2011, നവംബർ 28, തിങ്കളാഴ്‌ച

ഞാന്‍ പെണ്ണ്...

ഇഷ്ടങ്ങളുടെ ഗതകാല
സ്മരണകളില്‍
പൊട്ടിത്തകര്‍ന്ന
മഞ്ചാടി കുരുക്കള്‍....
ഇനിയും ഒരു കുരുക്ഷേത്രത്തില്‍
ഗാന്ധാരി വിലാപമായ്
പടര്‍ന്നു കയറിയ
വള്ളി പരപ്പുകളില്‍
ഒളിച്ചൊരു മാന്‍ പേട
കണ്ണുകളായ്
കൌരവ സദസ്സില്‍
വലിച്ചിഴയ്ക്കപ്പെട്ട
ദ്രൌപദിയായ്....
വീണ്ടും ഉണരുന്നതൊരു
പെണ്‍ മനസ്സിന്‍
തിരണ്ട സ്വപ്‌നങ്ങള്‍...
ഞാന്‍ പെണ്ണെന്നു
പറയവേ
നിറഞ്ഞ സദസ്സിന്റെ
പരിഹാസച്ചിരികള്‍
തൃഷ്ണ നിറഞ്ഞ
കണ്ണുകളില്‍
നഗ്നയാക്കപ്പെടുന്ന
ചിന്തകള്‍....
വെറുമൊരു ശിലയായ്
പഴയോരഹല്യയായ്
മാറാന്‍ മനസ്സില്ലെനിക്ക്...
വീണ്ടും ഭൂമി
തന്‍ മാറു പിളര്‍ന്നു
പഴയൊരു ജനക
പുത്രിയായ്
യാത്രയാവില്ല ഞാന്‍...
ഞാന്‍ പെണ്ണ്
ചോരയും നീരും വേരോടും
ഹൃദയമുള്ളവള്‍
കണ്ണു നീരിന്റെ
ഉപ്പിനെ വെറുക്കുന്നവള്‍
ഇനിയെങ്കിലും
പ്രതികരിക്കട്ടെ ഞാന്‍...





2011, നവംബർ 26, ശനിയാഴ്‌ച

വിരഹം ...

പറയാതെ പറയാത്ത
വാക്കുകളില്‍ ഇന്നും
ഹൃദയം പിടയ്ക്കുന്ന
നോവു കേള്‍ക്കാം
തിരയാത്ത നോവിന്റെ
കീറിയ താളില്‍ ഞാന്‍
അറിയാതെ വച്ച
മയില്‍പ്പീലിയായ്...
വിടരാത്ത പുഷ്പ്പത്തിന്‍
നിറമാര്‍ന്ന നിനവില്‍ നീ
അറിയാതെ വീണ്ടും
കൊഴിഞ്ഞു പോകെ
പ്രണയമെന്നാരോ പറഞ്ഞു
നീ എങ്കിലും
പടിവാതില്‍ ചാരാതെ
കാത്തു നിന്നു...
ഇനിയും വരാത്ത നിന്‍
കാലൊച്ച തേടിയാ
വയല്‍ വരമ്പില്‍ മിഴി
നട്ടിരുന്നു...
നമ്മള്‍ തന്‍ നിഴലുകള്‍ ചുറ്റി
പിണഞ്ഞോരാ
തൊടിയിലൂടറിയാതെ
നിന്നെ തിരഞ്ഞു പോകെ
വെറുമൊരു വിസ്മൃതി
മാത്രമായ് നീയെന്നു
ഹൃദയത്തില്‍ വീണ്ടും
പറഞ്ഞീടവേ
അറിയില്ലെനിക്കു ഞാന്‍
ഇത്രമേല്‍ നിന്നെ
പ്രണയിചിരുന്നെന്റെ
കൂട്ടുകാരാ...
അരികില്‍ നിന്‍
ഓര്‍മ്മകള്‍ ഉണ്ടെങ്കിലും
നിന്റെ വിരഹം
വിഷാദം നിറച്ചിടുന്നു...
പിരിയില്ലൊരു നാളുമെങ്കിലും
സുഖമുള്ള നോവായി
നീ ഇതിന്നെങ്ങു പോയി...







2011, നവംബർ 4, വെള്ളിയാഴ്‌ച

വെറുപ്പ്‌...

എനിക്ക് വെറുപ്പാണ് 
എന്നെ സൃക്ഷ്ടിച്ച ദൈവത്തോട് 
എന്നെ പ്രസവിച്ച അമ്മയോട് 
എന്നെ വളര്‍ത്തിയ അച്ഛനോട് 
എന്നെ ലാളിച്ച ചേച്ചിയോട് 
എന്നെ സ്നേഹിച്ച അവനോട്
എല്ലാവരെയും വെറുക്കുമ്പോള്‍ 
ഞാന്‍ എന്നെ മാത്രം  സ്നേഹിക്കുന്നു..


യക്ഷി ...

കരിമ്പനകള്‍ നിഴലനക്കം 
മറന്ന നാട്ടു വഴിയിലൂടെ 
ചുണ്ട് മുറുക്കി ചുവപ്പിച്ചു 
ചുണ്ണാമ്പ് തേടി അവള്‍ വന്നു...
വെളുപ്പ്‌ നിറഞ്ഞ സാരി 
കണ്ടപ്പോള്‍ കാരണവര്‍ 
ചോദിച്ചു ഉജാല മുക്കിയില്ലേ
നിറം മങ്ങും 
കോലോത്ത് വന്നാല്‍ 
ഉജാല ഉണ്ട്...
ചോര തുള്ളികള്‍ ഇറ്റു
വീഴുന്ന ചുണ്ട് കണ്ടപ്പോള്‍ 
കാര്യസ്ഥന്‍ 
ലിപ്സ്ടിക് കുറച്ചു അധികാണ്‌
മുടി ഇങ്ങനെ മുട്ടോളം 
നീട്ടിയിടുന്നത് 
ഔട്ട്‌ ഓഫ് ഫാഷന്‍ 
കഴുത്തു വരെ വച്ച് 
മുറിച്ചോളൂ കുട്ട്യേ..
ഒന്നും മിണ്ടാതെ അവള്‍ നടന്നു 
പ്രതാപം നഷ്ടപ്പെട്ട 
പാവം യക്ഷി ....

2011, നവംബർ 1, ചൊവ്വാഴ്ച

ഭയം ...

ഉടഞ്ഞ കുപ്പി വള ചില്ലുകളില്‍ 
ഉടയാത്ത സ്വപ്‌നങ്ങള്‍ തേടി 
ഞാന്‍ അലഞ്ഞു...
വീണ്ടും ഓര്‍മകളുടെ 
മൊട്ടക്കുന്നിലെക്ക്...
വരുമെന്ന് പറഞ്ഞു പോയി 
വാക്ക് പാലിക്കാത്ത 
ഇന്നലെകള്‍ 
വരാതിരുന്നിട്ടും പരിഭവം 
പറയാതെ കാത്തിരുന്ന 
നാളെകള്‍ 
കരുതി വച്ച കിനാക്കളുടെ 
കുന്നിന്‍ ചെരിവുകളില്‍ 
 വീണ്ടും 
കുറുക്കന്മാര്‍ ഓരിയിടുന്നു...
നിശ്ശബ്ദത തേടി 
തട്ടിന്‍ പുറത്തെ കട്ടിലിനടിയില്‍ 
ഓടിയോളിക്കുംപോള്‍ 
ഇനിയും കാത്തിരിപ്പ് 
തുടരണോ എന്ന ശങ്ക...
കാറ്റാടിയും പമ്പരവും
തേടി നടക്കാന്‍ 
ഇനിയും ഒരു ഇന്നലെ 
ഇല്ലെനിക്ക്...
ജീവിക്കുന്ന ഇന്നിന്റെ 
താളങ്ങള്‍ വെറും 
അപസ്വരങ്ങളായ്
മാറവേ 
ഒരു കറിവേപ്പില പോലെ
വലിച്ചെറിയപ്പെടുന്നു
നാളെയുടെ പിന്നാമ്പുറങ്ങളിലേക്ക്
എങ്കിലും ജീവിച്ചു 
തീര്‍ക്കവെ ഇന്നും ഇന്നലെയും 
നാളെയും ചേര്‍ന്നെന്നെ 
ഭയപ്പെടുത്തുന്നു...
 ഓടിയൊളിക്കുന്നു ഞാന്‍
എന്നിലേക്ക്‌ തന്നെ