2012, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

ഞാന്‍...

ഞാന്‍ ഇങ്ങനെയാണ്...
ഞാന്‍ പറഞ്ഞില്ലേ
ഞാന്‍ ഇങ്ങനെയാണെന്ന്...
ഇങ്ങനെ ഇങ്ങനെ
ഞാന്‍ മാത്രമാവുന്നതാണെനിക്കിഷ്ടം
അയലത്തെ വീട്ടിലെ  
അമ്മുവാകാന്‍
എനിക്ക് പറ്റില്ല...
ഞാന്‍ ഞാനാണെന്ന്
പറഞ്ഞില്ലേ അമ്മെ.....
 
 

2012, സെപ്റ്റംബർ 23, ഞായറാഴ്‌ച

വാലുകള്‍...

വാല് മുറിഞ്ഞ പല്ലികളും
നിറം മാറിയ ഓന്തുകളും  
ഇന്നലെ മച്ചിന്‍ പുറത്ത്
ഏറ്റുമുട്ടി..
വിപ്ലവം...
കെണിയില്‍ കുടുങ്ങിയ
പെരുച്ചാഴി ജീവന്‍
മറന്ന് വിപ്ലവത്തെ
പിന്താങ്ങി...
തുടിപ്പ് വിട്ടു മാറാത്ത
വാലുകള്‍ തേടി
നരിച്ചീറുകള്‍ വന്നിരുന്നത്രെ..
പക്ഷെ നിഴല്‍
ചിത്രങ്ങള്‍ മുഴുവന്‍
ഓന്തുകളുടെ വര്‍ണ
മഴ നനഞ്ഞു കുതിര്‍ന്നു..
പിടച്ചില്‍ മാറിയ
വാലുകള്‍ ഇന്നും
കുടം കുളത്തെ
മച്ചിന്‍ പുറത്തു
ബാക്കി നില്‍ക്കുന്നു...
ചിലത് വേദനയില്‍
പിടഞ്ഞു കൊണ്ടിരിക്കുന്നു...

2012, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച

പ്രേതങ്ങള്‍..

കാറ്റത്ത്‌ ഒരില
കൊഴിഞ്ഞു വീണു
ഇലയ്ക്ക് അടുക്കളക്കാരി
ശാന്തയുടെ ഗന്ധം...
ചൂല് കാട്ടി
മുറ്റത്തു നിന്നും
വലിച്ചെറിഞ്ഞപ്പോള്‍
പൂഴി മണ്ണില്‍ മുഖം
പൂഴ്ത്തി കരഞ്ഞുവത്രേ...
അരൂപികളായ പ്രേതങ്ങള്‍
ഇന്നലെയും വടക്കിനി
തിണ്ണയില്‍ എത്തി നോക്കി..
പ്രശ്നം വച്ചപ്പോള്‍
കണ്ടത് അവളുടെ
മുലക്കണ്ണ്  മാത്രം
ചുഴലി ദീനം പിടിച്ച
ഒരു ശരീരം ഇന്നലെ
ആരോ പോസ്റ്മോര്ടം ചെയ്തു...
ബീജ കൊഴുപ്പുറഞ്ഞ
കത്തി ശവത്തെ വെട്ടി നുറുക്കി...
വാര്‍ത്തകളില്‍ തിരഞ്ഞത്
മുഴുവന്‍ നിന്റെ
നിമ്നോന്നതങ്ങളെ കുറിച്ചായിരുന്നു..
**********************************
മകളെ നിന്നെ എനിക്ക്
ഭയമാണ്...
ആ പ്രേതങ്ങള്‍
നിനക്കായി എന്റെ
ഗര്‍ഭപാത്രം ചുരണ്ടുമോ
എന്ന ഭയം...

2012, സെപ്റ്റംബർ 11, ചൊവ്വാഴ്ച

അവള്‍..

(ചാലയില്‍ വെന്തെരിഞ്ഞ അമ്മമാര്‍ക്ക്...) 
ഇന്നലെ സന്ധ്യക്ക്‌ പോവുമ്പോഴും
പിറു പിറുത്തെന്തോ
പറഞ്ഞവള്‍ ഓടി വന്നു...
"കൂട്ടാനു കഷ്ണങ്ങള്‍
വാങ്ങിടെണം,
കൊച്ചു മോള്‍ക്കൊരു
കുപ്പായം വാങ്ങിടെണം
നേരത്തെ അത്താഴമുണ്ണ്‍വാനെത്തണം
ബാലന്റെ ചായക്കടയില്‍
നിന്നൊരു പാലിന്റെ
പാക്കെറ്റും വാങ്ങിടെണം.."
മൂളി എന്നൊന്നു വരുത്തി
ഞാന്‍ പോകവേ
സീരിയലിനായവള്‍
വേഗമോടി...
വെറുതെയന്നെന്തോ മനസ്സിന്റെ
ഉള്ളിലൊരു
കനല്‍ കോരിയിട്ടത്‌ പോലിരുന്നു...
അര മുറി പീടികത്തിണ്ണയില്‍
വെറുതെ സൊറ
പറഞ്ഞന്നു ഞാന്‍ ചാരി
നില്‍ക്കെ
ആരോ പറഞ്ഞു
മറിഞ്ഞൊരു വാതക
ഗന്ധമാണൂരു മുഴുക്കെയെന്ന്
******************************************
കത്തിക്കരിഞ്ഞൊരു വീടിന്റെ
ഉള്ളിലായ്
വെന്തു കരിഞ്ഞവള്‍
വീണു പോകെ
വീണ്ടും പരാതി പറഞ്ഞു
പിറു പിറുത്തോടിവരാന്‍
എനിക്കാരുമില്ല..
എന്നും ചിരി തൂകി
അത്താഴമുന്നുവാന്‍
കാത്തിരിക്കാന്‍ ഇനിയാരുമില്ല...
"കുട്ട്യോള്‍ടെ അച്ഛനെന്നോതി
വിളിച്ചെന്റെ
ചാരത്തവള്‍ വന്നു
നില്‍ക്കയില്ല...
***************************
അഗ്നി നാളങ്ങള്‍ ഇന്നേറ്റു
വാങ്ങി എന്റെ
 ഉമ്മറത്തിണ്ണയും
ഞാനുമുണ്ട്..
ഒന്നിനും പൂരിതമാക്കിടാനാവാതെ
അവളുടെ കിന്നരിയൊച്ചയും
ഉണ്ടിവിടെ... 

2012, സെപ്റ്റംബർ 3, തിങ്കളാഴ്‌ച

ഒരു പച്ചക്കുതിര ചിലയ്ക്കുന്നു...

ഒരു പച്ചക്കുതിര ചിലയ്ക്കുന്നു...
നേര്‍ത്തും പേര്‍ത്തും
ശമാനാഗ്നികളില്‍ ഊറും
ജ്വാലകള്‍ കത്തിയെരിച്ചും
ഒരു പച്ചക്കുതിര ചിലയ്ക്കുന്നു...
വിശപ്പ്‌ മാറ്റാന്‍
വിധി നല്കാത്തൊരു
വയറിനെ നോക്കി
കന്യാസ്ത്രീത്വം
പിച്ചി ചീന്തി
ഉടലിലണിഞ്ഞൊരു
കൊന്തകള്‍  നോക്കി..
സ്നേഹ ജിഹാദിന്‍
പത്തികള്‍ ചീറ്റിയടിച്ച
കിടാങ്ങളെ നോക്കി
സന്യാസത്തിന്‍ കാപട്യക്കുട
ചൂടി നടക്കും മുനികളെ  നോക്കി
ഒരു പച്ചക്കുതിര ചിലയ്ക്കുന്നു...
ഇരുള് നിറഞ്ഞ മണല്‍ക്കാടുകളില്‍
ഇരുട്ട് വറ്റിയ മദ്യക്കുപ്പിയില്‍
നിശ്വാസത്തിന്‍ കനല്‍ ചൂടെറ്റൊരു
പച്ചക്കുതിര ചിലയ്ക്കുന്നു...
മതമില്ലിവിടെ ജാതിയുമില്ലൊരു
നിറ ഭേദത്തിന്‍ വിത്തുകളില്ല...
വിയര്‍പ്പു തുള്ളികള്‍
മതിഭ്രമമേറ്റു വിശപ്പ്‌ കാണാ
കുന്നുകള്‍ തേടി
ഒരു ചാണ്‍ കയറില്‍ ജീവനൊടുക്കിയ
കര്‍ഷക പ്രേതം ഈരടി മൂളി
പിച്ചക്കാശിനു വിറ്റു
തുലച്ചോരു പെണ് മാനത്തിന്‍
നില വിളി കേട്ടൊരു
പച്ചക്കുതിര ചിലയ്ക്കുന്നു...
ദാരിദ്ര്യത്തിനു രേഖ
വരച്ചൊരു
ധാരാളിയുടെ ഉടലിനെ
നോക്കി ഒരു പച്ചക്കുതിര
ചിലയ്ക്കുന്നു..
നിശ്ശബ്ദ ലോകം കേള്‍ക്കാനായി 
പച്ചച്ചിറകുകള്‍ കൂട്ടിയടിച്ചൊരു
പച്ചക്കുതിര ചിലയ്ക്കുന്നു...