2012, ഒക്‌ടോബർ 21, ഞായറാഴ്‌ച

അവിഹിതം..?

വരച്ചിട്ടതൊക്കെ വെറും
വരകള്‍ മാത്രമാണെന്ന്
പറഞ്ഞപ്പോള്‍ നിന്റെ
പ്രണയ ലേഖനങ്ങള്‍
ഞാന്‍ ചവറ്റു കുട്ടയിലെറിഞ്ഞു
നിനക്കും എനിക്കും ഇടയില്‍
 വഴി തെറ്റി വന്ന പ്രണയത്തെ
ഇന്നലെ മറ്റൊരു
താലിക്കു തല കുനിച്ചു
ഞാന്‍ പുറത്താക്കി ..

എന്നിട്ടും എണ്ണം പറഞ്ഞു
 കടന്നു പോയ ഓര്‍മകളില്‍
നിന്റെ ചുംബനത്തിന്റെ
നനവുണ്ടായിരുന്നു...
മെഴുക്കു പുരണ്ട
തല മുടിയുടെ ചൂടില്
‍ ഞാനും നീയും പങ്കു വച്ച
നിശ്ശബ്ദതകള്‍ ഉണ്ടായിരുന്നു..
ആട്ടി  പുറത്താക്കിയ പ്രണയം
 ഇന്നലെയും നമ്മളെയും
കാത്ത് പുറത്ത്
അക്ഷമനായി നിന്നിരുന്നു..

ആരൊക്കെയോ പറഞ്ഞു
അതായിരുന്നു  അവിഹിതം..

2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

അനുസരണയില്ലാത്ത മഴ...

കാരണമില്ലാതെ പെയ്തൊഴിയുന്ന
മഴയോട് ഇന്നലെ
എന്തോ വെറുപ്പ്‌ തോന്നി..
പലവട്ടം പറഞ്ഞിട്ടുള്ളതാണ്
ഇറയത്ത്‌ നിന്ന് ഇങ്ങനെ ചിണ്ങ്ങരുതെന്ന്
ഇടിവെട്ടി എന്നെ ഭയപ്പെടുത്തി
അകത്തളത്തിലെ കട്ടിന്‍  ചുവട്ടില്‍
പഴയ പോലെ ഒളിപ്പിക്കരുതെന്ന്

കളിവള്ളം കാത്താണ് നീ
ഈ വെള്ളമെല്ലാം ഇങ്ങോട്ട്  
ഒഴുക്കി  വിടുന്നതെങ്കില്‍ വെറുതെയാണ്
എനിക്ക് സമയമില്ല..

നിന്റെ നീര്‍ക്കുമിള കളില്‍ 
പൂത്തു തളിര്‍ത്തു കായ്ക്കാന്‍ 
എന്റെ പൂന്തോപ്പില്‍
വെറും പ്ലാസ്റ്റിക്‌ ചെടികളാണുള്ളത്
വെറുതെ വീണ്ടും വീണ്ടും
പെയ്ത് പണ്ടെങ്ങോ മണ്‍ മറഞ്ഞു പോയ
പോക്കാച്ചി തവളകളെ
ശവപ്പറമ്പില്‍ നിന്ന് ഉണര്ത്തരുത്..

പുതു മണ്ണിന്റെ മണം പരത്താമെന്നുള്ള
നിന്റെ മോഹം വെറുതെയാണ്...
എന്റെ മണ്ണില്‍ കോണ്ക്രീറ്റ് പാകി
ഞാന്‍ മോടി കൂട്ടിയിരിക്കുന്നു

ഇനിയും ചിണുങ്ങി ചിണുങ്ങി
ജനാലപ്പടിയില്‍ വന്നു
പതിക്കുന്നത് വെറുതെയാണെന്ന്  
എന്റെ മഴേ എത്ര വട്ടമായി 
ഞാന്‍ പറയുന്നു  
അനുസരണയില്ലാത്ത മഴ!!!!

2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

മിന്നു മോള്‍

നേര്‍ത്ത മഞ്ഞു പാളികളിലേറി
ഇന്നലെ സ്വപ്നങ്ങളില്‍
വന്നു   മാലാഖമാര്‍
 എനിക്ക് കുഞ്ഞുടുപ്പും
കളിക്കോപ്പും നല്‍കി
അവര്‍ മറഞ്ഞു പോയി...

പഞ്ചാര മണലില്‍ തീര്‍ത്ത
 മിട്ടായി മാലാഖയുടെ കയ്യില്‍ ഉണ്ടെന്ന്
പറഞ്ഞത് കുട്ടേട്ടനല്ലേ
മിട്ടായി കുറ്റിക്കാട്ടിനപ്പുറത്തെ
ഇരുട്ടില്‍ ഒളിച്ചു
വച്ചിരിക്കുകയാണ് എന്ന്
പറഞ്ഞത് കൊണ്ട്
മാത്രമാണ്
അമ്മ കാണാതെ
ഞാന്‍ കൂടെ വന്നത്...

മാലാഖമാര്‍ മിട്ടായി
തരുന്നതിനു മുന്പ്
വേദനിപ്പിക്കുമെന്ന്
പറഞ്ഞപ്പോഴും
ഞാന്‍ സമ്മതിച്ചു...
വേദനിച്ചു കരഞ്ഞപ്പോഴും
എന്റെ അടി   വസ്ത്രം  
ചുവന്നു തുടുത്തപ്പോഴും
 അമ്മയുടെ അടി പോലും
മറന്നു ഞാന്‍ കാത്തിരുന്നത്
പഞ്ചാര മിട്ടായിക്ക് വേണ്ടിയല്ലേ...?
ഒടുവില്‍ മിട്ടായി നല്‍കാതെ
കുട്ടേട്ടന്‍ ഈ മിന്നു മോളെ
 കാട്ടിലെ ഇരുട്ടില്‍ ‍ 
 ഒറ്റയ്ക്കാക്കി
ഓടി പോയതെങ്ങോട്ടാണ്...?