2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

ചിന്തകൾ


ചിന്തകൾ  അഗ്നിനാളങ്ങ ളാ ണ്
അകക്കണ്ണിൽ എരിഞ്ഞെരിഞ്ഞു
വാർന്നൊഴുകിയ ഓർമകളെ
നഖക്ഷതങ്ങൾ ബാക്കി വച്ച
രക്ത തുള്ളികളെ
ഈ ചെളി നിറഞ്ഞ
ചതുപ്പു നിലങ്ങളിലേക്ക്
വലിച്ചെറിഞ്ഞു
ആ ഈര്പ്പത്തിലും
കത്തിപ്പടരുന്ന അഗ്നി നാളങ്ങൾ
നിസ്സഹായതയുടെ നിഴലനക്കങ്ങൾ,
രോദനങ്ങൾ ...
ചിലപ്പോൾ തണുത്തുറഞ്ഞ
ഒരു ശീതക്കാറ്റ്..
മറ്റു ചിലപ്പോൾ
കത്തിയെരിയുന്ന  മരുവെയിൽ...
ഹാ !!എന്റെ ചിന്തകളേ
നിങ്ങളെനിക്കിപ്പോഴും
ഉത്തരം തരാത്ത വലിയൊരു
പ്രഹേളികയാണ്...

2014 ജൂലൈ 15, ചൊവ്വാഴ്ച

ചിത്ര ശലഭം


എരിഞ്ഞടങ്ങിയ മൌനങ്ങളിൽ
ഒരു ചിറകൊടിഞ്ഞ
ചിത്ര ശലഭം കേഴുന്നുണ്ട്...
വിഷാദം,തളർന്നുറങ്ങുന്ന
സൂര്യകാന്തിയിൽ
ഇനിയും ഉണരാത്ത
രാവുകളിൽ പണ്ടെങ്ങോ
നുകർന്ന മധു കണം
ബാക്കി നിൽക്കെ,
ഈ നനുത്ത ചിറകുകൾ ഇല്ലാതെ
ഇനി വെറും വെറുക്കപ്പെട്ട
പുഴുവായി
ഈ മണ്‍ പരപ്പിൽ
ജീവന്റെ അവസാന
ശ്വാസവും പോകും വരെ
ഇനിയും  എത്ര നാൾ ...

2014 മേയ് 31, ശനിയാഴ്‌ച

വിഭ്രമ കാഴ്ചകൾ !!!


ഇന്നെന്റെ വരണ്ടുണ ങ്ങിയ 
കണ്ണുകളിലെ ഈര്പ്പത്തിനു 
ചോര മണക്കുന്നുണ്ട് 
പ്രണയത്തിന്റെ ഈറൻ ചോര മണം 
എത്ര  കഴുകിയിട്ടും 
മണം മാറാതെ അതെന്നെ തളര്ത്തുന്നു
ചത്ത ചോരയുടെ മണം 
തേടി കടിയനുറുമ്പുകൾ 
എന്നിലേക്കരിച്ചരിച്ചു 
വന്നു കൊണ്ടിരിക്കുന്നു..
വിഹ്വലതയുടെ വിഭ്രമത്തിന്റെ 
ഈ ചുഴലിക്കാറ്റിൽ നിന്നും 
എനിക്ക് ഇല്ലാതാവണം 
ദൂരെ മേഘങ്ങൾ മിന്നലിൽ 
പിളര്ന്നിറങ്ങുമ്പോൾ 
അവയിലെവിടെ യോ ധൂളികളായ് 
പടര്ന്നിറങ്ങിയ എന്റെ 
സ്വപ്നങ്ങളെ ഞാൻ കാണാറുണ്ട്
തല്ലിയുടച്ച സ്വപ്‌നങ്ങൾ !!
തിരസ്കരിക്കപ്പെടലുകളെ 
ഞാൻ പതിയെ പതിയെ 
സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു 
കൂമൻ കൂവലുകൾ 
ഇരുട്ടിൽ ഇപ്പോഴെന്നെ 
ഭയപ്പെടുത്തുന്നില്ല...
കാലൻ  കോഴികളുടെ 
ചിറകടി യൊച്ചയും 
ഞാൻ ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു 
അഭൗമ തലത്തിൽ 
എവിടെയോ എനിക്കു 
മാത്രമായി കാത്തിരിക്കുന്ന 
മരണമേ നിന്നെ ഞാൻ 
ഒരുപാട് പ്രണയിച്ചു തുടങ്ങിയിരിക്കുന്നു..






2014 ജനുവരി 14, ചൊവ്വാഴ്ച

എനിക്കൊന്നു കരയണം..

എനിക്കൊന്നു കരയണം 
കണ്ണു നീർ വറ്റുവോളം 
ഇട നെഞ്ചു പൊട്ടുവോളം 
ഉറക്കെയുറക്കെ 
അടക്കി പിടിച്ച 
വിങ്ങലുകളെ ഗദ്ഗദങ്ങളെ 
പുറത്തേക്കു വലിച്ചെറിഞ്ഞ് 
എനിക്കൊന്നു കരയണം 
ഈ നിശബ്ദതയെ ഭേദിച്ച്
ഒരു മഴയായി പെയ്തു തോരണം
ഒടുവിൽ ശാന്തമായി
എനിക്കൊന്നുറങ്ങണം
ഉണരാതെ ഉണരാതെ
സ്വപ്നങ്ങളുടെ സ്വര്ണ നൂലുകൾ
തേടി പറക്കണം
പറന്നു പറന്നു ചിറകുകൾ
കുഴഞ്ഞു താഴെ വീഴുന്ന
വരെ പറക്കണം
ഒടുവിൽ ഒഴിഞ്ഞ ചില്ലു പാത്രമായി
അടുക്കള കോണിൽ
ഓര്മകളുടെ ചലനങ്ങൾ
കാതോർത്ത് സ്വസ്ഥമായ്
എനിക്ക് ഞാനാവണം
ഞാൻ മാത്രമാവണം..