2012, ഡിസംബർ 31, തിങ്കളാഴ്‌ച

ഡിസംബര്‍ നീ എനിക്ക് പ്രിയപ്പെട്ടവളാകുമായിരുന്നു...

ഡിസംബര്‍  നീ പോവുകയാണ്..
ചിലപ്പോഴൊക്കെ മഞ്ഞു
മൂടിയ താഴ്വാരങ്ങളില്‍
നിന്റെ നേര്‍ത്ത കമ്പളം
പിഞ്ഞി കീറിയത്
ഞാന്‍ നോക്കി നിന്നിരുന്നു.
ബാക്കിയായ മണിക്കൂറുകളെ
നോക്കി നീ നെടുവീര്‍പ്പിട്ടതും
നിന്നില്‍ അണഞ്ഞ
ജ്യോതിയില്‍ ഒരു കണ്ണു
നീര്‍ തുള്ളിയുടെ വെളിച്ചം
ബാക്കി വച്ചതും...
 
 നീ തന്ന നോവിന്റെ
നിനവ് മായ്ച്ചു കളയാന്‍
നാളെയൊരു ജനുവരി
പിറക്കുമ്പോള്‍
ദില്ലിയുടെ തെരുവോരങ്ങളില്‍
അവള്‍ തേങ്ങുന്നുണ്ടാവാം 
ഒരു പക്ഷെ എന്റെ പ്രിയ 
സഹോദരിയെ  നീ 
തിരിച്ചു തന്നിരുന്നെങ്കില്‍  
ഡിസംബര്‍ നീ എനിക്ക്
പ്രിയപ്പെട്ടവളാകുമായിരുന്നു...
യാത്ര ചൊല്ലട്ടെ ഞാന്‍
പഴയൊരു സുനാമിയുടെ,
പുതിയൊരു ജ്യോതിസ്സിന്റെ 
കണ്ണുനീര്‍ കൂട്ടില്‍ നിന്നും....
ഡിസംബര്‍ ഇനിയെങ്കിലും
ഇങ്ങനെ നീ പിറക്കാതിരിക്കുക
എങ്കില്‍ ഒരു പക്ഷെ
ഡിസംബര്‍ നീ എനിക്ക്
പ്രിയപ്പെട്ടവളാകുമായിരുന്നു...
 

2012, ഡിസംബർ 17, തിങ്കളാഴ്‌ച

പൈങ്കിളികള്‍

 വേട്ടക്കാരന്‍ :
 
നിന്റെ കവിതകള്‍
വെറും പൈങ്കിളികളാണ്...
വിഭ്രാന്തികള്‍ .... 
ജല്പനകള്‍ ..
അടച്ചു പൂട്ടി ചവറ്റു
കുട്ടയിലെറിയൂ ഈ ഭ്രാന്തുകള്‍...
***************************
ഞാന്‍ :
 
എന്തായാലും കിളിയല്ലേ
അതിനെ സ്വതന്ത്രമായി
പറക്കാന്‍ വിടുക
എന്റെ കൊച്ചു
പൈങ്കിളികള്‍
അവയെ നിന്റെ
കമ്പി വലയത്തില്‍
അടച്ചു പൂട്ടാതിരിക്കുക..
അവ പലപ്പോഴും
പറയാതെ പോയ
എന്റെ ദീര്‍ഘ നിശ്വാസങ്ങളാണ്
കുഞ്ഞു നൊമ്പരങ്ങളാണ്
വികലമായ സ്വപ്നങ്ങളാണ്
********************* 
നേരംപോക്ക് :
 
എന്റെ പൈങ്കിളികളെ
ഞാന്‍ പറത്തി വിടുകയാണ്
എനിക്ക് പലപ്പോഴും
അന്യമായ ഈ ആകാശത്തില്‍ ..
എനിക്ക് അപരിചിതമായ
വഴികളില്‍.
ചിറക് തളര്‍ന്നു തളര്‍ന്നു
മറ്റൊരു വേട്ടക്കാരന് മുന്നില്‍
വീഴും വരേയ്ക്കും

2012, ഡിസംബർ 12, ബുധനാഴ്‌ച

ആത്മാക്കള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് ...


ചിലപ്പോഴൊക്കെ കുഴി
മാടത്തില്‍ നിന്നും ആത്മാക്കള്‍
ഉയിര്‍ത്തെഴുന്നേല്‍ക്കാറുണ്ടത്രെ
നഷ്ടപ്പെട്ട ജീവിതത്തെ
വീണ്ടും ഉറ്റു നോക്കി
രക്തബന്ധത്തിന്റെ
വേര് തേടി
ആരു മറിയാതെ
ഉമ്മറ തിണ്ണയിലും
കാച്ചിയ പപ്പടം
മണക്കുന്ന അടുക്കളയിലും
ചില നിശബ്ദ മായ
തേങ്ങലുകളായി
അവര്‍ അലയാറുണ്ടാവാം
കാരണം ആത്മാക്കള്‍ക്കും
കഥകള്‍ പറയുന്ന
ഒരാത്മാവുണ്ടത്രേ..
പ്രാരബ്ദ നെട്ടോട്ടങ്ങള്‍ക്കിടയില്‍ 
വാഹന മിടിച്ചു 
തെറിപ്പിച്ച അച്ഛന്റെ കഥ  
ഒരു തരി പൊന്നിന്
കൊന്നു കളഞ്ഞ
അമ്മയുടെ കഥ
അനിയത്തിയെ കാത്തു നിന്ന ചേച്ചി...
അരുതാ ത്ത  കൈകളില്‍ പെട്ടത്  
റാഗിങ്ങില്‍ സ്വയം
ഒടുക്കിയ ചേട്ടന്‍
അങ്ങനെ പലതും
ചോര മണം വിട്ടു മാറാത്ത
ശവപ്പറമ്പില് നിന്നും ‍
പലപ്പോഴും ഉറക്കം വരാതെ 
അവര്‍ പ്രിയപ്പെട്ടവര്‍ക്കിടയില്‍ 
അലയുന്നുണ്ടാവാം
തേങ്ങലുകളും ആരവങ്ങളും
ഒടുങ്ങുമ്പോള്‍ ആരുമറിയാതെ
ഒരു   നനുത്ത കാറ്റായി
നമുക്കിടയില്‍ അലയുന്നുണ്ടാവാം