..."കഞ്ഞി വിളമ്പുമ്പോള്‍ അവള്‍ പറഞ്ഞു...മറുപടി ഒന്നും പറയാതെ അയാള്‍ കയ്യിലിരുന്ന പ്ലാവില തിരിച്ചു കൊണ്ടിരുന്നു...

"ഞാനിപ്പോ വരാം നീ വാതിലടച്ചു കിടന്നോ .."മക്കളുടെ നെറുകില്‍ അയാള്‍ പതിവില്ലാതെ ഒരു മുത്തം കൊടുക്കുന്നത് കണ്ട് അവള്‍ അദ്ഭുതപ്പെട്ടു..."ടോര്ചെടുക്കുന്നില്ലേ..."ആ വരമ്പിന്റെ പൊത്തില്‍ നിറയെ ഇഴ ജന്തുക്കള...""വേണ്ട നീ കിടന്നോ ...ഞാന്‍ അധിക ദൂരമൊന്നും പോണില്ല "തിരിഞ്ഞു നോക്കാതെ അയാള്‍ പറഞ്ഞു...ഉരുണ്ടു കൂടിയ കണ്ണ് നീര്‍ വറ്റി വരണ്ട അയാളുടെ വാക്കുകളെ നനച്ചു... അവസാന വാക്ക്...

അകലെയെങ്ങോ ഒരു തെയ്യം ഉറഞ്ഞു തുള്ളിക്കൊണ്ടിരിക്കുന്നു...ഒടുവില്‍ മുറുകിയ കൊട്ടിന്റെ ശമന താളം...ചേതനയറ്റ ഒരു ശരീരം കരിഞ്ഞുണങ്ങിയ ആ വാഴ തൈകളിലെന്ഗോ വിരുന്നു വന്ന ഇളം കാറ്റ് തഴുകി കടന്നു പോയി....

2011, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

വീണ്ടുമൊരു സാമ്പത്തിക മാന്ദ്യം!!!!!!!



                                

നീയെന്റെ ചൂണ്ടു പലകകളില്‍ കൊളുത്തിയത്,
തേച്ചാലും മായ്ച്ചാലും മായാത്ത കടപ്പാടുകള്‍..!
ആഗോളീകരണവും സാമ്പത്തിക മാന്ദ്യവും ,
എന്റെ ഉമ്മറത്തിണ്ണയില്‍ നാലഞ്ചു കടലാസ്
തുണ്ടുകളില്‍ കൂപ്പു കുത്തി വീണു...!
ക്രെഡിറ്റ് റേറ്റിങ്ങും ഓഹരി വിപണികളും ,
എന്റെ ഉറക്കം കെടുത്തി...!
പൊന്നിന്റെ വില പൊന്നിനെക്കാള്‍ തിളങ്ങിയപ്പോള്‍,
പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍
മക്കളെ നോക്കി അമ്മമാര്‍ വിലപിച്ചു...!!
മുറിച്ചു മാറ്റാനാവാത്ത രക്ത ബന്ധം പോലെ
ലോക ബാങ്ക് വിലയിടിഞ്ഞ ഡോളറിനെ,
നോക്കി നെടുവീര്‍പ്പിട്ടു...!
ദഹനക്കേട് ബാധിച്ച ഐ.ടി കമ്പനികള്‍
പാവം ജനങ്ങളെ പുറത്താക്കി,വയറു ശുദ്ധിയാക്കി...!
കഞ്ഞിക്കു വക തേടി വിദേശ
നിക്ഷേപം കാത്തിരുന്നവര്‍ ,
ആത്മഹത്യ ചെയ്തു...!
ഞാന്‍ വെറുമൊരു ദരിദ്ര രാഷ്ട്രത്തിലെ ,
പ്രതികരണ ശേഷി ഇല്ലാത്ത ജന കോടിയില്‍ ഒരുവന്‍..!
എങ്കിലും അമേരിക്കെ നീയറിയുക,
ഞാനുമൊരു മനുക്ഷ്യന്‍ !!!
ഈ മണ്ണില്‍ ജനിച്ചു വളര്‍ന്നു ജീവിക്കാന്‍,
വിധിക്കപ്പെട്ടവന്‍...!
താഴേക്ക്‌ വീഴുന്ന സെന്‍സെക്സിനെ നോക്കി,
വില ഇടിയുന്ന എണ്ണ ഖനികളെ നോക്കി,
വീണ്ടുമൊരു മാന്ദ്യത്തെ വരവേല്‍ക്കാന്‍ കെല്‍പ്പില്ലാത്ത്തവന്‍!
ഇനിയുമൊരു പൊട്ട കിണറ്റിലേക്ക്
എന്നെ തള്ളിയിട്ടു നീ
ചിരിക്കുന്നത് കാലന്റെ പരിഹാസ ചിരി...!!
നിന്റെ അട്ടഹാസത്തില്‍ നിന്റെ ഡോലരുകളില്‍
അമര്ന്നരയുന്ന ജനതയുടെ ചോരയുടെ മണം!!
എന്തുത്തരം നല്‍കും നീ ഒരിക്കല്‍ കൂടി
ഈ പാവം ജന സമക്ഷത്തിലായ്..?

2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

പിണക്കം...






അവസാനത്തെ മിസ്ഡ് കാള്‍...ഇനിയൊരിക്കലും ആ നമ്പറിലേക്ക് വിളിക്കില്ല...എങ്കിലും ഡിലീറ്റ് ചെയ്യാന്‍ എന്തോ മനസ്സ് അനുവദിക്കുന്നില്ല...ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്..വളരെ പെട്ടന്നായിരുന്നു അവന്‍ ഹൃദയത്തോട് അടുത്തത്....ചിലര്‍ അങ്ങനെയാണ്...കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ പറിച്ചു മാറ്റാനാവാത്ത വിധം നമ്മോടടുക്കുന്നു...എന്തോ അവനും അങ്ങനെ ആയിരുന്നു...സൌഹൃദത്തില്‍ ഉപരി പ്രണയത്തിന്റെ നൂലാമാലകള്‍ ഒരിക്കലും അവര്‍ക്കിടയില്‍ ഉണ്ടായിട്ടില്ല...മനസ്സ് വല്ലാതെ വിങ്ങുന്നു..മറ്റാരെക്കാളും അവനു തന്നെ അറിയാമായിരുന്നു....എന്നിട്ടും...


        "രേഖേ കഴിക്കുമ്പോ കൂടി ഈ കുന്ത്രാണ്ടം കയ്യീന്ന് വയ്ക്കാന്‍ വയ്യേ നിനക്ക്...ഇരുപത്തി നാല് മണിക്കുറും ഈ മൊബൈലും കുത്തി പിടിച്ചിരുന്നോ..."അമ്മയുടെ വഴക്ക് കാതില്‍ വീണിട്ടും കേട്ടില്ലെന്നു നടിച്ചു...ചിന്തകള്‍ മുഴുവന്‍ അവനെക്കുരിച്ചായിരുന്നു...


           എത്ര വട്ടം തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല...നെഞ്ചോടു ചേര്‍ത്ത് വച്ച സൌഹൃദം..ഒടുവില്‍ പെട്ടന്ന് ഒരു നാളില്‍ ഒരു ഗുഡ്ബൈയും പറഞ്ഞ് അവന്‍ എത്ര പെട്ടന്ന് അകന്നു പോയി...?ഓര്‍ക്കുന്നുണ്ടാവുമോ തന്നെ കുറിച്ച് എപ്പോഴെങ്കിലും...?
         "ഈ കുട്ടിക്ക് സൂര്യന്‍ തലയ്ക്കു മേലെ വന്നിട്ടും യെണീക്കാരായില്ലേ?...നാളെ വേറൊരു വീട്ടില്‍ ചെന്ന് കേറേണ്ട പെണ്ണാണ്‌...അപ്പഴും വളര്‍ത്തു ദൂഷ്യം എന്നും പറഞ്ഞ് കുറ്റം മുഴുവന്‍ നിക്ക് ആവും.."അമ്മയുടെ പുലമ്പല്‍ അസഹ്യമായപ്പോള്‍ അവള്‍ മെല്ലെ എഴുന്നേറ്റു...ഒന്നിനും ഒരു ഉത്സാഹവും തോന്നിയില്ല... "രേഖേ ക്ലാസ്സില്‍പോവുന്നില്ലേ നീ ഇനീം അവിടെ എന്താലോചിച്ചു നിക്ക്വാ??" അച്ഛനും തുടങ്ങി...
അവനെ കുറിച്ച് ആലോചിച്ചപ്പോള്‍ ഒരു വല്ലാത്ത നെഞ്ചിടിപ്പ്...എത്ര വിളിക്കില്ലെന്നു കരുതിയാലും വിളിക്കാതിരിക്കാന്‍ തനിക്കാവില്ലെന്ന് അവള്‍ക്കറിയാം..."താങ്കള്‍ വിളിച്ച നമ്പര്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ല ...ദയവു ചെയ്ത് പിന്നീട് ശ്രമിക്കുക..."ആ സബ്ദം കേട്ടപ്പോള്‍ തന്നെ മൊബൈല്‍ എടുത്ത് ഒരേറു കൊടുക്കാന്‍ തോന്നി...
അവന്‍ എന്തിനായിരുന്നു വാക്കുകള്‍ കൊണ്ട് തന്നെ ഇത്ര കുത്തി മുറിവേല്‍പ്പിച്ചത്...തന്റെ ജീവിതത്തിലെ മറ്റുള്ളവരെ പോലെ അവനും താന്‍ ഒരു തമാശ ആയിരുന്നോ...? അവളുടെ ചിന്തകള്‍ ഇടറുകയായിരുന്നു...ഇല്ല എന്നെങ്കിലും അവന്‍ തന്നെ തിരിച്ചറിയും ...സ്വയം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു...വ്യര്‍തമാനെന്നരിഞ്ഞിട്ടും...


***********************
           മനസ്സു ഇരമ്പുന്നു കടല്‍ പോലെ...ചക്രവാളത്തില്‍ നിറം പകര്‍ന്ന് സൂര്യന്‍ അകലെയെങ്ങോ അഴ്ന്നാഴ്ന്നു പോയി..
കടല്‍ കാത്തിരുന്നു സൂര്യന്റെ തിരിച്ചു വരവിനായി...പ്രതീക്ഷയോടെ...!!!അകലെയെങ്ങോ തന്റെ പ്രിയകൂട്ടുകാരനായി അവളും കാത്തിരുന്നു...