2017 ഫെബ്രുവരി 15, ബുധനാഴ്‌ച

പിൻതിരിവുകൾ ...


ഓർക്കുവാനൊന്നുമില്ലാത്തൊരീ ഓർമ്മകൾ ,
മായ്ക്കുവാൻ പോലും,മറന്ന വിഭ്രാന്തികൾ,
ചലനമറ്റീടുന്ന  പൂമര കാറ്റുകൾ ,
പ്രണയം മറന്നൊരാ പൂഴി മൺപാതകൾ ...

നീയാണു നീ മാത്രമായിരുന്നു ,
എൻറെ  പ്രാണൻ പകുത്തതും,
കുഞ്ഞു മഞ്ചാടികൾ ചോപ്പിച്ചെടുത്തതും ,
ഒടുവിലീ സന്ധ്യയോടൊന്നുമില്ലെന്നു,
വെറുതെ പറയുവാൻ കള്ളം പറഞ്ഞതും...
ആ മഷിത്തണ്ടുകൊണ്ടെന്റെ സ്വപ്നങ്ങളിൽ ,
ഹൃദയം പിളർത്തതും മായ്ക്കാൻ ശ്രമിച്ചതും ,
രണ്ടു സമാന്തര രേഖകളായി കൂട്ടി മുട്ടാതെ
നാം കാണാതിരുന്നതും ...

ഓർമ്മകൾ അത്രമേൽ കുത്തി നോവിക്കുന്നു ,
വീണ്ടുമെൻ ജാലകക്കീഴിൽ ചുരന്ന  ചാറ്റൽ മഴ ,
നീയാ മഴത്തുള്ളി ,എന്നിലേക്കെത്താതെ ,
കണ്ണുനീർ ചാലിൽ കുടുങ്ങിക്കിടക്കുന്നു ...
അസ്തമിക്കാൻ പോലുമാകാതെ സൂര്യനീ
പാതി വഴിയിൽ തേങ്ങി നിൽക്കെ
ഇടനാഴിയിൽ രണ്ടു  കാലടിപ്പാടുകൾ
പൊടിവീണകന്നു  പോവുന്നു...

2016 ജനുവരി 4, തിങ്കളാഴ്‌ച

മടക്കയാത്ര

മഞ്ഞും മഴയും 
ഒളിച്ചിരിക്കുന്ന കുന്നിൻ 
ചെരുവിലേക്ക്‌ ഒരു യാത്ര പോകണം....
ഇടയ്ക്കെപ്പോഴോ 
ഉള്ളിൽ ഇരമ്പുന്ന കടലിൽ 
ഒഴുകി അകലണം....
വിതുമ്പലുകൾ 
അടക്കി പിടിച്ച ചിന്തകളിൽ നിന്നും 
വഴുതി മാറണം..
ഒരിക്കൽ കൂടി ..
നിന്നിലേക്ക്‌ ഞാൻ മാത്രമായി 
ഈ തടവറയിൽ നിന്നും 
മടങ്ങണം....

2015 ജൂലൈ 21, ചൊവ്വാഴ്ച

വീട് കരയുന്നുണ്ടോ?


കൂട്ടി വച്ച വളപ്പൊട്ടുകൾ 
ആരെയോ കാത്തിരിക്കുന്ന 
പൂച്ചകുഞ്ഞുങ്ങൾ 
ഇളം നീല നിറമുള്ള എരിഞ്ഞു 
തീരാറായ മണ്ണെണ്ണ മണമുള്ള 
ഓർമ്മകൾ 
തട്ടിയിട്ടും തട്ടിയിട്ടും പോവാതെ 
ഒരു കുന്നു നൊമ്പരത്തിന്റെ 
പൊടി പിടിച്ച  ഓർമ്മകൾ 
വീട് കരയുന്നുണ്ടോ?

2015 ജൂൺ 3, ബുധനാഴ്‌ച

ഉന്മാദിനി

സ്വപ്നങ്ങളിൽ വീണ്ടും 
ആ മരം പൂക്കുന്നു,തളിര്ക്കുന്നു 
 ഒടുവിൽ ഉണങ്ങിയ ഇലകളുമായി 
പേമാരിയിൽ കട പുഴകി വീഴുന്നു 

ശല്ക്കം കൊഴിഞ്ഞ ഒരു 
വയസ്സൻ കരിനാഗം എന്നെ നോക്കി 
പല്ലിളിക്കുന്നു 

ഇനിയും ഓർമകളിൽ 
ഞാൻ ഒച്ചു വേഗത്തിൽ ഇഴയും 
എനിക്ക് മാത്രമായി തുന്നിയ 
പൂക്കളുടെ കുപ്പായമിട്ട് ,
മിന്നാമിന്നികളുടെ കൂട്ടിൽ ഉറങ്ങും 
അവിടെ നീ എനിക്കായി 
പാട്ടുകൾ പാടും 

എന്റെ ഈ ഉന്മാദം 
എനിക്ക് ചിറകുകൾ തരും 
അതിലൊന്ന്  നിനക്കു ഞാൻ കടം തരും 
ഒറ്റ ചിറകുകളുമായി നീയും ഞാനും 
നമുക്ക് മാത്രമായി തീർത്ത 
കടിഞ്ഞാണില്ലാത്ത വെള്ളക്കുതിരകളുള്ള 
ആ കുന്നിൻ ചെരുവുകളിലേക്ക് പറക്കും 
 





2015 ഏപ്രിൽ 23, വ്യാഴാഴ്‌ച

എന്നെക്കുറിച്ചു മാത്രം..

ഇടയ്ക്കെപ്പോഴോ മുനയൊടിഞ്ഞ തൂലിക
വാര്ന്നോഴുകിയ മഷി തുള്ളികളിൽ 
വഴി തെറ്റിപ്പോയത് എന്റെ 
വികല്പമായ ചിന്തകളായിരുന്നു 
ബാക്കി വച്ച നിറം 
മങ്ങിയ പുസ്തകത്താൾ 
എഴുതിയതെല്ലാം എന്നെ കുറിച്ച് 
 എഴുതാൻ മറന്നു പോയതും 
ഇനി ബാക്കി വച്ചതുമെല്ലാം എന്നെക്കുറിച്ചു മാത്രം 
കാരണം എനിക്കു മറ്റൊന്നും അറിയില്ല 
പാതി മാത്രം എന്നെ അറിഞ്ഞ 
എന്റെ തൂലിക 
അംഗഭംഗം വന്ന അക്ഷരങ്ങൾ 
തിരിച്ചൊന്നു നടക്കാൻ 
കൊതിക്കവേ അടഞ്ഞു പോയ  ഊടു വഴികൾ 
ഹരണ ഗുണിതങ്ങളിൽ 
വെട്ടിക്കുറച്ച സ്വപ്‌നങ്ങൾ 
ഇതു മാത്രം ഒടുവിൽ ചേർത്തെടുത്തതാണിപ്പോൾ 
 ഞാൻ എന്ന സമവാക്യം ..

2015 മാർച്ച് 24, ചൊവ്വാഴ്ച

ഓർമപ്പെടുത്തൽ

വിഷാദം  ഒരു കടൽ പോലെയാണ് 
ചിലപ്പോൾ ആര്ത്തലച്ചു കരയും 
ചിലപ്പോൾ നിശബ്ദമായി തേങ്ങും ...
കണ്ണുനീരിന്റെ ജല്പനങ്ങൾ 
ഒരു പ്രളയക്കടൽ ഇരമ്പുന്നുണ്ട്
ഇരുട്ടിൽ നിന്നും ഇരുട്ടിലേക്കൊഴുകി 
അലമുറയിട്ടു വിതുമ്പു ന്നുണ്ട് 
പൊട്ടിയടർന്ന ശംഖിനുള്ളിൽ 
ഒരു കുഞ്ഞു ഹൃദയമിടിക്കുന്നുണ്ട് 
ചില നിമിഷങ്ങൾ കലങ്ങിയടിഞ്ഞ 
തിരയിൽ അലിഞ്ഞലിഞ്ഞ് ഇല്ലാതാവുന്നു 
ഇടയ്ക്കെപ്പോഴോ കരയെ വിഴുങ്ങിയ കടൽ 
അതാണിപ്പോൾ വിഷാദം 
മാത്രം ചേര്ത്തു വച്ച മനസ്സ്...
കാര മുള്ള് പോലെ അതെന്നെ 
കുത്തി നോവിക്കുന്നു...
മഞ്ഞച്ച ചെതുമ്പലുകൾ 
കൊണ്ടെന്റെ അസ്ഥികൾ ദ്രവിച്ചു 
തുടങ്ങിയിരിക്കുന്നു ....
ഹാ സ്വപ്നവും യാഥാര്ത്യവും 
തമ്മിലുള്ള അന്തരം എത്രയോ 
ദീര്ഘമേറിയതാണെന്ന ഓർമപ്പെടുത്തൽ !!

2014 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

ചിന്തകൾ


ചിന്തകൾ  അഗ്നിനാളങ്ങ ളാ ണ്
അകക്കണ്ണിൽ എരിഞ്ഞെരിഞ്ഞു
വാർന്നൊഴുകിയ ഓർമകളെ
നഖക്ഷതങ്ങൾ ബാക്കി വച്ച
രക്ത തുള്ളികളെ
ഈ ചെളി നിറഞ്ഞ
ചതുപ്പു നിലങ്ങളിലേക്ക്
വലിച്ചെറിഞ്ഞു
ആ ഈര്പ്പത്തിലും
കത്തിപ്പടരുന്ന അഗ്നി നാളങ്ങൾ
നിസ്സഹായതയുടെ നിഴലനക്കങ്ങൾ,
രോദനങ്ങൾ ...
ചിലപ്പോൾ തണുത്തുറഞ്ഞ
ഒരു ശീതക്കാറ്റ്..
മറ്റു ചിലപ്പോൾ
കത്തിയെരിയുന്ന  മരുവെയിൽ...
ഹാ !!എന്റെ ചിന്തകളേ
നിങ്ങളെനിക്കിപ്പോഴും
ഉത്തരം തരാത്ത വലിയൊരു
പ്രഹേളികയാണ്...

2014 ജൂലൈ 15, ചൊവ്വാഴ്ച

ചിത്ര ശലഭം


എരിഞ്ഞടങ്ങിയ മൌനങ്ങളിൽ
ഒരു ചിറകൊടിഞ്ഞ
ചിത്ര ശലഭം കേഴുന്നുണ്ട്...
വിഷാദം,തളർന്നുറങ്ങുന്ന
സൂര്യകാന്തിയിൽ
ഇനിയും ഉണരാത്ത
രാവുകളിൽ പണ്ടെങ്ങോ
നുകർന്ന മധു കണം
ബാക്കി നിൽക്കെ,
ഈ നനുത്ത ചിറകുകൾ ഇല്ലാതെ
ഇനി വെറും വെറുക്കപ്പെട്ട
പുഴുവായി
ഈ മണ്‍ പരപ്പിൽ
ജീവന്റെ അവസാന
ശ്വാസവും പോകും വരെ
ഇനിയും  എത്ര നാൾ ...

2014 മേയ് 31, ശനിയാഴ്‌ച

വിഭ്രമ കാഴ്ചകൾ !!!


ഇന്നെന്റെ വരണ്ടുണ ങ്ങിയ 
കണ്ണുകളിലെ ഈര്പ്പത്തിനു 
ചോര മണക്കുന്നുണ്ട് 
പ്രണയത്തിന്റെ ഈറൻ ചോര മണം 
എത്ര  കഴുകിയിട്ടും 
മണം മാറാതെ അതെന്നെ തളര്ത്തുന്നു
ചത്ത ചോരയുടെ മണം 
തേടി കടിയനുറുമ്പുകൾ 
എന്നിലേക്കരിച്ചരിച്ചു 
വന്നു കൊണ്ടിരിക്കുന്നു..
വിഹ്വലതയുടെ വിഭ്രമത്തിന്റെ 
ഈ ചുഴലിക്കാറ്റിൽ നിന്നും 
എനിക്ക് ഇല്ലാതാവണം 
ദൂരെ മേഘങ്ങൾ മിന്നലിൽ 
പിളര്ന്നിറങ്ങുമ്പോൾ 
അവയിലെവിടെ യോ ധൂളികളായ് 
പടര്ന്നിറങ്ങിയ എന്റെ 
സ്വപ്നങ്ങളെ ഞാൻ കാണാറുണ്ട്
തല്ലിയുടച്ച സ്വപ്‌നങ്ങൾ !!
തിരസ്കരിക്കപ്പെടലുകളെ 
ഞാൻ പതിയെ പതിയെ 
സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു 
കൂമൻ കൂവലുകൾ 
ഇരുട്ടിൽ ഇപ്പോഴെന്നെ 
ഭയപ്പെടുത്തുന്നില്ല...
കാലൻ  കോഴികളുടെ 
ചിറകടി യൊച്ചയും 
ഞാൻ ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു 
അഭൗമ തലത്തിൽ 
എവിടെയോ എനിക്കു 
മാത്രമായി കാത്തിരിക്കുന്ന 
മരണമേ നിന്നെ ഞാൻ 
ഒരുപാട് പ്രണയിച്ചു തുടങ്ങിയിരിക്കുന്നു..






2014 ജനുവരി 14, ചൊവ്വാഴ്ച

എനിക്കൊന്നു കരയണം..

എനിക്കൊന്നു കരയണം 
കണ്ണു നീർ വറ്റുവോളം 
ഇട നെഞ്ചു പൊട്ടുവോളം 
ഉറക്കെയുറക്കെ 
അടക്കി പിടിച്ച 
വിങ്ങലുകളെ ഗദ്ഗദങ്ങളെ 
പുറത്തേക്കു വലിച്ചെറിഞ്ഞ് 
എനിക്കൊന്നു കരയണം 
ഈ നിശബ്ദതയെ ഭേദിച്ച്
ഒരു മഴയായി പെയ്തു തോരണം
ഒടുവിൽ ശാന്തമായി
എനിക്കൊന്നുറങ്ങണം
ഉണരാതെ ഉണരാതെ
സ്വപ്നങ്ങളുടെ സ്വര്ണ നൂലുകൾ
തേടി പറക്കണം
പറന്നു പറന്നു ചിറകുകൾ
കുഴഞ്ഞു താഴെ വീഴുന്ന
വരെ പറക്കണം
ഒടുവിൽ ഒഴിഞ്ഞ ചില്ലു പാത്രമായി
അടുക്കള കോണിൽ
ഓര്മകളുടെ ചലനങ്ങൾ
കാതോർത്ത് സ്വസ്ഥമായ്
എനിക്ക് ഞാനാവണം
ഞാൻ മാത്രമാവണം..


2013 ഒക്‌ടോബർ 17, വ്യാഴാഴ്‌ച

ഒസ്യത്ത്...

ചില നേരമ്പോക്കുകളിൽ
കൊഴിച്ചിട്ട ഓർമകളിൽ
നിന്നും ഇന്നലെ ഒരു ചെമ്പകം
അടര്ന്നു വീണു
ദലങ്ങളിൽ വിരലുകളമർത്തി
വിഷാദം കാറ്റ് കടന്നു പോയി ....
മുരിക്കിൻ പൂവിൽ
വിരുന്നു വന്ന മരണം
കാകൻ കണ്ണുകളിൽ ഒളിഞ്ഞു നോക്കി
ഒലിച്ചിറങ്ങുന്ന ശല്ക്കങ്ങളിൽ
മരണം ഒസ്യത്ത് എഴുതി
വീണു കിടന്ന പൊടി മണ്ണിൽ പാതി
നിന്നെ വളര്ത്തി  വിരിയിച്ച
ചെമ്പക മരത്തിന്...
നിന്റെ പാതി മിഴിയടഞ്ഞ
പ്രണയം നിന്നെ
അകലങ്ങളിലേക്ക്
വഴി തെളിച്ച കാറ്റിന്..
നീ കാത്തു സൂക്ഷിച്ച
ഓർമ്മകൾ അയല്പക്കത്ത്
പൂക്കാനിരിക്കുന്ന ഗുൽമോഹറിന്
നിന്റെ സ്വപ്‌നങ്ങൾ പോലും
നിനക്ക് സ്വന്തമല്ലെന്നറിഞ്ഞിട്ടും...
ഇനിയും പാതി കരിഞ്ഞ
ഇതളുകളിൽ നീ ഉറ്റു
നോക്കുന്നതെന്തിന് ചെമ്പകപ്പൂവെ ? 

ബാക്കിയായവ...


ഒരു സ്വപ്നമുണ്ട്
കനലുകളിൽ വെന്തെരിഞ്ഞു
ചിറകടർന്നു  കിടക്കുന്നു
ഒരു മോഹമുണ്ട്
നിസ്സംഗ മായ് മൌനത്തെ തേടുന്നു
ഇടറി വീണ ഓർമകളിൽ
പഴയൊരു പ്രണയമുണ്ട്
പേമാരിയായ് പെയ്തു തോരുന്നു
ഇരുളും വിഷാദവും
ഇണ സര്പ്പമായ്
എന്നെ ചുറ്റി വരിയുന്നു
ഏകാന്തത....!!!!!
കാലം ചിലപ്പോൾ
അങ്ങനെയാണ് ,
വലിയൊരു പ്രളയത്തെ
ഒരു തുള്ളി കണ്ണു നീര് തുള്ളിയി ലൊതുക്കും
മറ്റു ചിലപ്പോൾ
മൌനമായ് ഇട നെഞ്ചു പിളര്ത്തും
മൃതം ഓര്മ്മകളെ
വലിച്ചെറിഞ്ഞ പിന്നാമ്പുറങ്ങളിൽ
ഇനിയും ചില
കൊഴിഞ്ഞ തൂവലുകൾ
മാത്രം ബാക്കി
കൂടെ ഞാനും....

2013 ജൂലൈ 28, ഞായറാഴ്‌ച

ചിലപ്പോൾ ഞാൻ ഇങ്ങനെയാണ്

നിന്റെ പകലുകളുടെ
വറുതിക ളിൽ കൊഴിഞ്ഞു
പോയത് എന്റെ രാത്രികളാണ്
ഞാൻ വിഷാദവും
നീ എന്നെ മൂടുന്ന ശ്വാസ
കമ്പളവുമായി
മാറിയപ്പോൾ
ഉരുകി ഉരുകി നിന്നിൽ ലാവയായി
ഒഴുകി അടര്ന്നതാണ് ഞാൻ
എന്റെ ചൂടി ൽ
നഷ്ടപ്പെട്ട കാല മണ്ഡലങ്ങളെയോർത്ത്
നീ വിതുമ്പുന്നത്
കാണാനാ ണെ നിക്കിഷ്ടം
എന്റെ നഷ്ടപ്പെട്ട  ഓർമകളെ
സ്വപ്നങ്ങളെ എനിക്ക്
മടക്കി നല്കുക
ഞാൻ ഞാനായി
എന്റെ ഇഷ്ടങ്ങളിലേക്കൊതുങ്ങട്ടെ
എനിക്കും നിനക്കുമിടയിലെ
ഈ വൃത്തികെട്ട
ബന്ധനങ്ങളെ പൊട്ടിച്ചെറിഞ്ഞ്
ഇനിയെങ്കിലും എന്നെ
സ്വതന്ത്രയാക്കുക .....


2013 ജൂലൈ 10, ബുധനാഴ്‌ച

ജല്പനങ്ങൾ

ഇറയത്ത്‌ ഉണക്കാനിട്ട
ഓർമ്മകൾ ഇന്നലെ
മഴവെള്ളം തട്ടി നനഞ്ഞു...
ഞാൻ ഞാനല്ലാതെ
നീ മാത്രമായി
മഴയായി ഒഴുകി
നിന്റെ വിഷാദങ്ങ ളിൽ
വീഴ്ന്നുറങ്ങിയതുകൊണ്ടാവാം
ഈ മഴ എനിക്കന്യമല്ലാതിരുന്നത്
പ്രണയമാണ് നീ
ചിലപ്പോൾ പരിഭവവും
എങ്കിലും എനിക്ക് നഷ്ടപ്പെട്ടതെന്തോ
ഞാൻ നിന്നിൽ
തിരഞ്ഞു നടക്കാറുണ്ടോ ?
അത് പ്രണയവും പരിഭവവുമല്ല
ഒരു പക്ഷെ അതെന്നെ തന്നെ
ആയിരിക്കാം
നിന്റെ വേരുടലുകൾ
എന്നിൽ തീര്ത്ത
മഴപ്പാടുകളെ ആയിരിക്കാം...
മഴ എന്റെ  ശ്വാസമായി
നിന്നെ തേടി
ജനാലയ്ക്കരികിൽ
കാത്തു നില്പ്പുണ്ട്
വെറുതെ പുറത്തിറങ്ങി
ഒന്നു നനഞ്ഞു കുതിർന്നു വരൂ
ഇനി വരാൻ കാത്തിരിക്കുന്നത്
ചിലപ്പോൾ  വരണ്ട ശ്വാസത്തിന്റെ
വേനലായിരിക്കാം 

2013 ജൂൺ 18, ചൊവ്വാഴ്ച

കടൽ

കരഞ്ഞു കലങ്ങി  കലങ്ങി
തിരയടി ച്ചു യരുമ്പോൾ
കടലേ നീ ഒരു സുന്ദരിയാണെന്ന്
ചിലപ്പോഴൊക്കെ എനിക്ക്
തോന്നാറുണ്ട്
ഇന്നലെ മഴ വീണ്ടുമെന്റെ
ബാല്കണിയിൽ ചിനുങ്ങിയപ്പോൾ
ഞാനോര്ത്തു ഈ ലോകം
മുഴുവൻ ഒരു കടലും
ഞാനതിലെ കുഞ്ഞു
നത്തൊലിയുമായെങ്കിലെന്ന്
എങ്കിൽ നീന്തി നീന്തി
അക്കരെ തേടി എനിക്കെന്റെ
അമ്മ മടിത്തട്ടിൽ
ഉറങ്ങാമായിരുന്നു
ആരും കാണാതെ
ഈ മോണിട്ടറി നുള്ളിൽ
നുഴഞ്ഞു കയറി
ലോകം മുഴുവൻ
ഈ ഇടി  മിന്നലൊന്നു
കാര്ന്നു തിന്നെങ്കിൽ
ഈ യാന്ത്രികതയിൽ നിന്നും
 എന്നെ പൊട്ടി ച്ചെറിഞ്ഞു
കടലേ  ഞാൻ നിന്നിൽ ലയിച്ചേനെ
 ഒഴുകി ഒഴുകി
 എന്റെ മഴക്കാലങ്ങളെ
ഓടിട്ട ആ പഴയ
ഓർമകളിൽ ചെന്ന് ചേര്ക്കൂ
പുൽക്കൊടി ത്തുമ്പിലെ
നേർത്ത മഞ്ഞു തുള്ളിയെ
വീണ്ടുമെന്റെ
കണ്ണിലുറ്റിക്കാൻ തിരികെ
തരൂ ....
ഓല മേഞ്ഞ വിദ്യാലയ
വീചികളിൽ
നനഞ്ഞൊലിച്ചിരിക്കാൻ
എനിക്കിനിയും ഇടം തരൂ
അതല്ലെങ്കിൽ നിന്റെ
തിരയിളക്കത്തിൽ
ഈ മഴക്കാലത്തെ
നുണഞ്ഞു നുണഞൊ ന്ന്
ഇല്ലാതാവാനെങ്കിലും എന്റെ
കടലേ നീയെന്നെ
കൂട്ടു വിളിക്കൂ

നിശ്ശബ്ദത

നിശ്ശബ്ദതകളെ എനിക്കിഷ് ടമാണ് 
നിനക്കും എനിക്കും ഇടയിലെ  
ശ്വാസ ഗതികളിൽ 
നമ്മൾ അറിയാതെ സൃ ക്ഷ്ടിച്ച 
നിശ്ശബ്ദതകൾ 
ഒരു വേലിയേറ്റം 
പോലെ നിന്റെ 
സമ ചതുരങ്ങളിൽ നിന്നും 
കോണ് നഷ്ടപ്പെട്ട 
ത്രികോണ മായി 
നിന്റെ ഇഷ്ടങ്ങളുടെ 
കിലുങ്ങാത്ത ചങ്ങല കണ്ണികളായി
അങ്ങനെ അങ്ങനെ  
നിശ്ശബ്ദമാവുന്നതാണെനിക്കിഷ്ടം 
കാരണം നീ എന്റെ 
പ്രിയപ്പെട്ട നിശ്ശബ്ദതയാണ്‌

2013 ഫെബ്രുവരി 28, വ്യാഴാഴ്‌ച

എന്റെ കവിത

തട്ടി മാറ്റി കളഞ്ഞീടുകെന്‍
പകല്‍ മിന്നി കൊള്ളിയാല്‍
വീശുന്ന നഷ്ട ദു:ഖങ്ങളെ
വെട്ടിയരിഞ്ഞ വഴിപ്പാടില്‍
മൂകമായ് ഞെട്ടറ്റു
വീഴുന്ന തോട്ടാവാടിയെ.. 
ഉത്തരം ചൊല്ലാന്‍
മടിച്ചൊന്നു നില്‍ക്കവേ
പതറുന്ന വാക്കിലെ
പഴയൊരാ പ്രണയത്തെ
വിരല്‍ ഞൊടിച്ചീടുന്നു
ഓര്‍മ്മകള്‍ വീണ്ടും വിശപ്പിന്റെ
ഉച്ചിയിലെന്ന പോല്‍
വിരളം വിദുരം
ഉറയ്ക്കാത്ത വാക്കിനെ
തൂലിക തുമ്പില്‍
പിടിച്ചൊന്നു കേട്ടവേ
കേ ഴുന്നതെന്നോട്
കെട്ടിടല്ലേ കണ്ണു മൂടിടല്ലേ
കാറ്റു തൊട്ടൊന്നു
പൊട്ടി പറന്നിടട്ടെ
പട്ടമായിടട്ടെ
തൂലിക വീണു
പിടഞ്ഞു പോയി
നിന്റെ രക്ത
ചുവപ്പിന്റെ നീറ്റു നോവില്‍
ആരോ അരിഞ്ഞ
ചിറകുമായ് കവിതേ
നീ വീണ്ടുമെന്‍ മുന്നില്‍
പിടഞ്ഞു വീഴേ
 വയ്യെനിക്കിനിയും
പഴയ പൂമ്പാറ്റയായ്‌
നിന്നെ പറത്തി പറഞ്ഞയക്കാന്‍...
 

2013 ഫെബ്രുവരി 4, തിങ്കളാഴ്‌ച

മാപ്പ്...


കാഴ്ചയ്ക്കപ്പുറം തേടി
കാഴ്ച നഷ്ടപ്പെട്ട
വേരുടലുകള്‍..
മുറിപ്പാടില്‍ നിന്നും
പിച്ചിയെടുത്ത
ആണ്‍ നോട്ടങ്ങള്‍..
വിഷാദം,വിരഹം
ഇതൊക്കെയാണ്
പെണ്ണെ നിന്റെ നിഘണ്ടുവില്‍
ഇനി ബാക്കി
പൊരുതുക  ചിലപ്പോള്‍
നിനക്കും കിട്ടിയേക്കാം
ഒരു കിളിക്കൂടിന്റെ
വാത്സല്യം..
അല്ലെങ്കില്‍
ഗരുഡന്‍ ബാക്കി വച്ച
ഒരു മാംസ
പിണ്ടമായ് ഭൂമിയില്‍
അഴുകുമ്പോള്‍
അല്പമൊരു
നിര്‍വൃതി...
മാപ്പ് മാത്രമേ 
ചോദിയ്ക്കാന്‍ 
എനിക്ക് ബാക്കിയുള്ളൂ.
 (എന്റെ സഹോദരിക്ക് :"സൂര്യനെല്ലിയിലെ പേരറിയാത്ത പെണ്‍കുട്ടിക്ക്")

2013 ജനുവരി 7, തിങ്കളാഴ്‌ച

പിരിക വയ്യ നിന്‍ പ്രണയത്തെ...

നിന്റെ കനവുകള്‍
നിറച്ച പഴയ
പുസ്തക താളില്‍ നിന്നും
ഇന്നലെ എനിക്കൊരു
മയില്‍‌പ്പീലി കിട്ടി
പ്രണയം വറ്റി വാക്കുകള്‍
മുറിഞ്ഞു എന്റെ
ഹൃദയത്തിന്റെ നീരൊലിപ്പില്‌
നിന്നും അടര്‍ന്നുപോയ
പഴയ മയില്‍ പ്പീലി വര്‍ണം
ആകാശം കാണാതെ
കാത്തു കാത്തു വച്ച്
ഒടുവില്‍ കാണാതെ പോയ
പ്രണയം
ചത്ത കണ്ണുകള്‍
കൊണ്ട് അതെന്നെ ഉറ്റു
നോക്കുന്നു.
നിന്റെ പ്രണയത്തെ
പറിച്ചു മാറ്റാന്‍
കാരണങ്ങള്‍ തിരഞ്ഞു
തിരഞ്ഞു തിരക്കില്‍
ബാക്കിയായ വളപൊട്ടുകള്‍
ഇന്നലെ വീണ്ടും
നാളെയായ് വന്നെങ്കില്‍
ഒരിക്കല്‍ കൂടി
നിന്‍ പ്രണയത്തില്‍
ഞാന്‍ നനഞ്ഞു കുതിര്‍ന്നേനെ
പിരിക  വയ്യ നിന്‍ പ്രണയത്തെ
മരണം തൊട്ടു വിളിക്കും വരെയും..
 

2012 ഡിസംബർ 31, തിങ്കളാഴ്‌ച

ഡിസംബര്‍ നീ എനിക്ക് പ്രിയപ്പെട്ടവളാകുമായിരുന്നു...

ഡിസംബര്‍  നീ പോവുകയാണ്..
ചിലപ്പോഴൊക്കെ മഞ്ഞു
മൂടിയ താഴ്വാരങ്ങളില്‍
നിന്റെ നേര്‍ത്ത കമ്പളം
പിഞ്ഞി കീറിയത്
ഞാന്‍ നോക്കി നിന്നിരുന്നു.
ബാക്കിയായ മണിക്കൂറുകളെ
നോക്കി നീ നെടുവീര്‍പ്പിട്ടതും
നിന്നില്‍ അണഞ്ഞ
ജ്യോതിയില്‍ ഒരു കണ്ണു
നീര്‍ തുള്ളിയുടെ വെളിച്ചം
ബാക്കി വച്ചതും...
 
 നീ തന്ന നോവിന്റെ
നിനവ് മായ്ച്ചു കളയാന്‍
നാളെയൊരു ജനുവരി
പിറക്കുമ്പോള്‍
ദില്ലിയുടെ തെരുവോരങ്ങളില്‍
അവള്‍ തേങ്ങുന്നുണ്ടാവാം 
ഒരു പക്ഷെ എന്റെ പ്രിയ 
സഹോദരിയെ  നീ 
തിരിച്ചു തന്നിരുന്നെങ്കില്‍  
ഡിസംബര്‍ നീ എനിക്ക്
പ്രിയപ്പെട്ടവളാകുമായിരുന്നു...
യാത്ര ചൊല്ലട്ടെ ഞാന്‍
പഴയൊരു സുനാമിയുടെ,
പുതിയൊരു ജ്യോതിസ്സിന്റെ 
കണ്ണുനീര്‍ കൂട്ടില്‍ നിന്നും....
ഡിസംബര്‍ ഇനിയെങ്കിലും
ഇങ്ങനെ നീ പിറക്കാതിരിക്കുക
എങ്കില്‍ ഒരു പക്ഷെ
ഡിസംബര്‍ നീ എനിക്ക്
പ്രിയപ്പെട്ടവളാകുമായിരുന്നു...